അബുദാബി,ഒക്ടോബർ 17,2026 : പബ്ലിക് ആർട്ട് അബുദാബി ബിനാലെയുടെ രണ്ടാം പതിപ്പിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെയും വേദികളുടെയും പട്ടിക അബുദാബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് (DCT Abu Dhabi) പുറത്തിറക്കി. 2026–2027 കാലയളവിൽ നടക്കുന്ന ബിനാലെയിൽ 21 കലാകാരന്മാരുടെ കലാസൃഷ്ടികളാണ് പ്രദർശിപ്പിക്കുക. സെയ്റ്റ്സ് മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട് ആഫ്രിക്കയുടെ (Zeitz MOCAA) ആർട്ടിസ്റ്റിക് ഡയറക്ടർ കൂടിയായ എൽവിറ ഡ്യാംഗാനി ഓസെയുടെ നേതൃത്വത്തിലാണ് ബിനാലെ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 23-ന് അൽ ഐനിലും നവംബർ 15-ന് അബുദാബിയിലും പ്രദർശനം ആരംഭിക്കും.
‘വീട്: ഒരുമിച്ചുള്ള സ്ഥലബോധത്തിന്റെ പദാവലി’ (Home: A Glossary for a Communal Sense of Place) എന്നതാണ് ഇത്തവണത്തെ പ്രമേയം. വീട് എന്നത് ഒരു സ്ഥിരമായ ഇടം മാത്രമല്ലെന്നും കാലത്തിനനുസരിച്ച് മാറുകയും പങ്കുവെക്കപ്പെടുകയും ചെയ്യുന്ന മനുഷ്യാനുഭവമാണെന്നും പ്രമേയം വ്യക്തമാക്കുന്നു. പൊതുഇടങ്ങളുമായി ചേർന്നുള്ള കലാസ്ഥാപനങ്ങൾ, ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള സൃഷ്ടികൾ, സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന കലാപരിപാടികൾ എന്നിവയാണ് ബിനാലെയുടെ പ്രധാന ആകർഷണങ്ങൾ. കലാകാരന്മാർക്കും പ്രാദേശിക സമൂഹങ്ങൾക്കും അവർ ജീവിക്കുന്ന ഇടങ്ങൾക്കുമിടയിൽ അർത്ഥവത്തായ ബന്ധങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
നഗരജീവിതം, കൂട്ടായ ഓർമകൾ, ഭൗതിക സംസ്കാരം, പൗരപങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ 21 കലാകാരന്മാരുടെ സൃഷ്ടികളിലൂടെ അവതരിപ്പിക്കും. വമ്പിച്ച ഇൻസ്റ്റലേഷനുകൾ, പ്രേക്ഷകർക്ക് ഇടപെടാൻ കഴിയുന്ന കലാസൃഷ്ടികൾ, വിവിധ ഇന്ദ്രിയാനുഭവങ്ങൾ പകരുന്ന അവതരണങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ടാകും.
എമിറാത്തി കലാകാരന്മാർക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും ബിനാലെയിൽ പങ്കെടുക്കുന്നുണ്ട്. അക്രം സാതാരി, അസുൻസിയോൺ മൊളിനോസ് ഗോർഡോ, സെലെസ്റ്റ് ബൂർസിയേ-മൂഗെനോ, ഇബ്രാഹിം മഹാമ, ഇവാൻ അർഗോട്ടെ, കപ്വാനി കിവാംഗ, ഖാലിദ് അൽ ബന്ന, ലോറെ പ്രൂവോ, നാരി വാർഡ്, റീന സൈനി കല്ലത്ത്, റൗദ അൽ മസ്റൂയി, ഷമ അൽ ഹാമിദ്, യിങ്ക ഷോണിബാരെ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.
അബുദാബിയിലെയും അൽ ഐനിലെയും വിവിധ പൊതുസ്ഥലങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമായാണ് ബിനാലെ അരങ്ങേറുക. മിനാ സായിദ് (MiZa), സൂഖ് അൽ മിന, സായിദ് നാഷണൽ മ്യൂസിയത്തിനും ലൂവ്ര് അബുദാബിക്കും ഇടയിലുള്ള സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിലെ പാർക്ക്, ഹിദ് അൽ സാദിയാത്ത് എന്നിവയ്ക്കൊപ്പം അൽ ഐനിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും കലാസൃഷ്ടികൾ പ്രദർശിപ്പിക്കും.
സമകാലിക കലയെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയും എമിറേറ്റിന്റെ നഗര-സാംസ്കാരിക ഇടങ്ങളിൽ കലാനുഭവങ്ങൾ കൂടുതൽ സജീവമാക്കുകയും ചെയ്യുന്നതാണ് ബിനാലെയുടെ ലക്ഷ്യം.
