ദുബായ്, ഓക്ടോബർ 9, 2026 : ദുബായ്–അബുദാബി ഇത്തിഹാദ് റെയിൽ യാത്രയിൽ ടിക്കറ്റ് നിരക്ക് സ്ഥിരമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ തിരക്ക്, സീറ്റുകളുടെ ലഭ്യത, യാത്ര ചെയ്യുന്ന ദിവസം, സമയം, ബുക്കിങ് സമയം എന്നിവ അനുസരിച്ചാണ് നിരക്ക് മാറുന്നത്.
കംഫർട്ട് ക്ലാസ് ടിക്കറ്റുകൾ 39 ദിർഹം മുതലും പ്രീമിയം ക്ലാസ് ടിക്കറ്റുകൾ 109 ദിർഹം മുതലുമാണ് ലഭിക്കുന്നത്. എന്നാൽ തിരക്കേറിയ ചില വാരാന്ത്യ സർവീസുകളിൽ നിരക്ക് യഥാക്രമം 59 ദിർഹവും 129 ദിർഹവുമായി ഉയർന്നിട്ടുണ്ട്.
കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ പരിമിതമായതിനാൽ ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് നിരക്കും ഉയരാം. അതുകൊണ്ട് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ടിക്കറ്റുകൾ നേരത്തേ ബുക്ക് ചെയ്യണമെന്ന് ഇത്തിഹാദ് റെയിൽ നിർദേശിക്കുന്നു.
ഓൺലൈനായി 39 ദിർഹത്തിന് ലഭിക്കുന്ന ചില ടിക്കറ്റുകൾ സ്റ്റേഷനിലെ ടിക്കറ്റ് മെഷീനിൽ നിന്ന് വാങ്ങുമ്പോൾ 60 ദിർഹം നൽകേണ്ടിവരുമെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇത്തിഹാദ് റെയിലിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും യാത്രക്കാർക്ക് വിവിധ സമയങ്ങളിലെ നിരക്കുകൾ താരതമ്യം ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം.
