ദുബായ്, സെപ്റ്റംബർ 9, 2026 : പാസ്പോർട്ടോ ബോർഡിങ് പാസോ കൈയിൽ കാണിക്കാതെ, എമിഗ്രേഷൻ കൗണ്ടറിന് മുന്നിൽ നിൽക്കാതെ നടന്ന് കടന്നുപോകുന്നതിനിടെ യാത്രാനടപടികൾ പൂർത്തിയാക്കുന്ന ദുബായിയുടെ ‘റെഡ് കാർപെറ്റ്’ ബയോമെട്രിക് സംവിധാനം കൂടുതൽ യാത്രക്കാരിലേക്ക്.2026 ജനുവരി മുതൽ ഓഗസ്റ്റ് വരെ 7,45,188 യാത്രക്കാരാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന റെഡ് കാർപെറ്റ് സംവിധാനം പ്രയോജനപ്പെടുത്തിയതെന്ന് ദുബായ് ജി ഡി ആർ എഫ് എ മേധാവി ലഫ്: ജനറൽ മുഹമ്മദ് അൽ മർറി അറിയിച്ചു.
ശരാശരി 3.4 സെക്കൻഡിനുള്ളിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന സംവിധാനത്തിലൂടെ യാത്രക്കാരെ നിർത്താതെ കടത്തിവിടുന്ന 100 ശതമാനം ‘സ്റ്റോപ്പ്-ഫ്രീ’ നിരക്കും ഇത് രേഖപ്പെടുത്തി.റെഡ് കാർപെറ്റ് നിലവിലെ എമിഗ്രേഷൻ പ്രോസസ്സിങ് സമയം 12.5 സെക്കൻഡിൽ നിന്ന് 3.4 സെക്കൻഡായി, അതായത് 60 ശതമാനം കുറയ്ക്കാനും സാധിച്ചു. ഒരേസമയം 10 യാത്രക്കാരെ വരെ പ്രോസസ് ചെയ്യാൻ സംവിധാനത്തിന് കഴിയും. പേപ്പർ രേഖകളും ശാരീരിക സ്പർശവും ഒഴിവാക്കുന്നതോടൊപ്പം സുരക്ഷാ പരിശോധനകളും തത്സമയം പൂർത്തിയാക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
എട്ട് മാസത്തിനിടെ 2,58,49,432 യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ചത്. ഇതിൽ 93,82,814 പേർ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് പ്രവേശന-പുറത്തുകടക്കൽ നടപടികൾ പൂർത്തിയാക്കി. ആകെ യാത്രക്കാരിൽ 60 ശതമാനത്തിലധികം പേർ സ്മാർട്ട് ഗേറ്റ് സംവിധാനമാണ് ഉപയോഗിച്ചതെന്ന് ദുബായിലെ എയർ പോർട്ടുകൾക്കായുള്ള ജി ഡി എ എഫ് എ യുടെ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാൻക്വിതി പറഞ്ഞു.
കുട്ടികൾക്കായി ഒരുക്കിയ പ്രത്യേക പാസ്പോർട്ട് പ്ലാറ്റ്ഫോം ആരംഭിച്ചതുമുതൽ 20,66,195 കുട്ടികൾക്ക് സേവനം നൽകി. ഇതിൽ 2026ലെ ആദ്യ എട്ട് മാസത്തിൽ മാത്രം 2,12,746 കുട്ടികൾ ഉൾപ്പെടുന്നു. കുട്ടികൾക്ക് കൂടുതൽ സൗഹൃദപരവും ആകർഷകവുമായ അന്തരീക്ഷത്തിലാണ് ഇവിടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന കുട്ടിപ്പാസഞ്ചർമാർക്ക് യാത്ര ഒരു വേറിട്ട അനുഭവം സമ്മാനിക്കുന്നതിനായി 2023 ഏപ്രിൽ 18-നാണ് ‘ജി.ഡി.ആർ.എഫ്.എ’ പ്രത്യേക പാസ്പോർട്ട് കൺട്രോൾ കൗണ്ടറുകൾ തുറന്നത്. എയർപോർട്ടിന്റെ ടെർമിനൽ 3-ൽ 4 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഈ കൗണ്ടറുകളിൽ, കുട്ടികൾക്ക് തന്നെ സ്വന്തമായി പാസ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കാനുള്ള അപൂർവ്വ അവസരവുമുണ്ട്.ദുബായിൽ എത്തുന്ന കുട്ടികൾക്ക് അവിസ്മരണീയമായ സ്വീകരണാനുഭവം നൽകാൻ ഈ സംരംഭത്തിലൂടെ സാധിക്കുന്നു.
പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ വിഭാഗത്തിലുള്ള യാത്രക്കാർക്കായി പ്രത്യേക എമിഗ്രേഷൻ ലെയിനുകൾ, കേൾവി സഹായ സംവിധാനങ്ങൾ, ആക്സസിബിൾ സൗകര്യങ്ങൾ ദുബായ് എയർപോർട്ടിൽ ഒരുക്കിയിട്ടുണ്ട്. ഇവർക്കായി 263 ഉദ്യോഗസ്ഥരെയും ഫെസിലിറ്റേറ്റർമാരെയും പരിശീലിപ്പിച്ചു. സേവന നിലവാരം വിലയിരുത്താൻ 15 പ്രത്യേക സംഘങ്ങളും വിമാനത്താവളം സന്ദർശിച്ചു
അതിനിടയിൽ, ദുബായിലെ സ്മാർട്ട് ബോർഡർ സംവിധാനത്തിന് അന്താരാഷ്ട്ര തലത്തിലും വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. 2026-ൽ 51 പ്രാദേശിക-അന്താരാഷ്ട്ര പ്രതിനിധി സംഘങ്ങൾ സംവിധാനങ്ങൾ പഠിക്കാൻ എത്തി. അതിർത്തി നിയന്ത്രണ രംഗത്തെ മികവിന് 15 പ്രാദേശിക-അന്താരാഷ്ട്ര പുരസ്കാരങ്ങളും ലഭിച്ചു.
റെഡ് കാർപെറ്റ് പദ്ധതിക്ക് ഗ്ലോബൽ ഇന്നോവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്ടെ ‘ടൈർ 3 (ഇൻ യൂസ്) ഇന്നോവേഷൻ എൻഡോഴ്സ്മെന്റ്’ ലഭിച്ചതിന് പുറമെ ‘ഐ ഡി സി വോയിസസ് ഓഫ് എഐ ഇന്നോവേഷൻ ഫോറമിലും’ എഐ നടപ്പാക്കലിന്റെ മികച്ച മാതൃകയായി അംഗീകാരം ലഭിച്ചു.
വിമാനത്താവളത്തിലെ തിരക്കേറിയ സമയങ്ങളിൽ യാത്രാനടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ‘ക്ലിക്ക് ആൻഡ് ട്രാവൽ’ എന്ന പുതിയ മൊബൈൽ സേവനവും കഴിഞ്ഞ ദിവസം ദുബായ് ഔദ്യോഗികമായി ആരംഭിച്ചിരുന്നു.മൊബൈൽ ഉപകരണങ്ങളുമായി എമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്രക്കാരുടെ അടുത്തെത്തി പ്രവേശന-പുറത്തുകടക്കൽ നടപടികൾ പൂർത്തിയാക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ് :ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുടെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ആദ്യ എട്ട് മാസത്തെ കണക്കുകളും പുതിയ സേവനവും പ്രഖ്യാപിച്ചത്.
