ദുബായ് , ഓഗസ്റ്റ് 24 2026 : ദുരന്തമുഖങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്തി ദുബായ് പൊലീസ്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തിങ്കളാഴ്ച ആരംഭിച്ച 22-ാമത് ദുബായ് ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് ഡെവലപ്മെന്റ് കോൺഫറൻസ് ആൻഡ് എക്സിബിഷനായ DIHAD 2026-ലാണ് ദുബായ് പൊലീസ് വിവിധ രക്ഷാ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നത്. മൂന്ന് ദിവസം നീളുന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 21,000-ത്തിലധികം പ്രതിനിധികളും സന്ദർശകരും പങ്കെടുക്കുന്നുണ്ട്. മാനവിക പ്രവർത്തന മേഖലയിലെ നേതാക്കൾ, നയരൂപീകരണ വിദഗ്ധർ, വിവിധ സംഘടനകൾ, വിദഗ്ധർ, പങ്കാളികൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നു. ‘സാങ്കേതികവിദ്യ, ഡാറ്റ, മാനവിക പ്രവർത്തനങ്ങളുടെ ഭാവി’ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ദുബായ് പൊലീസ് ഉദ്യോഗസ്ഥർ പ്രബന്ധങ്ങളും അവതരണങ്ങളും നടത്തും. മാനവിക സഹായ പ്രവർത്തനങ്ങളിൽ ഡ്രോണുകളുടെ പങ്ക്, ദുബായ് പൊലീസ് റെസിലിയൻസ് സെന്ററിന്റെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. പ്രദർശനത്തിൽ പ്രകൃതിദുരന്തങ്ങളിലും കെട്ടിടങ്ങൾ തകർന്നുണ്ടാകുന്ന അപകടങ്ങളിലും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും ദുബായ് പൊലീസ് അവതരിപ്പിക്കുന്നുണ്ട്. ഹൈഡ്രോളിക് ഉപകരണങ്ങൾ, കട്ടറുകൾ, കെട്ടിടങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള സംവിധാനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഗുരുതരമായ റോഡപകടങ്ങളിൽ വാഹനങ്ങൾ മുറിച്ച് അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കുന്നതിനുള്ള ഉപകരണങ്ങളും പ്രത്യേക രക്ഷാ ഡ്രോണുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. മലനിരകളും ദുർഘട പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് പരിശീലനം നേടിയ ഹത്ത പൊലീസ് സ്റ്റേഷനിലെ ‘ബ്രേവ് ടീം’ പ്രത്യേക രക്ഷാപ്രവർത്തന രീതികളും പട്രോളിങ് സംവിധാനങ്ങളും അവതരിപ്പിക്കുന്നുണ്ട്. അതേസമയം, പൊലീസ് നായകളുടെ സഹായത്തോടെ നടത്തുന്ന പരിശോധനകളും രക്ഷാപ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്നതിനായി കെ9 സെക്യൂരിറ്റി ഇൻസ്പെക്ഷൻ വിഭാഗവും പ്രദർശനത്തിൽ പങ്കെടുക്കുന്നു. ടൂറിസ്റ്റ് പൊലീസ് വിഭാഗം ഏറ്റവും പുതിയ ആഡംബര പട്രോൾ വാഹനങ്ങളും അവതരിപ്പിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ അതിവേഗ പ്രതികരണം ഉറപ്പാക്കുകയെന്ന ദുബായ് പൊലീസിന്റെ തന്ത്രപരമായ ലക്ഷ്യത്തിന്റെ ഭാഗമായാണ് DIHAD 2026-ലെ പങ്കാളിത്തം.
