ഷാർജ,സെപ്റ്റംബർ 28,2026 : ഷാർജയിലെ പ്രകൃതിവാതക ശൃംഖല കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ നാല് പദ്ധതികളുമായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ). 18.8 മില്യൺ ദിർഹത്തിലേറെ ചെലവിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. താമസ, വാണിജ്യ, വ്യാവസായിക മേഖലകളിലെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് ശൃംഖല വിപുലീകരിക്കുന്നത്. അൽ ബതായിഹിൽനിന്ന് അൽ ദൈദിലേക്കുള്ള പ്രധാന പ്രകൃതിവാതക പൈപ്പ് ലൈൻ നീട്ടുന്നതാണ് പ്രധാന പദ്ധതികളിലൊന്ന്. തല അൽ സഅഫറാൻ മേഖലയെ ചുറ്റിയുള്ള വാതക ശൃംഖല പൂർത്തിയാക്കുന്നതിനുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 7.73 മില്യൺ ദിർഹം ചെലവഴിക്കുന്ന പദ്ധതിയുടെ 27 കിലോമീറ്റർ ശൃംഖലയിൽ 70 ശതമാനം ജോലികളും പൂർത്തിയായി. 2026 നവംബറോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. അൽ ദൈദ് നഗരത്തിലെ ജബൽ ഒമർ, തല അൽ സഅഫറാൻ മേഖലകളിലും പ്രകൃതിവാതക ശൃംഖല വികസിപ്പിക്കുന്നുണ്ട്. 5.25 മില്യൺ ദിർഹം ചെലവിൽ 63,574 മീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി. തല അൽ സഅഫറാനിലെ 286 കെട്ടിടങ്ങൾക്കും ജബൽ ഒമറിലെ 164 കെട്ടിടങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
അൽ ദൈദിലെ അൽ ഹിസൻ 1 മേഖലയിലും പുതിയ ഗ്യാസ് ശൃംഖല സ്ഥാപിക്കും. 31.58 ലക്ഷം ദിർഹം ചെലവിൽ 30.3 കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി. വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള അനുമതികൾ നേടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2027 ജൂൺ അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ദൈദിലെ അൽ സ്വെയ്ഹ് മേഖലയിലും പുതിയ പ്രകൃതിവാതക ശൃംഖല സ്ഥാപിക്കും. 27 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് 27 ലക്ഷം ദിർഹമാണ് ചെലവ്. 2027 ജൂലൈയോടെ പദ്ധതി പൂർത്തിയാക്കും. മധ്യമേഖലയിലെ പ്രകൃതിവാതക ശൃംഖലയുടെ വികസനം ശുദ്ധവും ചെലവുകുറഞ്ഞതുമായ ഊർജം കൂടുതൽ താമസക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണെന്ന് സേവയിലെ പ്രകൃതിവാതക വിഭാഗം ഡയറക്ടർ എൻജിനീയർ ഇബ്രാഹിം അൽ ബൽഗൂനി പറഞ്ഞു.
