ദുബായ്, സെപ്റ്റംബർ 30, 2026 : ഡി പി വേൾഡ് ILT20 അഞ്ചാം സീസണിലേക്കുള്ള താരലേലം ഒക്ടോബർ ഒന്നിന് ദുബായിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് താരങ്ങളാണ് ആറ് ഫ്രാഞ്ചൈസികളിൽ ഇടം നേടാനായി ലേലത്തിനെത്തുന്നത്. ദുബായിലെ ഐ സി സി അക്കാദമി ഇൻഡോറിൽ ഉച്ചയ്ക്ക് ഒരു മണി മുതലാണ് ലേലം.
ബാബർ അസം ഉൾപ്പെടെയുള്ള പ്രമുഖർ ഉയർന്ന അടിസ്ഥാന വിലയിൽ
താരങ്ങളെ 80,000 ഡോളർ, 40,000 ഡോളർ, 10,000 ഡോളർ എന്നിങ്ങനെ മൂന്ന് അടിസ്ഥാന വില വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. 80,000 ഡോളർ, ഏകദേശം 2.94 ലക്ഷം ദിർഹം അടിസ്ഥാന വിലയുള്ള വിഭാഗത്തിൽ ബാബർ അസം, ഫിൽ സാൾട്ട്, ജോണി ബെയർസ്റ്റോ, ഫാഫ് ഡുപ്ലെസി, മൊയീൻ അലി, ലിയാം ലിവിങ്സ്റ്റൺ, വനിന്ദു ഹസരംഗ, റഹ്മാനുള്ള ഗുർബാസ്, അലക്സ്ഹെയിൽസ് തുടങ്ങിയ പ്രമുഖ താരങ്ങളുണ്ട്. 40,000 ഡോളർ, ഏകദേശം 1.47 ലക്ഷം ദിർഹം വിഭാഗത്തിൽ ഷദാബ് ഖാൻ, ഇബ്രാഹിം സദ്രാൻ, കുസൽ പെരേര, തബ്രൈസ് ഷംസി, ഗുൽബദിൻ നയിബ്, ആന്ദ്രെ ഫ്ലെച്ചർ തുടങ്ങിയവരാണ് ഉൾപ്പെട്ടിരിക്കുന്നത്. 10,000 ഡോളർ, ഏകദേശം 36,700 ദിർഹം അടിസ്ഥാന വിലയുള്ള വിഭാഗത്തിലും നിരവധി താരങ്ങളുണ്ട്. യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളുടെ അടിസ്ഥാന വിലയും 10,000 ഡോളറാണ്.
ഏറ്റവും കൂടുതൽ തുകയുമായി എം ഐ എമിറേറ്റ്സ്
ഓരോ ടീമിനും ലേലത്തിനായി അടിസ്ഥാനമായി 1.3 മില്യൺ ഡോളറിന്റെ തുക ലഭിക്കും. ലേലത്തിന് മുമ്പുള്ള സൈനിങ്ങുകൾക്കായി അനുവദിച്ച തുകയിൽ ബാക്കിയുണ്ടെങ്കിൽ അതും ലേലത്തുകയിലേക്ക് ചേർക്കാം. 1.39 മില്യൺ ഡോളറുമായി എം ഐ എമിറേറ്റ്സ് ആണ് ഏറ്റവും കൂടുതൽ തുകയുമായി ലേലത്തിനെത്തുന്നത്. അബുദാബി നൈറ്റ് റൈഡേഴ്സ് 1.365 മില്യൺ ഡോളറാണ് ലഭ്യമായിരിക്കുന്നത്.
ടീമുകളിൽ 18 മുതൽ 23 വരെ താരങ്ങൾ
ലേലത്തിന് ശേഷം ഓരോ ടീമിലും 18 മുതൽ 23 വരെ താരങ്ങളുണ്ടാകണം. യുഎഇ താരങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരെ ഉൾപ്പെടുത്തുന്നതിനുള്ള നിശ്ചിത മാനദണ്ഡങ്ങളും ടീമുകൾ പാലിക്കണം. ILT20 അഞ്ചാം സീസൺ നവംബർ 21 മുതൽ ഡിസംബർ 20 വരെയാണ് നടക്കുക. അബുദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയാണ് മത്സരവേദികൾ.
