ദുബായ്,ഒക്ടോബർ 17,2026 : നവംബർ 16 മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അഞ്ചാമത് ലോക പോലീസ് ഉച്ചകോടിക്ക് മുന്നോടിയായി ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ രാജ്യാന്തര സംവാദം സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, കോൺസൽമാർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, സാങ്കേതികവിദഗ്ധർ എന്നിവർ പങ്കെടുത്തു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ഉച്ചകോടി നടക്കുന്നത്. ദുബായ് പോലീസും ഡിഎക്സ്ബി ലൈവും (DXB LIVE) ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൃത്രിമബുദ്ധിയും സാമ്പത്തിക കുറ്റകൃത്യങ്ങളും ചർച്ചയിൽ
‘ആധുനിക പോലീസ് പ്രവർത്തനങ്ങളിലെ സാങ്കേതികവിദ്യയും രഹസ്യാന്വേഷണവും: കൃത്രിമബുദ്ധി, നൂതനാശയങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ’ എന്ന വിഷയത്തിലായിരുന്നു സംവാദം. കുറ്റാന്വേഷണത്തിലും തത്സമയ തീരുമാനമെടുക്കലിലും കൃത്രിമബുദ്ധിയും നൂതന സാങ്കേതികവിദ്യകളും വഹിക്കുന്ന പങ്ക് ചർച്ചയായി.
സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും നിയമവിരുദ്ധ സാമ്പത്തിക ശൃംഖലകൾ തകർക്കുന്നതിനും വിവരവിശകലനവും രഹസ്യാന്വേഷണവും എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ചർച്ച ചെയ്തു. സാങ്കേതികവിദ്യയുടെ സാധ്യതകൾ ഫലപ്രദമായ പോലീസ് പ്രവർത്തനങ്ങളാക്കി മാറ്റാൻ ആവശ്യമായ രാജ്യാന്തര സഹകരണത്തിനും പ്രാധാന്യം നൽകി. അൽബേനിയ, ബെലാറസ്, ചൈന, ചെക്ക് റിപ്പബ്ലിക്, എൽ സാൽവദോർ, ഇന്ത്യ, ജപ്പാൻ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, സിയറ ലിയോൺ, ശ്രീലങ്ക, സ്വീഡൻ, താജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ പങ്കെടുത്തു. അമേരിക്കയിലെയും ബ്രിട്ടനിലെയും മുതിർന്ന നിയമപാലക ഉദ്യോഗസ്ഥരും യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥരും സാങ്കേതികവിദ്യാ രംഗത്തെ പ്രതിനിധികളും സംവാദത്തിൽ പങ്കുചേർന്നു.
90-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിലെത്തും
ലോക പോലീസ് ഉച്ചകോടി സെക്രട്ടറി ജനറലും ദുബായ് പോലീസിലെ ഫോറൻസിക്സ് ആൻഡ് ക്രിമിനോളജി വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുമായ കേണൽ ഡോ. റാഷിദ് ഹംദാൻ അൽ ഗഫ്രി, പ്രിസൈറ്റിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ആദിൽ അൽഷർജി, സെനിത്ത് ടെക്നോളജീസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റസ്സൽ ഹമ്മാദ് എന്നിവർ സംവാദത്തിൽ സംസാരിച്ചു. നവംബറിലെ ഉച്ചകോടിയിൽ 90-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് കേണൽ ഡോ. റാഷിദ് ഹംദാൻ അൽ ഗഫ്രി പറഞ്ഞു. പോലീസ് മേധാവികൾക്കൊപ്പം നിയമപാലന മേഖല, സ്വകാര്യ മേഖല, അക്കാദമിക രംഗം എന്നിവയിൽ നിന്നുള്ള 220-ലധികം നേതാക്കളും പങ്കെടുക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാൻ 150 പ്രദർശകരും എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങൾ രാജ്യാതിർത്തികളും വിവിധ സംവിധാനങ്ങളും മറികടന്ന് പ്രവർത്തിക്കുന്നതിനാൽ, അവയെ നേരിടാനുള്ള നടപടികളും പരസ്പരം ബന്ധിപ്പിക്കപ്പെട്ടതും രഹസ്യാന്വേഷണ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായിരിക്കണമെന്ന് ഡോ. ആദിൽ അൽഷർജി അഭിപ്രായപ്പെട്ടു. സങ്കീർണമായ വിവരങ്ങളെ പ്രയോജനകരമായ രഹസ്യാന്വേഷണ വിവരങ്ങളാക്കി മാറ്റാൻ കൃത്രിമബുദ്ധിയും നൂതന സംവിധാനങ്ങളും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കും യഥാർഥ ലോകത്തിലെ പ്രവർത്തനങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്ന് റസ്സൽ ഹമ്മാദ് ചൂണ്ടിക്കാട്ടി. ഡിജിറ്റൽ സുരക്ഷയും ഭൗതിക സുരക്ഷയും വേർതിരിച്ചുള്ള മേഖലകളല്ലെന്നും അവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള സുരക്ഷാ സംവിധാനങ്ങളാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യാന്തര സംഘടനകൾക്കായി പ്രത്യേക പവലിയൻ
ഈ വർഷത്തെ ഉച്ചകോടിയുടെ പ്രദർശനമേഖലയിൽ രാജ്യാന്തര സംഘടനകൾക്കായി പ്രത്യേക പവലിയൻ ഒരുക്കുമെന്ന് ലോക പോലീസ് ഉച്ചകോടി പ്രോജക്ട് ഡയറക്ടർ അഫ്രോസ് അബ്ബോ അറിയിച്ചു. ജിസിസിപോൾ (GCCPOL) നേതൃത്വം നൽകുന്ന പവലിയനിൽ ഏകദേശം 14 സംഘടനകൾ പങ്കെടുക്കും. ആസിയാനാപോൾ (ASEANAPOL), കാരികോം (CARICOM), മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ജിസിസി ക്രിമിനൽ ഇൻഫർമേഷൻ സെന്റർ, കാരിക് (CARICC) എന്നിവയും ഇതിൽ ഉൾപ്പെടും.
സർക്കാർ സ്ഥാപനങ്ങളുമായി സ്വകാര്യ മേഖലയ്ക്കും സ്റ്റാർട്ടപ്പുകൾക്കും അക്കാദമിക രംഗത്തുള്ളവർക്കും ബന്ധപ്പെടാനുള്ള അവസരമൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഉച്ചകോടിയുടെ ആപ്പിലൂടെ സന്ദർശകർക്ക് മുൻകൂട്ടി കൂടിക്കാഴ്ചകൾ ക്രമീകരിക്കാനും സാധിക്കും.
‘ഭാവിതലമുറയുടെ സുരക്ഷയ്ക്കായി ആഗോള പോലീസ് സംവിധാനങ്ങളുടെ ഏകോപനം’ എന്നതാണ് 2026-ലെ ഉച്ചകോടിയുടെ പ്രമേയം. 2025-ൽ നടന്ന ഉച്ചകോടിയിൽ 110-ലധികം രാജ്യങ്ങളിൽ നിന്നായി 922-ലധികം ആഗോള നേതാക്കളും ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്തിരുന്നു.
