ദുബായ് , ഓഗസ്റ്റ് 22 2026 : ഉപഭോക്താക്കൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി 20 സേവനങ്ങൾ പുനഃസംഘടിപ്പിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
13 സേവനങ്ങൾ മറ്റ് സേവനങ്ങളുമായി ലയിപ്പിക്കുകയും ചിലത് നടപടിക്രമങ്ങളായും റിപ്പോർട്ടുകളായും മാറ്റുകയും ചെയ്തു. ഇനി പ്രത്യേക സേവനമായി ആവശ്യമില്ലാത്ത നാല് സേവനങ്ങൾ പൂർണമായും നിർത്തലാക്കുകയും ചെയ്തു.
കെട്ടിട ലൈസൻസുമായി ബന്ധപ്പെട്ട വിവിധ അനുമതികൾ അതത് കെട്ടിട ലൈസൻസിംഗ് സേവനങ്ങളുമായി സംയോജിപ്പിച്ചു. ചരിത്രപ്രദേശങ്ങളിലെ കെട്ടിട പരിപാലന അനുമതികളും ഇന്റീരിയർ ഡിസൈൻ അംഗീകാരങ്ങളും ഇതിൽ ഉൾപ്പെടും.
യുഎഇ പൗരന്മാർക്ക് അനുവദിച്ച താമസ ഭൂമിയുമായി ബന്ധപ്പെട്ട ചില അപേക്ഷകൾ മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ സേവനങ്ങളുമായി സംയോജിപ്പിച്ചു.
കൃഷി പ്രവർത്തനങ്ങൾക്കുള്ള പെർമിറ്റുകൾ ഇനി ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ വാണിജ്യ ലൈസൻസിംഗ് സേവനത്തിൽ തന്നെ ലഭിക്കും.
അതേസമയം, കിണർ കുഴിക്കുന്നതിനും ഭൂഗർഭജലം ഉപയോഗിക്കുന്നതിനുമുള്ള പെർമിറ്റുകൾ, വ്യാവസായിക പദ്ധതികൾക്കുള്ള പരിസ്ഥിതി പെർമിറ്റുകൾ, കാർഷിക മണ്ണ് ലഭിക്കുന്നതിനുള്ള പെർമിറ്റ്, വിനോദ മത്സ്യബന്ധന പെർമിറ്റ് തുടങ്ങിയ ഏഴ് സേവനങ്ങൾ ദുബായ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റിയിലേക്ക് മാറ്റി.
ഉപഭോക്താക്കളുടെ സമയവും ശ്രമവും കുറയ്ക്കുകയും സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതവും ഏകോപിതവുമാക്കുകയുമാണ് പുനഃസംഘടനയുടെ ലക്ഷ്യമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
