ഷാർജ,സെപ്റ്റംബർ 4,2026: സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ജീവിതച്ചെലവ് നിലവാരം 20,000 ദിർഹമാക്കി ഉയർത്തി ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. സെപ്റ്റംബർ മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ഇതിനായി പ്രതിവർഷം 1.187 ബില്യൺ ദിർഹമിലേറെ ചെലവഴിക്കും.
ഷാർജ സർക്കാർ ജീവനക്കാരായ 17,776 പേർക്കാണ് ശമ്പള വർധനയുടെ പ്രയോജനം ലഭിക്കുക. ഇതിനായി പ്രതിവർഷം 720 മില്യൺ ദിർഹമിലേറെ വകയിരുത്തും. ഉയർന്ന ശമ്പളം ലഭിക്കുന്ന ജീവനക്കാർക്കും വർധന ഉണ്ടാകുമെന്ന് ഷെയ്ഖ് സുൽത്താൻ വ്യക്തമാക്കി.
സാമൂഹിക സഹായം ലഭിക്കുന്ന കുടുംബങ്ങളുടെ കുറഞ്ഞ ജീവിതച്ചെലവ് നിലവാരവും ഉയർത്തി. 6,652 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി പ്രതിവർഷം 195.13 മില്യൺ ദിർഹം ചെലവഴിക്കും.
ഷാർജ സർക്കാർ ജീവനക്കാരായി വിരമിച്ചവരുടെ കുറഞ്ഞ ജീവിതച്ചെലവ് നിലവാരവും ഉയർത്തിയിട്ടുണ്ട്. 2,251 വിരമിച്ചവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി 113.05 മില്യൺ ദിർഹമാണ് പ്രതിവർഷം ചെലവിടുക.
ഷാർജ സർക്കാരിന് കീഴിലല്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച പൗരന്മാർക്കുള്ള ‘സപ്ലിമെന്ററി ഗ്രാന്റ്സ്’ പദ്ധതിയിലും വർധന വരുത്തി. 5,300 പൗരന്മാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വാർഷിക ചെലവ് 159 മില്യൺ ദിർഹമാണ്.
ഉയർന്ന ശമ്പള വിഭാഗങ്ങളുടെയും വേതനം വർധിപ്പിക്കുന്നതിനുള്ള പഠനം നടക്കുകയാണെന്നും അടുത്ത ആഴ്ച ഇക്കാര്യം പരിഗണിക്കുമെന്നും ഷെയ്ഖ് സുൽത്താൻ പറഞ്ഞു. എല്ലാ ശമ്പള വിഭാഗങ്ങൾക്കുമുള്ള ബജറ്റ് വിഹിതം വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘അൽ ഖത്ത് അൽ മുബാഷിർ’ (ഡയറക്ട് ലൈൻ) പരിപാടിയിലെ ഫോൺ ഇൻ പരിപാടിയിലാണ് ഷാർജ ഭരണാധികാരി പ്രഖ്യാപനങ്ങൾ നടത്തിയത്.
ശമ്പള വർധനയ്ക്ക് പിന്നാലെ അനാവശ്യ വായ്പകൾ ഒഴിവാക്കി സമ്പാദ്യത്തിനും മിതവ്യയത്തിനും പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പൗരന്മാരോട് ആവശ്യപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളർച്ചയ്ക്കും കായിക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഷാർജ സർക്കാർ തുടർന്നും വലിയ പ്രാധാന്യം നൽകുമെന്നും ഷെയ്ഖ് സുൽത്താൻ പറഞ്ഞു.

Had a great experience with the bonuses here. The registration process was a breeze and I started winning almost immediately. Check out win96jiliph if you want a fair game.