ദുബായ് ,ഓഗസ്റ്റ് 21 2026 : ദുബായ് പൊലീസിന്റെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിലെ ആഭ്യന്തര ഓഡിറ്റ് സംവിധാനത്തിന് മികച്ച അംഗീകാരം.
ദുബായ് ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി നടത്തിയ ബാഹ്യ ഗുണനിലവാര വിലയിരുത്തലിലാണ് ആഭ്യന്തര ഓഡിറ്റ് വിഭാഗത്തിന് ‘Generally Conforms’ റേറ്റിംഗ് ലഭിച്ചത്.
ആഗോള ആഭ്യന്തര ഓഡിറ്റ് മാനദണ്ഡങ്ങളോടും അന്താരാഷ്ട്ര പ്രൊഫഷണൽ രീതികളോടും ദുബായ് പൊലീസിന്റെ ആഭ്യന്തര ഓഡിറ്റ് സംവിധാനം ഉയർന്ന നിലവാരത്തിൽ പൊരുത്തപ്പെടുന്നതാണ് വിലയിരുത്തലിലൂടെ വ്യക്തമാകുന്നത്.
ആഭ്യന്തര ഓഡിറ്റ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രൊഫഷണൽ രീതികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി ഇത്തരം ബാഹ്യ വിലയിരുത്തലുകൾ നടത്തുന്നത്.
അതോറിറ്റിയുടെ കോർപ്പറേറ്റ് സപ്പോർട്ട് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ അമീർ അലി അൽഗെർഗാവി പറഞ്ഞു, ദുബായ് പൊലീസിന്റെ ആഭ്യന്തര ഓഡിറ്റ് സംവിധാനത്തിന്റെ പക്വതയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതും ഈ നേട്ടം വ്യക്തമാക്കുന്നു.
ഭരണനിർവഹണം, മേൽനോട്ടം, റിസ്ക് മാനേജ്മെന്റ് എന്നിവ ശക്തിപ്പെടുത്തുന്നതിൽ ആഭ്യന്തര ഓഡിറ്റിന്റെ തന്ത്രപ്രധാനമായ പങ്ക് കൂടുതൽ ശക്തമാക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് പൊലീസിന്റെ ചീഫ്–ഇന്റേണൽ ഓഡിറ്റ് ഓഫീസ് കേണൽ ഡോ. എക്സ്പർട്ട് മഷാൽ അൽ സറൂനിയും നേട്ടത്തെ സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഭ്യന്തര ഓഡിറ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പ്രവർത്തന രീതികൾ തുടർച്ചയായി വിലയിരുത്തി മെച്ചപ്പെടുത്തുന്നതിനും ദുബായ് പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റിയുമായുള്ള സഹകരണം ആഭ്യന്തര ഓഡിറ്റ് പ്രവർത്തനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
