ദുബൈ: യുഎഇ ദേശീയദിനാഘോഷത്തെ വരവേൽക്കാൻ ഫെരാരിയിൽ അലങ്കാരമൊരുക്കി ഷഫീഖ് അബ്ദുൽ റഹിമാൻ വീണ്ടും താരമായി. തുടർച്ചയായ പതിമൂന്നാമത് വർഷമാണ് ഷഫീഖ് പോറ്റമ്മ നാടായ യുഎഇക്ക് അഭിവാദ്യമർപ്പിച്ച് വ്യത്യസ്തമായ പരിപാടികളുമായി സജീവമാകുന്നത്. ആഡംബര വാഹനമായ ഫെറാരി പുരോസാംഗിന്റെ ഏറ്റവും പുതിയ മോഡൽ കാറിൽ യുഎഇയുടെ ചിഹ്നങ്ങളും ഈദുൽ ഇത്തിഹാദ് സന്ദേശവും മുദ്രണം ചെയ്താണ് ഇക്കുറി അലങ്കാരമൊരുക്കിയത്. ഫെരാരിയുടെ ചരിത്രത്തിലെ ഫോർ സീറ്റർ-ഫോർ ഡോർ കാർ ലോകത്തിലെ വിലകൂടിയ വാഹനങ്ങളിലൊന്നാണ്. ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ എഎംആർ പ്രോപ്പർടീസിന്റെയും എ വൺ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്ടർ കൂടിയാണ് ഷഫീഖ്. യുഎഇ ദേശീയ ദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന തുടർച്ചയായ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി അറേബ്യൻ വേൾഡ് റെക്കോർഡ് പുരസ്‌കാരം ഇക്കുറി ഷഫീഖിനെ തേടിയെത്തി. കോഴിക്കോട് സ്വദേശിയാണ് ഷഫീഖ്.
രാജ്യം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ഷെയ്ഖ് സായിദിനെയും ഷെയ്ഖ് റാഷിദിനെയും അടയാളപ്പെടുത്തുന്ന ചിത്രങ്ങളും യുഎഎയുടെ സാംസ്‌കാരിക മുദ്രണങ്ങളും ഈദുൽ ഇത്തിഹാദ് സന്ദേശവും ചേർന്ന ഹോളോ മാർക്കുകളാണ് അലങ്കാരത്തിന് ഉപയോഗിച്ച ചിത്രങ്ങൾ. പതിനെട്ട് കാരറ്റ് ഇലെക്ട്രൊ പ്ളെയിറ്റ് ചെയ്ത്ത ഓർണമെന്റെൽ ലൈനിങ്ങുകൾ ചേർത്ത് ഒരുക്കിയ ഡിസൈനുകളും കാറിനെ അലങ്കരിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.
അഷർ ഗാന്ധിയാണ് ചിത്രങ്ങൾ വരച്ചതും രൂപകൽപ്പന ചെയ്തതും. ദേശീയദിനാഘോഷത്തിന്റ ഭാഗമായി എ എം ആർ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ റാസൽ ഖൈമയിലെ അക്കേഷ്യ ഫോർ സ്റ്റാർ ഹോട്ടലിന്റെ ഉൽഘടനവും നടന്നു. റാസൽ ഖൈമ രാജ കുടുംബാംഗങ്ങളും അറബ് പ്രമുഖരും വ്യാപാര വാണിജ്യ രംഗങ്ങളിൽ നിന്നുള്ളവരും ചടങ്ങിന്റെ ഭാഗമായി. കലാ സാംസ്‌കാരിക സംഗീത പരിപാടികളും അരങ്ങേറി.

