ഷാർജ,സെപ്റ്റംബർ 10,2026 : റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ മുന്നേറ്റവുമായി ഷാർജ.2026 ഓഗസ്റ്റിൽ എമിറേറ്റിൽ AED 4.6 ബില്യൺ മൂല്യമുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നത്. വിവിധ മേഖലകളിലായി 9,139 ഇടപാടുകൾ രജിസ്റ്റർ ചെയ്തു. വിൽപ്പന ഇടപാടുകളിൽ കൈമാറ്റം ചെയ്ത ഭൂമിയുടെ ആകെ വിസ്തീർണം 12.5 ദശലക്ഷം ചതുരശ്ര അടി ആയി. ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണിയിലെ നിക്ഷേപ താൽപര്യം ശക്തമായി തുടരുന്നതിന്റെ സൂചനയാണ് പുതിയ കണക്കുകൾ. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിന്റെ കണക്കുകൾ പ്രകാരം ആകെ ഇടപാടുകളിൽ 4,804 എണ്ണം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇടപാടുകളാണ്.
2,658 ടൈറ്റിൽ ഡീഡ് ഇടപാടുകളും 978 പ്രാഥമിക വിൽപ്പന കരാർ ഇടപാടുകളും നടന്നു. 430 മോർട്ട്ഗേജ് ഇടപാടുകളിലായി AED 654.2 മില്യൺ മൂല്യമുള്ള ഇടപാടുകളും രേഖപ്പെടുത്തി. ഓഗസ്റ്റിൽ ഷാർജയിൽ നടന്ന ഏറ്റവും വലിയ വിൽപ്പന ഇൻഡസ്ട്രിയൽ ഏരിയ നാലിൽ ആയിരുന്നു. 55 മില്യൺ ദിർഹം വിലമതിക്കുന്ന ഭൂമിയുടെ ഇടപാടാണ് ഇവിടെ നടന്നത്. ഷാർജയിലെ നഗരവികസനം, നിക്ഷേപ സൗഹൃദ നിയമങ്ങൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ റിയൽ എസ്റ്റേറ്റ് മേഖലയിലെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതായാണ് വിലയിരുത്തൽ. പ്രാദേശിക നിക്ഷേപകർക്ക് പുറമെ രാജ്യാന്തര നിക്ഷേപകരെയും ആകർഷിക്കുന്ന കേന്ദ്രമായി ഷാർജയുടെ സ്ഥാനം കൂടുതൽ ശക്തമാകുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
