ഷാർജ , ഓഗസ്റ്റ് 31 2026 : പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ കുടുംബങ്ങളും സ്കൂളുകളും ഏകോപിച്ച് പ്രവർത്തിക്കണമെന്ന് ഷാർജ ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ.
2026–27 അധ്യയന വർഷത്തിൽ കുട്ടികളുടെ സുരക്ഷയ്ക്കായി ആറ് പ്രധാന മേഖലകളിലാണ് ഷാർജ ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ശ്രദ്ധ നൽകുന്നത്. സ്കൂളിലേക്കും തിരിച്ചുമുള്ള സുരക്ഷിത യാത്ര, ആരോഗ്യകരമായ ദിനചര്യ, കുടുംബത്തിന്റെ മേൽനോട്ടത്തിലുള്ള സുരക്ഷിത ഡിജിറ്റൽ ഉപയോഗം, മാന്യമായ പെരുമാറ്റം, കുടുംബത്തിലെ തുറന്ന ആശയവിനിമയം, മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള നിരന്തര ബന്ധം എന്നിവയാണവ.
പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ കുട്ടികൾക്ക് പഠനപരമായ തയ്യാറെടുപ്പിനൊപ്പം മാനസികവും സാമൂഹികവുമായ പിന്തുണയും നൽകണം. ഉറക്കം, പോഷകാഹാരം, വ്യായാമം, ആവശ്യത്തിന് വെള്ളം കുടിക്കൽ തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങൾ കുട്ടികളുടെ ശ്രദ്ധയും പഠനശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ഓർഗനൈസേഷൻ വ്യക്തമാക്കി.
കുട്ടികളുടെ ഡിജിറ്റൽ ഉപയോഗത്തിലും മാതാപിതാക്കളുടെ ശ്രദ്ധ ആവശ്യമാണ്. പ്രായത്തിനും പക്വതയ്ക്കും അനുസരിച്ചുള്ള മേൽനോട്ടവും സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള കുടുംബ ധാരണകളും ഉറപ്പാക്കണമെന്നു ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഹനാദി സാലെഹ് അൽ യാഫി പറഞ്ഞു. സൈബർ ബുള്ളിയിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാൻ കുട്ടികളുമായി തുറന്ന സംഭാഷണം നടത്തണമെന്നും അധികൃതർ നിർദേശിച്ചു.
സ്കൂളുകളിൽ എല്ലാ കുട്ടികളോടും ബഹുമാനത്തോടെയും തുല്യതയോടെയും പെരുമാറുന്ന അന്തരീക്ഷം ഉറപ്പാക്കണമെന്നും ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
ഷാർജയിൽ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 800700 എന്ന ചൈൽഡ് ഹെൽപ്ലൈൻ നമ്പറിൽ അറിയിക്കാം.

Thanks for making a complex topic simple.