അബുദാബി,സെപ്റ്റംബർ 26,2026 : വ്യാപാരം, നിക്ഷേപം, നിർമിതബുദ്ധി, കാലാവസ്ഥ, സാങ്കേതികവിദ്യ, സുരക്ഷ തുടങ്ങിയ നിർണായക മേഖലകളിൽ യുഎഇയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ യൂറോപ്യൻ യൂണിയൻ. യുഎഇയുടെ ആദ്യകാലം മുതൽ യൂറോപ്പും യുഎഇയും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്ന് യുഎഇയിലെ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വർഷങ്ങൾക്കിടെ ഈ ബന്ധം കൂടുതൽ വളർന്ന് സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ മേഖലകളിലേക്കും വ്യാപിച്ചു. യൂറോപ്യൻ യൂണിയനാണ് യുഎഇയുടെ ഏറ്റവും വലിയ നിക്ഷേപ പങ്കാളി. യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയും യൂറോപ്യൻ യൂണിയനാണ്. നിർമിതബുദ്ധി, കാലാവസ്ഥാ പ്രവർത്തനം, പുതിയ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാനാണ് നീക്കം. ഹരിത സമ്പദ്വ്യവസ്ഥയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനും സാങ്കേതികവിദ്യയും വൈദഗ്ധ്യവും പങ്കുവയ്ക്കാനും ഇരുപക്ഷവും പ്രവർത്തിക്കും. യൂറോപ്പിനും മധ്യപൂർവദേശത്തിനും വടക്കേ ആഫ്രിക്കയ്ക്കും ഇടയിലെ ബന്ധം കൂടുതൽ ശക്തമാക്കാനും ലക്ഷ്യമിടുന്നുണ്ട്. യുഎഇയിലെ യൂറോപ്യൻ സ്കൂളുകളും സർവകലാശാലകളും തമ്മിലുള്ള സഹകരണവും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതായി യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. മേഖലയിൽ സുരക്ഷാ വെല്ലുവിളികൾ വർധിക്കുന്ന സാഹചര്യത്തിൽ യുഎഇയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും യൂറോപ്യൻ യൂണിയൻ സഹകരിക്കുന്നുണ്ട്. സ്ഥിരതയ്ക്ക് വെല്ലുവിളികൾ നേരിടുമ്പോൾ ഒരുമിച്ച് നിൽക്കുന്നതാണ് യഥാർഥ പങ്കാളിത്തമെന്നും യൂറോപ്യൻ യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.
