ദുബായ് , ഓഗസ്റ്റ് 31 2026 : എമിറാത്തി വനിതാ ജീവനക്കാരെ കൂടുതൽ ശാക്തീകരിക്കുന്നതിനായി ‘എമിറാത്തി ഫ്ലെക്സ് ഫ്രൈഡേ’ പദ്ധതിയുമായി നാഷണൽ ബോണ്ട്സ്. എമിറാത്തി വനിതാ ദിനത്തോടനുബന്ധിച്ചാണ് പുതിയ ഫ്ലെക്സിബിൾ വർക്ക് പദ്ധതി പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് 28 മുതൽ യോഗ്യരായ യുഎഇ വനിതാ ജീവനക്കാർക്ക് എല്ലാ വെള്ളിയാഴ്ചയും വീട്ടിലിരുന്ന് ജോലി ചെയ്യാം. എന്നാൽ ബിസിനസ് ആവശ്യകതകൾ, ജോലി പ്രകടനം, ലഭ്യത, സഹകരണം എന്നിവ പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
ജീവനക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യവും സൗകര്യവും നൽകുന്നതിനൊപ്പം ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിശ്ചയിച്ച ജോലികളും ലക്ഷ്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുകയും ആവശ്യമായ മീറ്റിങ്ങുകളിലും സഹപ്രവർത്തകരുമായുള്ള ആശയവിനിമയത്തിലും സജീവമായി പങ്കെടുക്കുകയും വേണം.
നാഷണൽ ബോണ്ട്സിന്റെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഖാസിം അൽ അലി നേതൃത്വം നൽകിയാണ് പദ്ധതി പ്രഖ്യാപിച്ചത്. എമിറാത്തി വനിതാ പ്രതിഭകൾ സ്ഥാപനത്തിന്റെ ഭാവിക്ക് നിർണായകമാണെന്നും അവരെ വിശ്വസിക്കുകയും വളരാനും നേതൃത്വത്തിലേക്ക് എത്താനും അവസരം നൽകുകയും ചെയ്യുന്ന തൊഴിൽ അന്തരീക്ഷമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എമിറാത്തി വനിതകളെ അംഗീകരിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, അവർക്ക് മുന്നേറാനും കഴിവുകൾ പ്രകടിപ്പിക്കാനും അവസരം നൽകുന്ന തൊഴിൽ സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്ന് നാഷണൽ ബോണ്ട്സ് വ്യക്തമാക്കി.
