ഷാർജ, ഒക്ടോബർ 7, 2026: കുട്ടികൾക്കും യുവാക്കൾക്കുമായുള്ള ഷാർജ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 13-ാം പതിപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ നവംബർ 1 വരെ ഷാർജ സിറ്റി സെന്റർ അൽ സാഹിയയിലും ഹൗസ് ഓഫ് വിസ്ഡത്തിലുമായാണ് മേള നടക്കുക.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ഷാർജ ഫാമിലി ആൻഡ് കമ്മ്യൂണിറ്റി കൗൺസിൽ ചെയർപേഴ്സൺ ഹർ ഹൈനസ് ഷെയ്ഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെയും മാർഗനിർദേശത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
ഇത്തവണ ഇറ്റലി വിശിഷ്ട രാജ്യം
ഈ വർഷത്തെ മേളയിൽ ഇറ്റലിയാണ് ‘കൺട്രി ഓഫ് ഓണർ’. ഇറ്റലിയുടെ സമ്പന്നമായ സിനിമാ-സാംസ്കാരിക പാരമ്പര്യം യുഎഇയിലെ കുട്ടികൾക്കും യുവപ്രേക്ഷകർക്കും പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികൾ മേളയുടെ ഭാഗമാകും.
ഫാൻ സംഘടിപ്പിക്കുന്ന മേള ഒക്ടോബർ 25ന് ഔദ്യോഗികമായി ആരംഭിക്കും. എട്ട് ദിവസം നീളുന്ന മേളയിൽ സിനിമ, സർഗാത്മകത, സാംസ്കാരിക കൈമാറ്റം എന്നിവയ്ക്ക് പ്രാധാന്യം നൽകും.
അന്താരാഷ്ട്ര, അറബ് സിനിമകൾക്കൊപ്പം കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള സംവേദനാത്മക അനുഭവങ്ങളും വിവിധ പരിപാടികളും മേളയിൽ ഒരുക്കും. യുവതലമുറയ്ക്കായി സിനിമയെ പ്രോത്സാഹിപ്പിക്കുന്ന വേദിയായി കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഷാർജ അന്താരാഷ്ട്ര ചലച്ചിത്രമേള പ്രവർത്തിച്ചുവരുന്നു.
