ദുബായ്, ഒക്ടോബർ 8, 2026 : സ്ഥലങ്ങളും തെരുവുകളും എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ ബോർഡ് സംവിധാനവുമായി ദുബായ്. പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസരിച്ച് അഞ്ച് നിറങ്ങളിലുള്ള ബോർഡുകളും വീടുകളുടെ നമ്പർ പ്ലേറ്റുകളും സ്ഥാപിക്കും. ആർടിഎയും ദുബായ് മുനിസിപ്പാലിറ്റിയും ചേർന്ന് സുപ്രീം കമ്മിറ്റി ഫോർ അർബൻ പ്ലാനിങ്ങിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
2026 അവസാന പാദത്തിൽ ആരംഭിച്ച് 2030 വരെ ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതി, ദുബായിലെ 19 സെക്ടറുകളിലായി 186 മേഖലകളെ ഉൾക്കൊള്ളും. ആദ്യഘട്ടത്തിൽ സഅബീൽ 1, സഅബീൽ 2, നാദ് അൽ ഷെബ, അൽ ഖവാനീജ് 1, നസ്വ എന്നീ അഞ്ച് മേഖലകളിലായി 2,000ത്തിലധികം ബോർഡുകൾ സ്ഥാപിക്കുകയും മാറ്റിസ്ഥാപിക്കുകയും ചെയ്യും.
ഓരോ പ്രദേശത്തിന്റെയും സ്വഭാവം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് നിറങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. കടലിനോട് ചേർന്ന പ്രദേശങ്ങൾക്ക് നീലയും മരുഭൂമിയുടെ സ്വഭാവമുള്ള പ്രദേശങ്ങൾക്ക് സ്വർണനിറവുമാണ് നൽകുക. പ്രദേശങ്ങൾ തിരിച്ചറിയാനുള്ള ബോർഡുകൾ, ഉൾറോഡുകളിലെ തെരുവുനാമ ബോർഡുകൾ, വീടുകളുടെ നമ്പർ പ്ലേറ്റുകൾ എന്നിവയ്ക്ക് ഏകീകൃത രൂപകൽപ്പനയുണ്ടാകും.
വീടുകളുടെ പുതിയ നമ്പർ പ്ലേറ്റുകളിൽ ഓരോ കെട്ടിടത്തിന്റെയും മക്കാനി നമ്പറും അനുബന്ധ ക്യുആർ കോഡും ഉൾപ്പെടുത്തും. പ്രദേശത്തെ മറ്റ് ബോർഡുകളുടെ നിറവുമായി യോജിക്കുന്ന രീതിയിലായിരിക്കും ഇവയുടെ രൂപകൽപ്പന.
പദ്ധതിയുടെ തുടർഘട്ടങ്ങളിൽ ബസ് സ്റ്റോപ്പുകൾ, സ്മാർട്ട് ആപ്പുകൾ, പ്രദേശങ്ങളുടെ ഭൂപട ബോർഡുകൾ എന്നിവയിലേക്കും പുതിയ രൂപകൽപ്പന വ്യാപിപ്പിക്കും. സ്ഥലങ്ങളുടെയും തെരുവുകളുടെയും പേരുകൾക്ക് പിന്നിലെ അർഥം, പ്രധാന ആകർഷണങ്ങൾ, മറ്റ് പ്രാദേശിക വിവരങ്ങൾ എന്നിവ അറിയാൻ ക്യുആർ കോഡുകളും അവതരിപ്പിക്കും.
നഗരവികസനം, ജനസാന്ദ്രത, പ്രധാന താമസ–വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാന്നിധ്യം, ഔദ്യോഗിക വിലാസം നൽകിയിട്ടില്ലാത്ത തെരുവുകളുടെ അനുപാതം തുടങ്ങിയവ പരിഗണിച്ചാണ് പദ്ധതി നടപ്പാക്കേണ്ട മേഖലകളുടെ മുൻഗണന നിശ്ചയിക്കുക. യാത്രക്കാർക്കും താമസക്കാർക്കും സ്ഥലങ്ങൾ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനൊപ്പം നഗരത്തിലെ തെരുവുകളുടെയും പൊതുഇടങ്ങളുടെയും ദൃശ്യഭംഗി മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.
