ദുബായ്,ഒക്ടോബർ 14,2026 : അൽ സത്വ റൗണ്ട്എബൗട്ട് ട്രാഫിക് സിഗ്നലുകളുള്ള ജങ്ഷനാക്കി മാറ്റുന്ന പ്രവൃത്തികൾ പൂർത്തിയാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ഇതോടൊപ്പം സമീപത്തെ റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണവും പൂർത്തിയാക്കി. പുതിയ സംവിധാനത്തിലൂടെ ഈ ഭാഗത്തെ യാത്രാസമയം 50 ശതമാനം കുറയുമെന്ന് ആർടിഎ അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ കാത്തിരിപ്പുസമയവും ഗതാഗതക്കുരുക്കും 60 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഡിസംബർ 2 സ്ട്രീറ്റിൽ നിന്ന് ട്രേഡ് സെന്റർ, അൽ സത്വ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള വാഹനഗതാഗതം കൂടുതൽ സുഗമമാക്കാൻ പദ്ധതി സഹായിക്കും.സമീപത്തെ റോഡുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ വർധിപ്പിക്കാനും പുതിയ ജങ്ഷൻ സഹായിക്കും.
കൂടാതെ, അൽ ബദാ, അൽ ജാഫിലിയ, അൽ ഹുദൈബ, ജുമൈറ തുടങ്ങിയ സമീപപ്രദേശങ്ങളിലേക്കും ഷെയ്ഖ് സായിദ് റോഡിലേക്കുമുള്ള യാത്രയും കൂടുതൽ എളുപ്പമാകും.
ബസുകൾക്ക് ഈ ഭാഗത്തേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും കൂടുതൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിലൂടെ ബസ് സർവീസുകളിലെ കാലതാമസം കുറയ്ക്കാനും പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കും. ദുബായിലെ റോഡ് വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നവീകരണം. വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് വികസന പദ്ധതിയുമായി ചേർന്ന് പ്രധാന റോഡുകളിലെയും സമീപത്തെ ജങ്ഷനുകളിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.
