ദുബായ്,സെപ്റ്റംബർ 10,2026 : ഭിന്നശേഷിക്കാരുടെ കഴിവുകളും നേട്ടങ്ങളും ലോകത്തിന് മുന്നിലെത്തിക്കുന്ന ‘ Determination Without Limits’ ഫോട്ടോഗ്രഫി മത്സരത്തിന്റെ രണ്ടാം പതിപ്പിന് മികച്ച പ്രതികരണം. ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രഫി അവാർഡുമായി (HIPA) സഹകരിച്ച് ദുബായിൽ നടക്കുന്ന മത്സരത്തിൽ 78 രാജ്യങ്ങളിൽനിന്നായി 924 ഫോട്ടോഗ്രാഫർമാർ പങ്കെടുത്തു. ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഫോട്ടോഗ്രാഫർമാരുടെ എണ്ണത്തിൽ 31 ശതമാനവും ലഭിച്ച ചിത്രങ്ങളുടെ എണ്ണത്തിൽ 26 ശതമാനവും വർധനയുണ്ടായി. ആകെ 1,755 ചിത്രങ്ങളാണ് മത്സരത്തിന് ലഭിച്ചത്. ഭിന്നശേഷിക്കാരുടെ നിശ്ചയദാർഢ്യം, കഴിവുകൾ, ജീവിതത്തിലെ നേട്ടങ്ങൾ, സമൂഹത്തിലെ സജീവ പങ്കാളിത്തം തുടങ്ങിയവയാണ് ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
മത്സരത്തിൽ രണ്ട് വിഭാഗങ്ങളാണുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രൊഫഷനൽ, അമച്വർ ഫോട്ടോഗ്രാഫർമാർക്കുള്ളതാണ് ആദ്യ വിഭാഗം. ഒക്ടോബർ 19 മുതൽ 21 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ആക്സസ് എബിലിറ്റിസ് എക്സ്പോ സന്ദർശിക്കുന്ന ഫോട്ടോഗ്രാഫർമാർക്കുള്ളതാണ് രണ്ടാമത്തെ വിഭാഗം. എക്സ്പോയിൽ ഭിന്നശേഷിക്കാർ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, സഹായ സാങ്കേതികവിദ്യകൾ, കോൺഫറൻസുകൾ, വർക്ക്ഷോപ്പുകൾ, തുടങ്ങിയവ ചിത്രങ്ങളാക്കാം. ചിത്രങ്ങൾ പിന്നീട് HIPA വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. പ്രാദേശിക വിഭാഗത്തിലെ വിജയികളെ എക്സ്പോ അവസാനിക്കുന്നതിന് മുൻപ് പ്രഖ്യാപിക്കും. പ്രത്യേക ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഭിന്നശേഷിക്കാരുടെ കഴിവുകളും ആത്മവിശ്വാസവും സമൂഹത്തിലെ പങ്കാളിത്തവും കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം. ഫോട്ടോഗ്രഫിയിലൂടെ സമൂഹത്തിലെ വൈവിധ്യവും ഉൾക്കൊള്ളലും പ്രോത്സാഹിപ്പിക്കാനും മത്സരം സഹായിക്കുമെന്ന് സംഘാടകർ പറഞ്ഞു. ഒക്ടോബർ 19 മുതൽ 21 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് എട്ടാമത് ആക്സസ് എബിലിറ്റിസ് എക്സ്പോ നടക്കുന്നത്.
