മൂന്നാം അന്താരാഷ്ട്ര ആയുഷ് സമ്മേളനം ഫെബ്രുവരി 15 മുതല്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍

ദുബൈ: ഇന്ത്യ സംഘടിപ്പിക്കുന്ന മൂന്നാം അന്താരാഷ്ട്ര ആയുഷ് സമ്മേളനം ഫെബ്രുവരി 15 മുതല്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെയും രക്ഷാകര്‍തൃത്വത്തില്‍ വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനുമായി ചേര്‍ന്ന് സയന്‍സ് ഇന്ത്യ ഫോറം ആഭിമുഖ്യത്തില്‍ ആണ്  ‘മൂന്നാമത് അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സിബിഷന്‍ 2026’ നടക്കുക. ഫെബ്രുവരി 15 ന് തുടങ്ങി 17ന് അവസാനിക്കും. 
ലോകമെമ്പാടുമുള്ള ആയുര്‍വേദ, യോഗ ആന്‍ഡ് പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി എന്നിവയുടെ കൂട്ടായ്മയിലുള്ള ഈ പരിപാടിയില്‍ പ്രാക്ടീഷണര്‍മാര്‍, നയരൂപകര്‍ത്താക്കള്‍, വ്യവസായികള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ അണിനിരക്കും.

ഗ്ലോബല്‍ ഹോമിയോപതിക് ഫൗണ്ടേഷന്‍ (ജി.എച്ച്.എഫ്), എമിറേറ്റ്‌സ് ആയുര്‍വേദ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ (ഇ.എ.ജി.എ) അമേരിക്ക, ഓസ്‌ട്രേലിയ, പൂര്‍വേഷ്യ, മധ്യ പൂര്‍വ ദേശം, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ആയുഷ് സ്ഥാപനങ്ങള്‍ ഈ സമ്മേളനത്തിനായി സയന്‍സ് ഇന്ത്യ ഫോറവുമായി സഹകരിക്കുന്നു. ആയുഷ് സമ്മേളനത്തില്‍ ഇന്ത്യാ സര്‍ക്കാരിന്റെ മന്ത്രിതല പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
നേരത്തെ 2017 നവംബര്‍, 2024 ജനുവരി മാസങ്ങളില്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ മുന്‍ സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും നടന്നിരുന്നു.

‘മാനസികശാരീരികാരോഗ്യത്തില്‍ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ആയുഷ് ഇടപെടലുകള്‍’ എന്നതാണ് ഈ വര്‍ഷത്തെ സമ്മേളന പ്രമേയം. ഈ പരിപാടികള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, സയന്‍സ് ഇന്ത്യ ഫോറം രക്ഷാധികാരി സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
75 പ്രഭാഷണങ്ങള്‍, 250 അവതരണങ്ങള്‍, 200 പോസ്റ്ററുകള്‍ എന്നിവ സമ്മേളനത്തില്‍ ഉണ്ടായിരിക്കും. 35ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയുഷ് സംവിധാനങ്ങളുടെ 1,200ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

ലോകമെമ്പാടുമുള്ള ആഗോള ആയുഷ്, ടി.സി.എ.എം നേതാക്കളെയും പ്രൊഫഷണലുകളെയും ഗവേഷകരെയും ആരോഗ്യ നയരൂപകര്‍ത്താക്കളെയും ഈ സമ്മേളനം ഒരു കുടക്കീഴില്‍ കൊണ്ടുവരും. യുഎ.എ.ഇയും ഇന്ത്യയും തമ്മിലുള്ള ആയുഷ് ഗവേഷണം, വിദ്യാഭ്യാസം, ഗ്രീന്‍ മെഡിസിന്‍ എന്നിവയില്‍ സഹകരണത്തിനുള്ള ഉഭയ കക്ഷി ധാരണാ പത്രത്തിന്റെ സാധ്യതകള്‍ ഉള്‍പ്പെടെ ഗവണ്മെന്റ് റ്റു ഗവണ്മെന്റ് (ജി2ജി) ധാരണയുടെ സാധ്യതകള്‍ ഈ പരിപാടിയുടെ ഫലമായി പരിശോധിക്കും. ആയുഷ് ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നിക്ഷേപത്തെയും വ്യാപാരത്തെയും ഇത് പ്രോത്സാഹിപ്പിക്കും.

Share this:

മൂന്നാം അന്താരാഷ്ട്ര ആയുഷ് സമ്മേളനം ഫെബ്രുവരി 15 മുതല്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍

Share this:

Related to this topic: