ദുബായ് , ഓഗസ്റ്റ് 24 2026 : അറബ് ലോകത്തെ ഏറ്റവും വലിയ മാധ്യമ സംഗമമായ അറബ് മീഡിയ ഉച്ചകോടി 2026 ന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഈ വർഷത്തെ ഉച്ചകോടിയുടെ പങ്കാളികളുടെ പട്ടികയിൽ ഒമ്പത് പ്രമുഖ ദേശീയ സ്ഥാപനങ്ങൾ കൂടി ഇടംപിടിച്ചതായി സംഘാടകരായ ദുബായ് പ്രസ് ക്ലബ് അറിയിച്ചു.
സെപ്റ്റംബർ 15 മുതൽ 17 വരെ ദുബായിലാണ് അറബ് മീഡിയ ഉച്ചകോടി നടക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA), മൊബിലിറ്റി പാർട്ണർ , ദുബായ് ചേംബേഴ്സ് ,
ഗ്ലോബൽ കൊമേഴ്സ് പാർട്ണർ , എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനി (ENOC), എനർജി പാർട്ണർ,
ദുബായ് കസ്റ്റംസ് , ട്രേഡ് ആൻഡ് ഇക്കണോമിക് പാർട്ണർ എന്നീവയാണ് പങ്കാളികളാകുന്നത്.
എമിറേറ്റ്സ് എയർലൈൻ എയർലൈൻ പാർട്ണറായും എമിറേറ്റ്സ് NBD ബാങ്കിംഗ് പാർട്ണറായും ദുബായ് കോടതികൾ
ലീഡിംഗ് പാർട്ണറായും ദുബായ് മുനിസിപ്പാലിറ്റി ഫ്യൂച്ചർ സിറ്റി പാർട്ണറായും du ടെലികമ്യൂണിക്കേഷൻ പാർട്ണറായും പ്രവർത്തിക്കും.
സമൂഹത്തെ രൂപപ്പെടുത്തുന്നതിലും ഭാവിയിലേക്കുള്ള മാറ്റങ്ങൾക്ക് ദിശ നൽകുന്നതിലും മാധ്യമങ്ങൾ വഹിക്കുന്ന നിർണായക പങ്കിനുള്ള അംഗീകാരമാണ് ഈ പങ്കാളിത്തങ്ങളെന്ന് ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായും ദുബായ് പ്രസ് ക്ലബ് പ്രസിഡന്റുമായ മോണ ഗാനം അൽ മർറി പറഞ്ഞു.
മാധ്യമ മേഖലയും വിവിധ സർക്കാർ-ദേശീയ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം അറബ് മീഡിയയുടെ ഭാവി കൂടുതൽ ശക്തമാക്കുമെന്നും അവർ വ്യക്തമാക്കി. മാധ്യമങ്ങൾ വികസന യാത്രയിലെ പ്രധാന പങ്കാളിയാണെന്ന് RTA ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു.
ഈ വർഷത്തെ ഉച്ചകോടി ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പതിപ്പായിരിക്കും. അറബ് മീഡിയ ഫോറം, ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറം, അറബ് യൂത്ത് മീഡിയ ഫോറം, അറബ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് സമ്മിറ്റ്, ഫിലിംസ് ഫോറം, ഗെയിംസ് ഫോറം, ദുബായ് പോഡ്ഫെസ്റ്റ് എന്നിവ ഉൾപ്പെടെ നിരവധി പ്രത്യേക പരിപാടികൾ ഉച്ചകോടിയുടെ ഭാഗമായി നടക്കും.
അറബ് ലോകത്തെ മാധ്യമ പ്രവർത്തകരെയും വിദഗ്ധരെയും തീരുമാനമെടുക്കുന്നവരെയും ഒരേ വേദിയിലെത്തിച്ച് ആശയവിനിമയത്തിനും അറിവ് പങ്കിടലിനും പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നതിനും അവസരമൊരുക്കുകയാണ് അറബ് മീഡിയ ഉച്ചകോടിയുടെ ലക്ഷ്യം.
