അബുദാബി,സെപ്റ്റംബർ 10,2026 : യുഎഇയിലെ വിദ്യാഭ്യാസ-ഗവേഷണ മേഖലയിൽ കൃത്രിമബുദ്ധി (എഐ) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം കൂടുതൽ ശക്തമാക്കാൻ പുതിയ നീക്കം. രാജ്യത്തെ ദേശീയ ഗവേഷണ-വിദ്യാഭ്യാസ ശൃംഖലയായ അംഗബൂത്തും ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ഇ ആൻഡ് യുഎഇയും തമ്മിലുള്ള സഹകരണം പുതുക്കി.
സുരക്ഷിതവും വേഗമേറിയതുമായ ഡിജിറ്റൽ ശൃംഖല കൂടുതൽ വികസിപ്പിക്കുകയാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്. സർവകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും നൂതന ഗവേഷണം, ക്ലൗഡ് സേവനങ്ങൾ, എഐ അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ വേഗത്തിൽ നടത്താൻ പുതിയ സംവിധാനം സഹായിക്കും. എഐയുടെ ഉപയോഗം വിദ്യാഭ്യാസ മേഖലയിലും അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ വലിയ അളവിലുള്ള വിവരങ്ങൾ കൈകാര്യം ചെയ്യാനും സങ്കീർണമായ എഐ മാതൃകകൾ പരിശീലിപ്പിക്കാനും കൂടുതൽ ശേഷിയുള്ള ശൃംഖല ആവശ്യമാണ്. ഇതിനായി പ്രത്യേക സ്വകാര്യ വിദ്യാഭ്യാസ ശൃംഖല ഒരുക്കും.
ക്യാംപസുകളെ പ്രാദേശിക എഐ സേവനദാതാക്കളുമായും വലിയ ക്ലൗഡ് സംവിധാനങ്ങളുമായും നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ വിവര കൈമാറ്റത്തിലെ കാലതാമസം കുറയ്ക്കാനും കൂടുതൽ വേഗത്തിൽ ഗവേഷണം നടത്താനും സാധിക്കും. ശൃംഖലയിലെ തിരക്കും വേഗതക്കുറവും ഒഴിവാക്കാനും പുതിയ സംവിധാനം സഹായിക്കും. യുഎഇയിലെ സർവകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും രാജ്യാന്തര ഗവേഷണ ശൃംഖലകളുമായി കൂടുതൽ കാര്യക്ഷമമായി സഹകരിക്കാനും ഇതിലൂടെ കഴിയും. ഉയർന്ന വേഗത്തിലുള്ള വിവര കൈമാറ്റം വഴി രാജ്യാന്തര ഗവേഷണ പദ്ധതികളിലും യുഎഇയിലെ സ്ഥാപനങ്ങൾക്ക് കൂടുതൽ സജീവമായി പങ്കെടുക്കാനാകും. യുഎഇയുടെ ദേശീയ എഐ തന്ത്രത്തിനും ഡിജിറ്റൽ പരിവർത്തന പദ്ധതികൾക്കും പിന്തുണ നൽകുന്നതാണ് പുതിയ സഹകരണം. എഐ, ഗവേഷണം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ യുഎഇയെ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് പുതിയ ഡിജിറ്റൽ അടിസ്ഥാന സൗകര്യം കൂടുതൽ കരുത്തേകുമെന്ന് അധികൃതർ അറിയിച്ചു.
