ദുബായ്, സെപ്റ്റംബർ 15, 2026 : ആഗോള യാത്രാ-ടൂറിസം മേഖലയിലെ പ്രമുഖ പ്രദർശനങ്ങളിലൊന്നായ അറേബ്യൻ ട്രാവൽ മാർക്കറ്റ് (ATM) 2026ന് ദുബായിൽ തുടക്കമായി. സെപ്റ്റംബർ 14 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് 33-ാമത് എഡിഷൻ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എയർലൈൻ കമ്പനികൾ, ഹോട്ടൽ ഗ്രൂപ്പുകൾ, ടൂറിസം സ്ഥാപനങ്ങൾ, ട്രാവൽ ഏജൻസികൾ, ടെക്നോളജി കമ്പനികൾ തുടങ്ങിയവ മേളയിൽ പങ്കെടുക്കുന്നുണ്ട്. പ്രാദേശിക സംഘർഷങ്ങളും യാത്രാ മേഖലയിലുണ്ടായ തടസ്സങ്ങളും ടൂറിസം വ്യവസായത്തെ ബാധിച്ച സാഹചര്യത്തിന് പിന്നാലെയാണ് ഇത്തവണത്തെ ATM നടക്കുന്നത്. യാത്രാ മേഖലയുടെ തിരിച്ചുവരവിനും പുതിയ വളർച്ചാ സാധ്യതകൾ കണ്ടെത്തുന്നതിനും മേള പ്രധാന വേദിയാകുമെന്നാണ് വിലയിരുത്തൽ. ടൂറിസം മേഖലയിൽ തിരിച്ചുവരവിന്റെ സൂചനകൾ ദുബായിലും പ്രകടമാണ്. 2026 ഓഗസ്റ്റിൽ ഏകദേശം 8.69 ലക്ഷം അന്താരാഷ്ട്ര സന്ദർശകരാണ് ദുബായിലെത്തിയത്. ഫെബ്രുവരിക്ക് ശേഷമുള്ള ഒരു മാസത്തെ ഏറ്റവും ഉയർന്ന സന്ദർശക എണ്ണമാണിത്. ഇതോടെ ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ ദുബായിലെത്തിയ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണം ഏകദേശം 6.97 മില്യണായി. ഓഗസ്റ്റിലെ ഹോട്ടൽ ഒക്കുപ്പൻസി നിരക്ക് 66 ശതമാനത്തിലെത്തിയതും ടൂറിസം മേഖലയുടെ വീണ്ടെടുപ്പിന്റെ സൂചനയായാണ് കാണുന്നത്.
‘ട്രാവൽ 2040: ഡ്രൈവിങ് ന്യൂ ഫ്രണ്ടിയേഴ്സ് ത്രൂ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി’ എന്നതാണ് ATM 2026ന്റെ പ്രമേയം.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ട്രാവൽ സേവനങ്ങൾ, സ്മാർട്ട് മൊബിലിറ്റി, സുസ്ഥിര ടൂറിസം, മാറിവരുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ എന്നിവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ.യാത്രക്കാരുടെ അനുഭവം കൂടുതൽ വ്യക്തിഗതമാക്കുന്നതിലും ട്രാവൽ ബിസിനസുകളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിലും എഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്കുള്ള സാധ്യതകളും മേളയിൽ ചർച്ച ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസം ബോർഡുകൾ, എയർലൈൻ കമ്പനികൾ, ഹോട്ടൽ ബ്രാൻഡുകൾ, ട്രാവൽ ടെക്നോളജി സ്ഥാപനങ്ങൾ തുടങ്ങിയവ ATM-ൽ പങ്കെടുക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പം യൂറോപ്പ്, ഏഷ്യ, മറ്റ് അന്താരാഷ്ട്ര വിപണികളിൽ നിന്നുള്ള കമ്പനികളും മേളയുടെ ഭാഗമാണ്. പുതിയ ബിസിനസ് പങ്കാളിത്തങ്ങൾ, യാത്രാ വിപണിയിലെ പുതിയ അവസരങ്ങൾ, ഭാവിയിലെ ടൂറിസം ട്രെൻഡുകൾ എന്നിവ ചർച്ച ചെയ്യാനുള്ള പ്രധാന വേദിയായും ATM മാറും.
