അജ്മാൻ, സെപ്റ്റംബർ 1, 2026 : ഇന്ത്യൻ ടൂറിസം വിപണിയിൽ കൂടുതൽ സാന്നിധ്യം ഉറപ്പാക്കാൻ പുതിയ ഇൻസെന്റീവ് പദ്ധതിയുമായി അജ്മാൻ. അജ്മാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ടൂറിസം, കൾച്ചർ ആൻഡ് മീഡിയയാണ് ട്രാവൽ ഏജൻസികൾക്കായി അജ്മാൻ പാർട്ണർ ടൂറിസം ഗ്രോത്ത് ഇൻസെന്റീവ് പ്രോഗ്രാം പ്രഖ്യാപിച്ചത്.
സെപ്റ്റംബർ 15 മുതൽ ഡിസംബർ 1 വരെയാണ് പദ്ധതി. അജ്മാനിലേക്കുള്ള സ്ഥിരീകരിച്ച യാത്രക്കാരുടെ ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ ട്രാവൽ ഏജന്റുമാർക്ക് ഇൻസെന്റീവ് ലഭിക്കും.
ഇന്ത്യൻ സഞ്ചാരികളുടെ യുഎഇ യാത്രാ പാക്കേജുകളിൽ അജ്മാനെ കൂടുതൽ ഉൾപ്പെടുത്തുകയും സന്ദർശകരുടെ എണ്ണം വർധിപ്പിക്കുകയുമാണ് ലക്ഷ്യം.
മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നടത്തിയ പ്രമോഷണൽ റോഡ്ഷോയ്ക്കിടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ട്രാവൽ ഏജന്റുമാരുമായും ടൂർ ഓപ്പറേറ്റർമാരുമായും B2B കൂടിക്കാഴ്ചകളും നടന്നു.
ഇന്ത്യ അജ്മാന്റെ പ്രധാന അന്താരാഷ്ട്ര ടൂറിസം വിപണികളിലൊന്നാണെന്ന് അജ്മാൻ ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ മഹ്മൂദ് ഖലീൽ അൽ ഹാഷ്മി പറഞ്ഞു. ഇന്ത്യൻ സഞ്ചാരികൾക്കായി കൂടുതൽ ആകർഷകമായ ടൂറിസം ഉൽപ്പന്നങ്ങൾ വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അജ്മാൻ വിഷൻ 2030ന്റെ ഭാഗമായി അന്താരാഷ്ട്ര വിപണികളിൽ ടൂറിസം സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
