ദുബായ്, ഒക്ടോബർ 1, 2026 : ഡെലിവറി ഓർഡർ കൃത്യസമയത്ത് എത്തിക്കാനുള്ള തിരക്കിനിടയിലും പൊതുസുരക്ഷയ്ക്ക് മുൻഗണന നൽകിയ ഇന്ത്യൻ യുവാവിന് ദുബായുടെ ആദരം. റോഡരികിലെ തകരാറിലായ ജലസേചന പൈപ്പിൽനിന്നുള്ള വെള്ളച്ചോർച്ച തടഞ്ഞ മുഹമ്മദ് പർവേസിനെയാണ് ദുബായ് അധികൃതർ ആദരിച്ചത്.
ഓർഡർ എത്തിക്കാനായി ബൈക്കിൽ പോകുന്നതിനിടെയാണ് റോഡിലേക്ക് ശക്തമായി വെള്ളം ഒഴുകുന്നത് പർവേസിന്റെ ശ്രദ്ധയിൽപ്പെട്ടത്. റോഡരികിലെ ചെടികൾ നനയ്ക്കാൻ സ്ഥാപിച്ചിരുന്ന പൈപ്പിനുണ്ടായ തകരാറാണ് വെള്ളച്ചോർച്ചയ്ക്ക് കാരണമെന്ന് മനസ്സിലാക്കിയതോടെ അദ്ദേഹം ബൈക്ക് നിർത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു.
വെള്ളം റോഡിലേക്ക് ഒഴുകുന്നത് വാഹനയാത്രക്കാർക്ക് അപകടസാധ്യത സൃഷ്ടിക്കുന്ന സാഹചര്യമായിരുന്നു. പൈപ്പ് നന്നാക്കുന്നത് തന്റെ ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും പർവേസ് അവിടെനിന്ന് മടങ്ങിയില്ല. ആദ്യ ശ്രമങ്ങളിൽ വിജയിക്കാനായില്ലെങ്കിലും വീണ്ടും പരിശ്രമിച്ച് വെള്ളത്തിന്റെ ഒഴുക്ക് തടയുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട എമിറാത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹമദ്, പർവേസിന്റെ പ്രവൃത്തി മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പിന്നാലെ സംഭവം ദുബായ് അധികൃതരുടെ ശ്രദ്ധയിലുമെത്തി.
ജബൽ അലിയിലെ ഓഫീസിലേക്ക് ക്ഷണിച്ച് ആദരം
പർവേസിനെ ജബൽ അലിയിലെ പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ഓഫീസിലേക്ക് ക്ഷണിച്ചാണ് അധികൃതർ ആദരിച്ചത്. സമിതിയിലെ അബ്ദുള്ള ലഷ്കരി അദ്ദേഹത്തിന് അഭിനന്ദന സർട്ടിഫിക്കറ്റും സമ്മാനവും കൈമാറി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിലും സമൂഹത്തോടുള്ള ഉത്തരവാദിത്തം പ്രകടിപ്പിക്കുന്നതിലും പർവേസ് കാണിച്ച മാതൃകാപരമായ ഇടപെടലിനാണ് അംഗീകാരമെന്ന് ജിഡിആർഎഫ്എ ദുബായ് വ്യക്തമാക്കി.
ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പർവേസിനെ ഓഫീസിൽ നേരിട്ട് സ്വീകരിച്ച് അഭിനന്ദിക്കുമെന്നും അധികൃതർ അറിയിച്ചു. ലഭിച്ച അംഗീകാരത്തിൽ സന്തോഷം പങ്കുവച്ച പർവേസ്, ദുബായിലെ ജനങ്ങൾക്കും അധികൃതർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. തനിക്ക് ലഭിച്ച സ്നേഹവും അഭിനന്ദനവും ഏറെ വിലപ്പെട്ടതാണെന്നും ‘ഐ ലവ് യൂ, ദുബായ്’ എന്നും യുവാവ് പ്രതികരിച്ചു.
സ്വന്തം ജോലിത്തിരക്കിനിടയിലും മറ്റുള്ളവരുടെ സുരക്ഷയ്ക്കായി സമയം കണ്ടെത്തിയ പർവേസിന്റെ പ്രവൃത്തി, സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമായി മാറിയിരിക്കുകയാണ്.
