ദുബായ്,സെപ്റ്റംബർ 18,2026: കാത്തിരിപ്പിന് വിരാമമിട്ട് ദുബായ് പാർക്സ് ആൻഡ് റിസോർട്സ് ഒക്ടോബർ 7ന് സന്ദർശകർക്കായി വീണ്ടും തുറക്കും. മോഷൻഗേറ്റ് ദുബായ്, റയൽ മാഡ്രിഡ് വേൾഡ്, ലെഗോലാൻഡ് ദുബായ് റിസോർട്ട്, റിവർലാൻഡ് എന്നിവയാണ് പുതിയ വിനോദസീസണിൽ സന്ദർശകരെ കാത്തിരിക്കുന്നത്. റോളർ കോസ്റ്റർ, സിനിമാ ലോകങ്ങളുടെ അനുഭവങ്ങൾ, ഫുട്ബോൾ വിനോദങ്ങൾ, കുടുംബങ്ങൾക്കായുള്ള വിവിധ പരിപാടികൾ, ഗെയിമുകൾ, ഭക്ഷണശാലകൾ, താമസസൗകര്യങ്ങൾ എന്നിവ ഒരിടത്ത് ആസ്വദിക്കാനാകും. ഒക്ടോബറിലെ ഇടവേളാ അവധിക്ക് മുന്നോടിയായാണ് വിനോദകേന്ദ്രം വീണ്ടും തുറക്കുന്നത്.
റിവർലാൻഡിൽ പുതിയ വിനോദങ്ങൾ
റിവർലാൻഡിൽ ഇത്തവണ പുതിയ ബൗളിങ് കേന്ദ്രവും ലംബോർഗിനി കാറുകളുടെ ഓട്ടമത്സരത്തിന്റെ അനുഭവം നൽകുന്ന സിമുലേറ്ററുകളും ഒരുക്കിയിട്ടുണ്ട്. ഗോ-കാർട്ടിങ്, അമ്പെയ്ത്ത്, ഷൂട്ടിങ് മത്സരങ്ങൾ, മിനി ഗോൾഫ്, ആർക്കേഡ് ഗെയിമുകൾ തുടങ്ങിയവയും സന്ദർശകർക്ക് ആസ്വദിക്കാം. ഫ്രഞ്ച് വില്ലേജ്, ബോർഡ്വാക്ക്, സ്പോർട്സ് ബൊളിവാർഡ്, ദ പെനിൻസുല എന്നിവിടങ്ങളിലായി റസ്റ്ററന്റുകളും കഫേകളും വിനോദകേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ് റിവർലാൻഡ്.
സിനിമാ ലോകത്തേക്ക് മോഷൻഗേറ്റ്
മോഷൻഗേറ്റ് ദുബായിൽ 29 റൈഡുകളും വിവിധ വിനോദ ആകർഷണങ്ങളുമുണ്ട്. പ്രശസ്ത ഹോളിവുഡ് സിനിമകളെ അടിസ്ഥാനമാക്കിയുള്ള അനുഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മഡഗാസ്കർ മാഡ് പർസ്യൂട്ട്, ഡ്രാഗൺ ഗ്ലൈഡേഴ്സ്, ദ ഹംഗർ ഗെയിംസ് – ക്യാപിറ്റൽ ബുള്ളറ്റ് ട്രെയിൻ എന്നിവയ്ക്കൊപ്പം ഷ്രെക്ക്, കുങ്ഫു പാണ്ട, ദ സ്മർഫ്സ് തുടങ്ങിയ ജനപ്രിയ കഥാപാത്രങ്ങളുടെ ലോകവും സന്ദർശകർക്ക് പരിചയപ്പെടാം.
റയൽ മാഡ്രിഡിന്റെ ലോകത്തേക്ക്
ഫുട്ബോൾ ആരാധകർക്കായി റയൽ മാഡ്രിഡ് വേൾഡിൽ 40ലേറെ റൈഡുകളും അനുഭവങ്ങളുമുണ്ട്. ഹാല മാഡ്രിഡ് കോസ്റ്റർ, സ്റ്റാർസ് ഫ്ലയർ, ബെർണബ്യു അനുഭവം, ലാ ഫബ്രിക്ക പരിശീലന മൈതാനം, ഫുട്ബോൾ താരങ്ങളെ നേരിൽ കാണാനുള്ള അവസരം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
കുട്ടികൾക്കായി ലെഗോലാൻഡ്
കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ലെഗോലാൻഡ് ദുബായ് തീം പാർക്ക്, ലെഗോലാൻഡ് വാട്ടർ പാർക്ക്, ലെഗോലാൻഡ് ഹോട്ടൽ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. തീം പാർക്കിൽ 40ലേറെ റൈഡുകളും ആകർഷണങ്ങളുമുണ്ട്. വാട്ടർ പാർക്കിൽ 20 ജലവിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. ചരിത്രാതീത കാലത്തെ ജീവികളുടെ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന ടി-റെക്സ് ഗ്ലാമ്പിങ് അനുഭവവും പുതിയ സീസണിൽ ഉണ്ടാകും. ഒക്ടോബർ 7 മുതൽ ദുബായ് പാർക്സ് ആൻഡ് റിസോർട്സ് സന്ദർശകർക്കായി തുറക്കും. മോഷൻഗേറ്റ് ദുബായ്, റയൽ മാഡ്രിഡ് വേൾഡ് എന്നിവയുടെ പ്രവേശന ടിക്കറ്റിന് 295 ദിർഹം മുതൽ ആണ് നിരക്ക് . റിവർലാൻഡിലേക്കുള്ള പ്രവേശന ടിക്കറ്റ് 25 ദിർഹം മുതൽ ആണ്.
