ഡയമണ്ട് ജൂബിലി സംരംഭമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാംമ്പസിൽ ഡോ. തങ്കവേലു അമിനിറ്റി സെന്റർ

1951-ൽ സ്ഥാപിതമായ കേരളത്തിലെ പൈതൃക മെഡിക്കൽ സ്ഥാപനമായ തിരുവനന്തപുരം മെഡിക്കൽ കോളേജ് 75-ാം വാർഷികം ആഘോഷിക്കുന്നു. ഈ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡോ. തങ്കവേലുവിന്റെ സ്മരണാർത്ഥം തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാംമ്പസിൽ അത്യാധുനിക അമിനിറ്റി സെന്റർ സ്ഥാപിക്കുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമ്നി അസോസിയേഷൻ (TMCAA) അറിയിച്ചു. ഈ കേന്ദ്രം തങ്കവേലു അമിനിറ്റി സെന്റർ എന്ന പേരിലായിരിക്കും അറിയപ്പെടുക.

ലോകപ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. എം. കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ 2004-ൽ രൂപീകരിക്കപ്പെട്ട തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമ്നി അസോസിയേഷൻ ഇന്ന് മെഡിക്കൽ, ഡെന്റൽ, ഫാർമസി, അനുബന്ധ ആരോഗ്യശാസ്ത്ര കോഴ്‌സുകൾ എന്നിവയെ പ്രതിനിധീകരിക്കുന്ന 12,000-ത്തിലധികം അലുമ്നി അംഗങ്ങളെ ഉൾക്കൊള്ളുന്നു. അക്കാദമിക് പ്രവർത്തനങ്ങൾ, സഹപാഠ്യ പ്രവർത്തനങ്ങൾ, സി.എസ്.ആർ. പദ്ധതികൾ, ഗവേഷണം, പുസ്തക അവലോകനങ്ങൾ, ബിരുദ–ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പിന്തുണ എന്നിവയിൽ TMCAA സജീവമായി ഇടപെടുന്നു. ക്യാമ്പസിലെ അടിസ്ഥാന സൗകര്യ വികസനത്തിലും രോഗികേന്ദ്രിത പ്രവർത്തനങ്ങളിലുമുള്ള സംഭാവനകളും ശ്രദ്ധേയമാണ്.

ഡോ. എം. ഐ. സാഹദുള്ള (ചെയർമാൻ, കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം) അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോൺ പണിക്കർ, സെക്രട്ടറി പ്രൊഫ ഡോ. കവിതാ രവി, ട്രഷറർ ഡോ. ജി. ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിൽ ബഹുമുഖവും ലോകോത്തരവുമായ ഒരു അമിനിറ്റി സെന്റർ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിലേക്കാണ് അലുമ്നി അസോസിയേഷൻ കടന്നിരിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ, തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാംപസിൽ 30 സെൻറ് സ്ഥലം അനുവദിച്ചതായി അലൂമിനി അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ദുബായിൽ അറിച്ചു. നിരവധി തിരുവനന്തപുരം മെഡിക്കൽ കോളജ് അലുമിനി അംഗങ്ങൾ, അംഗങ്ങളായുള്ള അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ആൻ്റ് ഡെൻറൽ ഗ്രാജുവേറ്റ്സ് (എ.കെ.എം.ജി) പ്രതിനിധികളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ക്യാമ്പസിലെ അഞ്ചുനിലകളിലായി 30,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൾട്ടി-ലെവൽ അമിനിറ്റി സെന്റർ നിർമ്മിക്കാനാണ് മാനേജിംഗ് കമ്മിറ്റി പദ്ധതിയിടുന്നത്. നിലവിലുള്ളതും വരാനിരിക്കുന്നതുമായ മെഡിക്കൽ പ്രൊഫഷണലുകൾക്കും രോഗികളുടെ ക്ഷേമത്തിനും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും ഈ കേന്ദ്രത്തിന്റെ രൂപകൽപ്പന. യുഎഇയിലും ലോകമെമ്പാടുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അലുമ്നികളായ ഡോക്ടർമാരുടെ വലിയ സാന്നിധ്യം കണക്കിലെടുത്ത്, ആഗോളതലത്തിലുള്ള ശക്തമായ അലുമ്നി പിന്തുണ ഈ പദ്ധതിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫേസ് വണ്ണിന്റെ ഭാഗമായി, ഏകദേശം 300 ഫ്രാറ്റേണിറ്റി സർക്കിൾ ക്ലബ് അംഗങ്ങളെ ചേർക്കാനാണ് TMCAA പദ്ധതിയിടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് കോംപ്ലക്സിലെ അലുമ്നികൾക്കും മറ്റ് അർഹരായ ഫ്രാറ്റേണിറ്റി അംഗങ്ങൾക്കും അംഗത്വം തുറന്നിരിക്കുമെന്ന് അറിയിച്ചു.

എ.കെ.എം.ജി എമറിറ്റ്സ് പ്രസിഡൻ്റ് ഡോ.സുഗു മലയിൽ കോശിയുടെ അധ്യക്ഷതയിൽ,
ഡോ. ജോൺ പണിക്കർ (പ്രസിഡന്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമ്നി അസോസിയേഷൻ), ഡോ. എം. എ. മുഹമ്മദ്, മുൻ കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റർ ഡോ.തോമസ് മാത്യു , ഡോ സിറാജുദീൻ പി. മൊയ്തീൻ, ഡോ.മീര ഗോപി കുര്യൻ , ഡോ. കൃഷ്ണ പ്രസാദ്, ഡോ. ഫിറോസ് ഗഫൂർ, ഡോ. ജമാലുദീൻ അബുബക്കർ, ഡോ.കവിതാ രവി, ഡോ.ബിനോയ്, ഡോ.സുധാകരൻ, എന്നിവർ ടി.എം.സി.എ.എ അലുമ്നിയെയും എം.കെ.എം.ജി എമിറേറ്റ്സിനെയും പ്രതിനിധീകരിച്ച് പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Share this:

ഡയമണ്ട് ജൂബിലി സംരംഭമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാംമ്പസിൽ ഡോ. തങ്കവേലു അമിനിറ്റി സെന്റർ

Share this:

Related to this topic: