ദുബായ്, സെപ്തംബര് 9, 2026 : ദുബായ് ഹോൾഡിങ്ങിന്റെ പുതിയ ആസ്ഥാനവും ജുമൈറ റെസിഡൻസസ് എമിറേറ്റ്സ് ടവേഴ്സും നിർമിക്കാൻ 5 ബില്യൺ ദിർഹത്തിന്റെ കരാർ. ദുബായ് ഹോൾഡിങ്ങും ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ എൻജിനീയറിങ് കോർപ്പറേഷൻ മിഡിൽ ഈസ്റ്റും തമ്മിലാണ് കരാർ ഒപ്പുവച്ചത്. ദുബായ് ഹോൾഡിങ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം ചടങ്ങിൽ പങ്കെടുത്തു.
ദുബായ് ഹോൾഡിങ് ഇതുവരെ നൽകിയതിൽ ഏറ്റവും വലിയ നിർമാണ കരാറാണിത്. ദുബായുടെ ദീർഘകാല സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്ന വൻകിട പദ്ധതികളിലേക്ക് കമ്പനി നടത്തുന്ന നിക്ഷേപത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
ദുബായിലെ ശ്രദ്ധേയമായ കോർപ്പറേറ്റ് കെട്ടിടങ്ങളിലൊന്നായി പുതിയ ആസ്ഥാനം മാറും. കമ്പനിയുടെ വിവിധ ബിസിനസുകളെ ഒരൊറ്റ ഇടത്തിലേക്ക് കൊണ്ടുവരുന്ന ആസ്ഥാനം സഹകരണം, സുസ്ഥിരത, ജീവനക്കാരുടെ ക്ഷേമം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് രൂപകൽപന ചെയ്യുന്നത്.
2029ൽ കെട്ടിടം പ്രവർത്തനമാരംഭിക്കാനാണ് പദ്ധതി. രണ്ട് ടവറുകളിലായി 754 ആഡംബര ബ്രാൻഡഡ് വസതികൾ ഉൾപ്പെടുന്ന ജുമൈറ റെസിഡൻസസിന്റെ നിർമാണത്തിനും കരാർ വഴിയൊരുക്കും. ഈ പദ്ധതിയുടെ കൈമാറ്റം 2030ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലോകപ്രശസ്ത ആർക്കിടെക്ചർ സ്ഥാപനമായ സ്കിഡ്മോർ ഓവിങ്സ് ആൻഡ് മെറിൽ ആണ് ദുബായ് ഹോൾഡിങ്ങിന്റെ പുതിയ ആസ്ഥാനം രൂപകൽപന ചെയ്തിരിക്കുന്നത്. വൃത്താകൃതിയിലുള്ള കെട്ടിടത്തിന്റെ മധ്യഭാഗത്ത് തുറന്ന ആട്രിയവും പച്ചപ്പുള്ള കോർട്ട് യാർഡും ഉണ്ടായിരിക്കും.
ജുമൈറ റെസിഡൻസസ് എമിറേറ്റ്സ് ടവേഴ്സ് മിറാസിന്റെ പ്രധാന റെസിഡൻഷ്യൽ പദ്ധതികളിലൊന്നാണ്.
