ഷാർജ,ഒക്ടോബർ 16,2026 : സംസ്കാരം, ആതിഥേയത്വം, അടിസ്ഥാന സൗകര്യങ്ങൾ, പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ എന്നിവയെ ഏകോപിപ്പിച്ച് സവിശേഷമായ അനുഭവങ്ങൾ സൃഷ്ടിക്കുന്ന ഡെസ്റ്റിനേഷനുകൾക്കാണ് കൂടുതൽ നിക്ഷേപം ആകർഷിക്കാനും ദീർഘകാല സാമ്പത്തിക മൂല്യം സൃഷ്ടിക്കാനും കഴിയുകയെന്ന് ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറം (SIF 2026) ചർച്ചയിൽ വിദഗ്ധർ വ്യക്തമാക്കി. ഫോറത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന ‘ഡെസ്റ്റിനേഷൻ ഇക്കോണമി: ക്രിയേറ്റിംഗ് എക്സ്പീരിയൻസസ്, ഷേപ്പിംഗ് ഐഡന്റിറ്റി’ എന്ന സെഷനിലാണ് ഷാർജയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഡെസ്റ്റിനേഷൻ വികസനം എന്നിവയുടെ സാധ്യതകൾ ചർച്ച ചെയ്തത്. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്) സിഇഒ അഹമ്മദ് ഒബൈദ് അൽ ഖാസിർ, ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ, ചെദി ഹോസ്പിറ്റാലിറ്റി പ്രസിഡന്റും ഗ്രൂപ്പ് സിഇഒയുമായ സ്റ്റെഫാൻ ഷുപ്ബാക്ക് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പൈതൃകവും ആധുനിക ഹോസ്പിറ്റാലിറ്റിയും
ഒരു ഡെസ്റ്റിനേഷൻ വികസിപ്പിക്കുന്നതിന് മുമ്പ് ‘എന്തിനാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്?’ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് അഹമ്മദ് ഒബൈദ് അൽ ഖാസിർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ രൂപകൽപ്പന, മാസ്റ്റർ പ്ലാൻ, ലക്ഷ്യമിടുന്ന സന്ദർശകർ എന്നിവ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഹാർട്ട് ഓഫ് ഷാർജയിലെ ചെദി അൽ ബൈത്ത് ഹോട്ടൽ ഇതിന് മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. പഴയ പൈതൃക വീടുകളും അവയുടെ അടിസ്ഥാന ഘടനകളും പദ്ധതിയിൽ ഉൾപ്പെടുത്തി ഷാർജയുടെ പഴയകാല അന്തരീക്ഷം പുനഃസൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം ആധുനിക ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും സന്ദർശകർക്ക് ലഭ്യമാക്കുന്നു.
കൽബ ബീച്ചിൽ പ്രാദേശികർക്കും അവസരം
പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള വികസനത്തിന്റെ ഉദാഹരണമായി കൽബ ബീച്ച് പദ്ധതി അൽ ഖാസിർ ചൂണ്ടിക്കാട്ടി. നടക്കാനും ഓടാനും സൈക്കിൾ സവാരി നടത്താനുമുള്ള ട്രാക്കുകൾക്കൊപ്പം യുവ കൽബ സംരംഭകർക്ക് കഫേകൾ, റെസ്റ്റോറന്റുകൾ, മറ്റ് ബിസിനസുകൾ എന്നിവ ആരംഭിക്കാൻ വാണിജ്യ യൂണിറ്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പദ്ധതിയിൽ സുസ്ഥിര വികസനത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. പദ്ധതിപ്രദേശത്ത് നിന്ന് ലഭിക്കുന്ന മണ്ണ് നിർമാണത്തിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ, സൗരോർജം, പഴയ വൈദ്യുതി പോസ്റ്റുകളിൽ നിന്നുള്ള മരത്തിന്റെ പുനരുപയോഗം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. സുസ്ഥിരത പരിസ്ഥിതി സംരക്ഷണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പ്രാദേശിക നിവാസികൾക്കും ബിസിനസുകൾക്കും പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതും അതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂറിസം മേഖലയിൽ വലിയ വളർച്ച പ്രതീക്ഷ
ആഗോള ജിഡിപിയുടെ ഏകദേശം 10 ശതമാനം ടൂറിസം മേഖലയുടെ സംഭാവനയാണെന്നും, അടുത്ത പത്ത് വർഷത്തിനിടെ നിരവധി പ്രധാന സാമ്പത്തിക മേഖലകളേക്കാൾ വേഗത്തിൽ ടൂറിസം വളരുമെന്നാണ് പ്രതീക്ഷയെന്നും ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു.
