അബുദാബി, ഒക്ടോബർ 7, 2026 : രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി രണ്ട് പുതിയ ഇമ്മ്യൂണോളജി തെറാപ്പികൾ അവതരിപ്പിച്ച് മുബാദല ബയോ. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ബയോവെഞ്ചർ ഹെൽത്ത്കെയറാണ് അഡാലിമുമാബ്, ഉസ്റ്റെകിനുമാബ് എന്നീ ചികിത്സകൾ അവതരിപ്പിച്ചത്.
ദീർഘകാല ചികിത്സ ആവശ്യമായ ഓട്ടോഇമ്മ്യൂൺ, ഇൻഫ്ലമേറ്ററി രോഗങ്ങൾക്ക് കൂടുതൽ ചികിത്സാ ഓപ്ഷനുകൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അഡാലിമുമാബ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, സോറിയാറ്റിക് ആർത്രൈറ്റിസ്, ക്രോൺസ് ഡിസീസ്, അൾസറേറ്റീവ് കൊളൈറ്റിസ്, പ്ലാക്ക് സോറിയാസിസ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ബയോളജിക് തെറാപ്പിയാണ്.
ഉസ്റ്റെകിനുമാബ് പ്ലാക്ക് സോറിയാസിസ്, അൾസറേറ്റീവ് കൊളൈറ്റിസ്, സോറിയാറ്റിക് ആർത്രൈറ്റിസ്, ക്രോൺസ് ഡിസീസ് തുടങ്ങിയവയുടെ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത്.
നൂതന ചികിത്സകൾ കൂടുതൽ രോഗികളിലേക്ക് എത്തിക്കുന്നതിനൊപ്പം ഇത്തരം ചികിത്സകൾ പ്രാദേശികമായി ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്ന് മുബാദല ബയോ അറിയിച്ചു. ലൈഫ് സയൻസസ് മേഖലയിലെ ആഗോള കേന്ദ്രമായി യുഎഇയെ വളർത്താനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തിനും ഇത് പിന്തുണ നൽകും.
ഈ മരുന്നുകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിലൂടെ മാത്രം ലഭിക്കുന്നവയാണ്. ലൈസൻസുള്ള ആരോഗ്യ വിദഗ്ധന്റെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ.
