മലയാളിയായ പോളണ്ട് മൂസയുടെ ഉടമസ്ഥതയിലുള്ള ‘ഫ്രാഗ്രൻസ് വേൾഡ്’ നൂറ്റിയന്പത് രാജ്യങ്ങളിൽ എത്തിയതിന്റെ ആഘോഷ ചടങ്ങുകൾക്ക്, ദുബായിലെ എക്സ്പോ സിറ്റിയിൽ നടന്ന പ്രൗഡ്ഢഗംഭീരമായ ചടങ്ങിൽ തുടക്കം കുറിച്ചു. ചെയർമാനും സ്ഥാപകനുമായ പോളണ്ട് മൂസയുടെ ഡിജിറ്റൽ സിഗ്നേച്ചറോടെ, ആകാശത്ത് വർണ്ണ വിസ്മയങ്ങൾ തീർത്ത,ഫ്രാഗ്രൻസ് വേൾഡിന്റെ ചരിത്രംപറയുന്ന ഡ്രോൺ ഷോയിലൂടെ, ആഘോഷങ്ങളുടെ ലോഗോ അനാവരണം ചെയ്തു. സിഇഒ പിവി സലാമിന്റെയും, ജോയിന്റ് സിഇഒ പിവി സഫീന്റെയും, ലബീബിന്റേയും സാന്നിദ്ധ്യത്തിലായിരുന്നു ലോഗോ പ്രകാശനം.
മമ്മൂട്ടിക്ക് പോളണ്ട് മൂസയുടെ ജീവിത ചരിത്രം സിനിമയാക്കാൻ ആഗ്രഹം പക്ഷേ !
പോളണ്ട് മൂസയുടെ ജീവിത കഥ ആസ്പദമാക്കി തയ്യാറാക്കിയ ‘കുഞ്ഞോൻ’ എന്ന ഡോക്യൂ ഫിക്ഷൻ സിനിമയുടെ ആദ്യ പ്രദർശനവും മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ ദുബായ് എക്സ്പോ സിറ്റിയിൽ നടന്നു. വേദിയിലെത്തിയ മമ്മൂട്ടി പറഞ്ഞു, “പോളണ്ട് മൂസയുടെ ജീവിത ചരിത്രം സിനിമയാക്കാൻ ആഗ്രഹമുണ്ട്, പക്ഷേ അദ്ദേഹം തന്നെ സിനിമയിറക്കി അതിൽ അഭിനയിച്ചു” ജീവൻ ജോസ് ആണ് സിനിമ സംവിധാനം ചെയ്തത്. പല വിദേശ രാജ്യങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ ഇരുന്നൂറോളം ചെറുതും വലുതുമായ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. സിനിമ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ പ്രദർശനത്തിന് എത്തുന്നതാണ്. പോളണ്ട് മൂസയുടെ ജീവചരിത്രം ആസ്പദമാക്കി സെബിൻ പൗലോസ് രചിച്ച ‘ഫ്രാഗ്രൻസ് ഓഫ് ലെഗസി’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനവും വേദിയിൽവെച്ച് നടന്നു. എഴുത്തുകാരന് പുറമെ, ഇതിന് പ്രചോദനം നൽകിയ സുഹൃത്തായ അബ്ദുള്ളയും വേദിയിലെത്തി.
