ദുബായ്, സെപ്റ്റംബർ 18, 2026 : സൈക്ലിങ് പ്രേമികൾക്ക് ആവേശം പകരുന്ന 14 മത്സരങ്ങളുമായി ദുബായ് പൊലീസ്. 2026 സെപ്റ്റംബർ മുതൽ 2027 ഏപ്രിൽ വരെയാണ് വിവിധ സൈക്ലിങ്, മൾട്ടിസ്പോർട് മത്സരങ്ങൾ നടക്കുക.
ദുബായ് പൊലീസ് ട്രയാത്ത്ലോൺ, പ്രൗഡ് ഓഫ് ദി യുഎഇ റേസ്, പോസിറ്റീവ് സ്പിരിറ്റ് റേസ്, റൈഡ് വിത്ത് പൊലീസ്, ദുബായ് പൊലീസ് എംടിബി ചലഞ്ച്, റമദാൻ ഗെയിംസ്, പ്രൗഡ് ഓഫ് ദി യുഎഇ യുഐസി നാഷനൽ ചാംപ്യൻഷിപ്പ് എന്നിവയാണ് പ്രധാന മത്സരങ്ങൾ.
യുഎഇ സൈക്ലിങ് ഫെഡറേഷന്റെയും ദുബായ് സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ദുബായ് പൊലീസിന്റെ ആദ്യ ട്രയാത്ത്ലോൺ ഒക്ടോബറിൽ നടക്കും. ആദ്യമായാണ് ദുബായിൽ ഈ മത്സരം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര ട്രയാത്ത്ലോൺ കലണ്ടറിലും മത്സരത്തിന് ഇടം ലഭിച്ചിട്ടുണ്ട്.
കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനുമൊപ്പം സമൂഹത്തെ കൂടുതൽ സജീവമാക്കുകയാണ് പരിപാടികളുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. ദുബായിലെ സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്താനും മത്സരങ്ങൾ സഹായിക്കും.
