ദുബായ് ,ഓഗസ്റ്റ് 31 2026 : 2026ലെ ആദ്യ പകുതിയിൽ ദുബായ് കസ്റ്റംസിന്റെ എയർ കാർഗോ സെന്ററുകളിലെ കസ്റ്റംസ് ഇടപാടുകളിൽ 53 ശതമാനം വളർച്ച. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഏകദേശം 1.82 മില്യൺ കസ്റ്റംസ് ഇടപാടുകളാണ് പ്രോസസ് ചെയ്തത്.
2025ലെ ഇതേ കാലയളവിൽ ഇത് 1.19 മില്യൺ ആയിരുന്നു .
കൈകാര്യം ചെയ്ത ചരക്കുകളുടെ ആകെ ഭാരത്തിലും വലിയ വർധന രേഖപ്പെടുത്തി.
2026ലെ ആദ്യ ആറ് മാസങ്ങളിൽ ഏകദേശം 13 ലക്ഷം ടൺ ചരക്കുകളാണ് എയർ കാർഗോ സെന്ററുകൾ വഴി കൈകാര്യം ചെയ്തത്. കഴിഞ്ഞ വർഷം ഇത് 8.86 ലക്ഷം ടണ്ണായിരുന്നു.
ഇ-കൊമേഴ്സ് മേഖലയിലെ വളർച്ചയും കണക്കുകളിൽ പ്രതിഫലിച്ചു. എയർ കാർഗോ വിഭാഗത്തിലെ ഫ്രീ സോൺ ഡിപ്പാർട്ട്മെന്റ് ആദ്യ പകുതിയിൽ 1.77 മില്യൺ കസ്റ്റംസ് ഇടപാടുകൾ പൂർത്തിയാക്കി.
കഴിഞ്ഞ വർഷം ഇത് 1.09 മില്യൺ ആയിരുന്നു . ഇടപാടുകളിൽ 62 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഇതേ കാലയളവിൽ 62 ലക്ഷത്തിലധികം തപാൽ പാഴ്സലുകളും ഫ്രീ സോൺ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്തു.
അതിർത്തി കടന്നുള്ള ഇ-കൊമേഴ്സ് ഇടപാടുകൾ സുഗമമാക്കുന്നതിനായി ദുബായ് കസ്റ്റംസ് നടപ്പാക്കുന്ന ക്രോസ്-ബോർഡർ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ട്.
ഇ-കൊമേഴ്സ് മേഖലയിലെ യോഗ്യമായ ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കുന്നതിനുള്ള പരിധി ഓഗസ്റ്റ് 3 മുതൽ 1,000 ദിർഹമായി ഉയർത്തിയതും വ്യാപാര മേഖലയ്ക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്ന് ദുബായ് കസ്റ്റംസ് അറിയിച്ചു.
അതേസമയം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വില്ലേജും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കാർഗോ സെന്ററും വഴി കൈകാര്യം ചെയ്ത ഇറക്കുമതി ചരക്കുകളുടെ അളവ് മേയിൽ 2.11 മില്യൺ കിലോഗ്രാമായി ഉയർന്നു.
ജനുവരിയിൽ ഇത് 1.24 മില്യൺ കിലോഗ്രാമായിരുന്നു.