നൂറ്റി അൻപതോളം രാജ്യങ്ങളിൽനിന്നും എത്തിയ വിതരണക്കാരോടൊപ്പം, ദുബായിലെ ബിസിനസ്സ് പ്രമുഖരും, സ്ഥാപനത്തിലെ തൊഴിലാളികളുമടക്കം രണ്ടായിരത്തിലധികം ആളുകൾ ആഘോഷത്തിൽ പങ്കെടുത്തു. 1988 ഇൽ പോളണ്ടിൽവെച്ച് മൂസയുടെ ബിസിനസ്സിന് ആദ്യമായി സപ്പോർട്ട് നൽകിയ പോളിഷ് വനിതയായ എലിസബത്തും,1989ഇൽ ആദ്യത്തെ വിദേശ ഓർഡർ നൽകിയ ബൾഗേറിയക്കാരി ലിലിയ പെട്രോവയും, 1993 ഇൽ റഷ്യൻ മാർക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയ റഷ്യക്കാരൻ കോൺസ്റ്റിൻ വാസ്‌നിക്കോ, 1995മുതൽ സഹോദരനെപ്പോലെ നിൽക്കുന്ന അസർബൈജാൻ സ്വദേശിയായ റാഷിദ് സഹവർഡീവും, ചടങ്ങിൽ സന്നിതരായിരുന്നു. അവരെ ചടങ്ങിൽ പോളണ്ട് മൂസ ആദരിക്കുകയും ചെയ്തു. ഫാക്റ്ററിയിൽ ജോലി ചെയ്യുന്ന ആയിരത്തോളം തൊഴിലാളികൾ പങ്കെടുത്ത പരേഡും ദുബായ് എക്സ്‌പോയിൽ നടന്നു. തൊഴിലാളികൾക്ക് നൽകിയ പ്രത്യേക സ്വീകരണത്തിന് പുറമെ വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകി. കൂടാതെ കമ്പനിയിൽ മുപ്പത് വർഷവും, ഇരുപത് വർഷവും, പത്തുവർഷവും പൂർത്തീകരിച്ച ജീവനക്കാരെയും, സ്‌പെഷ്യൽ പെർഫോമൻസ് നടത്തിയ ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. എല്ലാ ജീവനക്കാർക്കും തൊഴിലാളികൾക്കുമായി ഏഴ് കോടിയിലധികം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്.
പണ്ട് മരണം ഉറപ്പാക്കിയ മൂസ, ഇന്ന് നൂറ്റിയമ്പത് രാജ്യങ്ങളിൽ
ജനിച്ചതിന്റെ അൻപതാം ദിവസം, നാട്ടുവൈദ്യൻ മരണവിധി പറഞ്ഞ, ആ കുട്ടി ഇന്ന് വളർന്ന് വലുതായി, നൂറ്റി അൻപത് രാജ്യങ്ങളിലധികം പരന്നുകിടക്കുന്ന സുഗന്ധ സാമ്ര്യാജ്യത്തിന്റെ അധിപനാണ്. ഇതൊരു നാടോടി കഥയാണ് എന്ന് തോന്നും, പക്ഷേ ഇതൊരു സത്യമാണ്. പോളണ്ട് മൂസ എന്ന ദുബായിലെ പ്രമുഖ സുഗന്ധ വ്യാപാരിയുടെ ജീവിത കഥ . 1959തിൽ നാട് മുഴുവനും മാരകമായ വസൂരി രോഗം പടർന്നുകൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ജനനം. വസൂരി മൂസയെയും പിടികൂടി. അസുഖം ബാധിച്ച തന്നെ, ഉമ്മ വാഴയിലയിൽ പൊതിഞ്ഞു മലപ്പുറം വളാഞ്ചേരിയിലെ നാട്ടുവൈദ്യരുടെ അടുത്തെത്തിയപ്പോൾ, കുട്ടിയുടെ അവസ്ഥകണ്ട അദ്ദേഹം തിരിച്ചുപോകാൻ പറഞ്ഞു. ഇനി നിന്റെ മകൻ രക്ഷപ്പെടില്ല, പോകുന്ന വഴിയിലെ തോട്ടിൽ ഉപേക്ഷിക്കാൻ പറഞ്ഞു. പക്ഷെ പാതി ജീവനുള്ള തന്റെ മകനെ മരണത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ചങ്കുറപ്പോടെ മകനെ പരിചരിച്ചു. വസൂരിയിൽ നിന്നും അവൻ പതിയെ മോചിതനായി. പിന്നീട് അങ്ങോട്ട് സിനിമാകഥപോലെ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു മൂസയുടെ ജീവിതം. സഹോദരനുമായുള്ള ചെറിയ പിണക്കം കാരണം ഒൻപതാം വയസ്സിൽ മൈസൂരിലേക്ക് നാടുവിട്ടു. റെസ്റ്റോറന്റിൽ ക്ളീനിങ് തൊഴിലാളിയായിട്ടായിരുന്നു തുടക്കം. ഉയരക്കുറവുകാരണം ആ ജോലി നഷ്ട്ടപെട്ടപ്പോൾ, പിടിച്ചു നിൽക്കാൻ നിരവധി ജോലികൾ ചെയ്തു.
