ഷാർജ, ഒക്ടോബർ 14,2026 : സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃത്രിമ ബുദ്ധി അഥവാ എഐ സുരക്ഷിതവും ഉത്തരവാദിത്തപരവും ഫലപ്രദവുമായി ഉപയോഗിക്കുന്നത് ഉറപ്പാക്കാൻ പുതിയ നൈതിക ചട്ടക്കൂട് അവതരിപ്പിച്ച് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ പരിവർത്തനത്തെ ശക്തിപ്പെടുത്തുന്നതിനും അധ്യാപകർക്കും വിദ്യാർഥികൾക്കും എഐ പ്രയോജനപ്പെടുത്തുന്നതിനുമാണ് ചട്ടക്കൂട് ലക്ഷ്യമിടുന്നത്. അതേസമയം സ്വകാര്യത, വിവര സുരക്ഷ, അക്കാദമിക സത്യസന്ധത എന്നിവ സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകുന്നു.
നീതിനിഷ്ഠ, സുതാര്യത, ഉത്തരവാദിത്തം, മനുഷ്യ മേൽനോട്ടം, സൈബർ സുരക്ഷ, വിമർശനാത്മക ചിന്ത, എഐ സൃഷ്ടിക്കുന്ന വിവരങ്ങളുടെ പരിശോധന എന്നിവയ്ക്കാണ് ചട്ടക്കൂടിൽ പ്രധാന പരിഗണന. വിദ്യാർഥികളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അധ്യാപകരുടെ പങ്ക് ശക്തിപ്പെടുത്തുകയും വിദ്യാർഥികളിൽ വിമർശനാത്മക ചിന്ത വളർത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയിലെ പാഠ്യപദ്ധതി, മൂല്യനിർണയ വിഭാഗം ഡയറക്ടർ ആയിഷ ബുട്ടി അൽ ഗഫ്ലി പറഞ്ഞു. അസൈൻമെന്റുകൾ, പ്രോജക്ടുകൾ, പരീക്ഷകൾ തുടങ്ങിയവയിൽ എഐ ഉപയോഗിക്കുന്നതിനും ചട്ടങ്ങൾ ബാധകമാണ്. ആവശ്യമായ സാഹചര്യങ്ങളിൽ എഐ ഉപയോഗിച്ച വിവരം വ്യക്തമാക്കണം. എഐ സൃഷ്ടിച്ച ഉള്ളടക്കം വിദ്യാർഥികളുടെ സ്വന്തം പ്രവർത്തനത്തിനോ അധ്യാപകരുടെ പങ്കിനോ പകരമാകരുതെന്നും നിർദേശമുണ്ട്. എഐ സൃഷ്ടിക്കുന്ന വിവരങ്ങളും അവയുടെ ഉറവിടങ്ങളും പരിശോധിക്കണമെന്നും ചട്ടക്കൂട് വ്യക്തമാക്കുന്നു. അധ്യാപകർ, വിദ്യാർഥികൾ, സ്കൂൾ അധികൃതർ, സാങ്കേതിക വിഭാഗങ്ങൾ, വിദ്യാഭ്യാസ വിദഗ്ധർ, രക്ഷിതാക്കൾ എന്നിവരുടെ ഉത്തരവാദിത്തങ്ങളും ഇതിൽ നിർവചിച്ചിട്ടുണ്ട്. സാങ്കേതിക പുരോഗതിക്കൊപ്പം മുന്നേറുന്നതിനോടൊപ്പം വിദ്യാഭ്യാസ നിലവാരം നിലനിർത്താനും വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും വിദ്യാഭ്യാസത്തിലെ മനുഷ്യപങ്ക് ഉറപ്പാക്കാനുമുള്ള ഷാർജയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.
