ഷാർജ,സെപ്റ്റംബർ 4,2026 : പ്രവാസികളുടെ വിവിധ ആവശ്യങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. വൈ. എ. റഹീം മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തുകയും, പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനവും നൽകി.
കേരള സർക്കാരിന്റെ സമുദ്ര മിഷന്റെ ഭാഗമായി ആരംഭിക്കാൻ തീരുമാനിച്ച പാസഞ്ചർ ഷിപ്പ് സർവീസ്, ഷാർജയിൽ ഉന്നത വിദ്യാഭ്യാസത്തിനായി കോളേജ് ആരംഭിക്കുന്നതിനുള്ള സാധ്യത, പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികൾ തുടങ്ങിയ പ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിരുന്ന ‘എയർ കേരള’ പദ്ധതിയുടെ തുടർനടപടികളും ചർച്ചയിൽ ഉന്നയിച്ചു. നിലവിലുള്ള ക്ഷേമപെൻഷൻ വർധിപ്പിക്കൽ, പെൻഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തൽ, ഇതുമായി ബന്ധപ്പെട്ട കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതി എന്നിവയും പ്രവാസികളുടെ മറ്റ് ആവശ്യങ്ങളോടൊപ്പം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രവാസികളുടെ പ്രശ്നങ്ങൾ അനുഭവപൂർവം പരിഗണിച്ച് സാധ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി അഡ്വ. വൈ.എ.റഹീം പറഞ്ഞു. വിഷയങ്ങളിൽ തുടർചർച്ചകൾക്കായി മുഖ്യമന്ത്രിയെ വീണ്ടും സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാർജയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനായി കോളേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണുമായും അഡ്വ. വൈ. എ. റഹീം ചർച്ച നടത്തി.
പ്രവാസികളുടെ വിഷയങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായും അഡ്വ. വൈ. എ. റഹീം പറഞ്ഞു.