1977 ലാണ് മൂസ ആദ്യമായി കപ്പൽ മാർഗ്ഗം ദുബായിൽ എത്തുന്നത്. പോലീസ് ഓഫീസറായിരുന്ന അബ്ദുൽറഹീം മുഹമ്മദ് യൂസിഫിന്റെ വീട്ടിലെ ജോലിക്കാരനായിട്ടായിരുന്നു തുടക്കം, പിന്നീട് അദ്ദേഹത്തിന്റെ സഹായത്തിൽ ദുബായ് ദൈറയിലെ ഒരു ചെരുപ്പുകടയിൽ ജോലി ലഭിച്ചു, കച്ചവടത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം ചെറിയ രീതിയിലുള്ള കച്ചവടങ്ങൾതുടങ്ങി. 1988ഇൽ ലൈഫിൽ വലിയൊരു റിസ്ക്ക് എടുക്കാൻ തീരുമാനിച്ചു. അൽ ഗുറൂബ് എന്ന പേരിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങി. പുതിയ ബിസിനസ്സ് സാധ്യതകൾ തേടി പോളണ്ടിലേക്ക് വിമാനം കയറി. രാഷ്ട്രീയ സംഘർഷങ്ങൾ നിറഞ്ഞ പോളണ്ടിലേക് ആ സമയം യാത്രചെയ്യുന്ന ഇന്ത്യക്കാർ വളരെ അപൂർവ്വമായിരുന്നു. ആ യാത്ര മൂസയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായി. മൂസയുടെ മുന്നിൽ വലിയ കച്ചവട സാധ്യതകൾ തുറന്നു. അതുവരെ വെറും മൂസ മാത്രമായിരുന്ന അദ്ദേഹത്തെ നാട്ടുകാരും, സുഹൃത്തുക്കളും പോളണ്ട് മൂസായെന്ന് വിളിയ്ക്കാൻ തുടങ്ങി. ആ പേര് അദ്ദേഹം സ്നേഹത്തോടെ ഏറ്റെടുത്തു. മൂസയുടെയുടെ ബിസിനസ്സ് പല രാജ്യങ്ങളിലേക്കായി പടരാൻ തുടങ്ങി. പോളണ്ടിന് പുറമെ ബൾഗേറിയയും, റഷ്യയുമെല്ലാം അദ്ദേഹത്തിന്റെ പുതിയ കച്ചവട മേഘലയായി. വെറും മൂന്നാം ക്‌ളാസ്സ് വിദ്യാഭ്യാസമുള്ള പോളണ്ട് മൂസ ഇന്ന് പതിനഞ്ചിലധികം ലോകഭാഷകൾ സംസാരിക്കും
2004ഇൽ ‘ഫ്രാഗ്രൻസ് വേൾഡ്’ എന്നപേരിൽ സ്വന്തമായി ഒരു പെർഫ്യൂം കമ്പനി തുടങ്ങി. പോളണ്ട് മൂസ, ദുബായിലെ സുഗന്ധ വ്യാപാരമേഖലയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ബിസിനസ്സുകാരനായി. ഓരോ വർഷവും പല രാജ്യങ്ങളിലേക്കും വിപണികൾ വ്യാപിച്ചുകൊണ്ടിരുന്നു. 2012-ൽ ഫ്രാഗ്രൻസ് വേൾഡിൽനിന്നും ‘ഫ്രഞ്ച് അവന്യൂ’ എന്ന പുതിയ ഒരു ബ്രാൻഡിന് തുടക്കംകുറിച്ചു. അതും ലോക വിപണികൾ കീഴടക്കി. പിന്നീട് സ്വന്തമായി ഒരു പെർഫ്യൂം നിർമ്മാണ ഫാക്റ്ററി ആരംഭിച്ചു. കഴിഞ്ഞ വർഷമാണ് ‘സ്ട്രീറ്റ് ഒറിജിൻസ്’ എന്നൊരു ബ്രാൻഡും പുറത്തിറക്കിയത്. ഇന്ന് നാലായിരത്തോളം വിവിധ പെർഫ്യൂമുകളുള്ള, ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന, ദിവസവും ലക്ഷക്കണക്കിന് പെർഫ്യൂം ബോട്ടിലുകൾ നിർമ്മിക്കുന്ന കമ്പനിയാണ് ‘ഫ്രാഗ്രൻസ് വേൾഡ്’. വട്ടപൂജ്യത്തിൽ നിന്നും തുടങ്ങിയ പോളണ്ട് മൂസയുടെ, ഫ്രാഗ്രൻസ് വേൾഡ് ഇന്ന് 150 രാജ്യങ്ങളിലധികം വിപണി കണ്ടെത്തിക്കഴിഞ്ഞു. അപൂർവ്വം ചില ഇന്ത്യക്കാർ സ്വന്തമാക്കിയ നേട്ടം

