അബുദാബി,ഒക്ടോബർ 16,2026 : അബുദാബി മറൈൻ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2026 യുഎഇ മോട്ടോസർഫ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ട് ഒക്ടോബർ 24, 25 തീയതികളിൽ അബുദാബി ബ്രേക്ക്വാട്ടറിൽ നടക്കും. ഒൻപത് രാജ്യങ്ങളിൽ നിന്നായി 50 മത്സരാർഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. യുഎഇയ്ക്ക് പുറമെ ചെക്ക് റിപ്പബ്ലിക്, സൈപ്രസ്, റഷ്യ, സ്വീഡൻ, ഇറ്റലി, ബൾഗേറിയ, കുവൈത്ത്, സ്ലോവാക്യ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളും മത്സരത്തിനുണ്ടാകും. വേഗത, സാങ്കേതിക മികവ്, ബാലൻസ്, കൃത്യത എന്നിവ ഒരുപോലെ ആവശ്യമായ ആധുനിക ജലകായിക ഇനമാണ് മോട്ടോസർഫ്.
ഒക്ടോബർ 24 ശനിയാഴ്ച രജിസ്ട്രേഷൻ, സാങ്കേതിക പരിശോധന, നിർബന്ധിത റൈഡേഴ്സ് ബ്രിഫിങ് എന്നിവയോടെയാണ് പരിപാടികൾ ആരംഭിക്കുക. രാവിലെ 10ന് ഔദ്യോഗിക പരിശീലനവും ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ യോഗ്യതാ റൗണ്ടുകളും നടക്കും.
ഒക്ടോബർ 25 ഞായറാഴ്ച രാവിലെ 10ന് പ്രധാന റേസുകൾ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷവും മത്സരങ്ങൾ തുടരും. 2 മണിക്ക് പരേഡ് ലാപ്പും വൈകിട്ട് 4 മണിക്ക് സമ്മാനദാന ചടങ്ങും നടക്കും. ജൂനിയർ, ചലഞ്ചർ, വനിത, റൂക്കീസ്, വെറ്ററൻസ്, മാസ്റ്റർ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് മത്സരം. വിവിധ പ്രായപരിധിയിലും പരിചയനിലവാരത്തിലുമുള്ള താരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
അന്താരാഷ്ട്ര മറൈൻ സ്പോർട്സ് മത്സരങ്ങൾക്ക് വേദിയെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, പുതിയ തലമുറയിലെ ജലകായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക പ്രതിഭകളെ വളർത്തുന്നതിനുമുള്ള അബുദാബി മറൈൻ സ്പോർട്സ് ക്ലബ്ബിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
