അബുദാബി, സെപ്റ്റംബർ 1, 2026 : 35-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിൽ ആദ്യമായി പങ്കെടുക്കാനൊരുങ്ങി ഏഴ് രാജ്യങ്ങൾ. സെപ്റ്റംബർ 13 മുതൽ 18 വരെ അബുദാബി അറബിക് ലാംഗ്വേജ് സെന്ററിന്റെ നേതൃത്വത്തിലാണ് പുസ്തകമേള നടക്കുന്നത്.
കൊസോവോ, കൊളംബിയ, അർജന്റീന, ഇക്വഡോർ, പെറു, വെനസ്വേല, ക്യൂബ എന്നീ രാജ്യങ്ങളാണ് ഇത്തവണ ആദ്യമായി മേളയുടെ ഭാഗമാകുന്നത്. പുതിയ രാജ്യങ്ങളുടെ പങ്കാളിത്തം അന്താരാഷ്ട്ര തലത്തിൽ ആശയവിനിമയത്തിനും വിജ്ഞാന കൈമാറ്റത്തിനും പുതിയ അവസരങ്ങൾ തുറക്കുമെന്ന് സംഘാടകർ അറിയിച്ചു.
‘ലെറ്റ്സ് ടേൺ ദ പേജ് ആൻഡ് റീഡ് ദ വേൾഡ്’’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പുസ്തകമേള. 95 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരും പ്രദർശകരും മേളയിൽ പങ്കെടുക്കും.
അബുദാബിയെ ആഗോള സാംസ്കാരിക-വിജ്ഞാന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുസ്തകമേളയുടെ വിപുലീകരണം.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരെയും പ്രസാധകരെയും വായനക്കാരെയും ഒരുമിപ്പിച്ച് അറിവും ആശയങ്ങളും പങ്കുവയ്ക്കാനുള്ള വേദിയാകും പുസ്തകമേള.