ഈ വളർച്ചയിൽ നിന്ന് നേട്ടമുണ്ടാക്കാൻ ഷാർജയ്ക്ക് മികച്ച സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വികസിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, വിമാനത്താവള വികസനം, സെൻട്രൽ, ഈസ്റ്റേൺ മേഖലകളിലെ പുതിയ പദ്ധതികൾ എന്നിവ എമിറേറ്റിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കും. പ്രത്യേകിച്ച് സ്പോർട്സ് ടൂറിസം പോലുള്ള പ്രത്യേക ടൂറിസം മേഖലകളിൽ വരും കാലത്ത് ഷാർജയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ടൂറിസം സീസണിലെ ഏറ്റക്കുറച്ചിലുകൾക്ക് പരിഹാരം വർഷത്തിലെ വിവിധ കാലയളവുകളിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വ്യത്യാസം ടൂറിസം മേഖലയിലെ പ്രധാന വെല്ലുവിളിയാണെന്നും അൽ മിദ്ഫ പറഞ്ഞു. ഇത് മറികടക്കാൻ ഒരൊറ്റ രാജ്യത്തെയോ വിപണിയെയോ ആശ്രയിക്കുന്നതിന് പകരം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന രീതിയിൽ ടൂറിസം വിപണി വൈവിധ്യവൽക്കരിക്കണം. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക നിവാസികളെ ഹോട്ടലുകളിൽ താമസിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ, ടൂറിസം കമ്പനികൾ, ഹോട്ടൽ ഓപ്പറേറ്റർമാർ എന്നിവ തമ്മിലുള്ള സഹകരണം സന്ദർശകരുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിലുകൾ കുറയ്ക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാറുന്ന സാമ്പത്തിക സാഹചര്യങ്ങളോട് യുഎഇ സർക്കാർ കാണിക്കുന്ന വേഗത്തിലുള്ള പ്രതികരണവും നയപരമായ വഴക്കവും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചതായും അൽ മിദ്ഫ കൂട്ടിച്ചേർത്തു.
മാറുകയാണ് ‘ലക്ഷ്വറി’ എന്ന ആശയം
ആഗോള ഹോസ്പിറ്റാലിറ്റി മേഖലയിൽ ആഡംബരത്തിന്റെ നിർവചനത്തിലും മാറ്റം സംഭവിക്കുന്നതായി സ്റ്റെഫാൻ ഷുപ്ബാക്ക് പറഞ്ഞു. ഒരു ഹോട്ടലിന്റെ മൂല്യം ഇനി ആഡംബര സൗകര്യങ്ങൾ കൊണ്ട് മാത്രം നിർണയിക്കപ്പെടുന്നില്ല. പകരം, അത് നൽകുന്ന വ്യത്യസ്തമായ അനുഭവവും ഡെസ്റ്റിനേഷന്റെ കഥ അവതരിപ്പിക്കുന്ന രീതിയും കൂടുതൽ പ്രധാനമാകുകയാണ്. ഷാർജയിലെ ചെദി ഗ്രൂപ്പിന്റെ അനുഭവം അന്താരാഷ്ട്ര പങ്കാളികൾക്കും നിക്ഷേപകർക്കും ഒരു മാതൃകയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഹോട്ടലിൽ AI പരീക്ഷിക്കാൻ ചെദി ഹോസ്പിറ്റാലിറ്റി മേഖലയിലെ വർധിച്ചുവരുന്ന മത്സരത്തെ നേരിടാൻ സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തണമെന്നും യുവതലമുറയുടെ പ്രതീക്ഷകൾക്കനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരണമെന്നും ഷുപ്ബാക്ക് പറഞ്ഞു. അടുത്ത ഒൻപത് മാസത്തിനുള്ളിൽ റിയാദിൽ തുറക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഹോട്ടലിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകൾ പരീക്ഷിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി. വാങ്ങൽ നടപടികൾ, സാമ്പത്തിക മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ്, റിസർവേഷൻ തുടങ്ങിയ മേഖലകളിൽ AI ഉപയോഗിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കാനാകുമോയെന്നാണ് പരിശോധിക്കുക. പുതിയ സാങ്കേതികവിദ്യകളുടെ പ്രായോഗിക ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള പരീക്ഷണമായാണ് പദ്ധതിയെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപത്തിനൊപ്പം പ്രാദേശിക തിരിച്ചറിയലിനും പ്രാധാന്യം ഒരു ഡെസ്റ്റിനേഷന്റെ വികസനം നിക്ഷേപം ആകർഷിക്കുന്നതിൽ മാത്രം ഒതുങ്ങാതെ അതിന്റെ തനതായ സംസ്കാരവും പ്രകൃതിയും സമൂഹവും നിലനിർത്തുന്നതുമായിരിക്കണം എന്നതാണ് ഫോറത്തിലെ ചർച്ചയുടെ പ്രധാന സന്ദേശം. ഷാർജയിൽ സാംസ്കാരിക പൈതൃകം, പ്രകൃതിദൃശ്യങ്ങൾ, വ്യത്യസ്തമായ ഹോസ്പിറ്റാലിറ്റി അനുഭവങ്ങൾ, പ്രാദേശിക സംരംഭകർക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവയെ ഒരുമിച്ച് കൊണ്ടുവന്ന് കൂടുതൽ ശക്തമായ ടൂറിസം സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. ‘ബിൽഡിംഗ് അഡാപ്റ്റീവ് ഇക്കണോമീസ്’ എന്ന പ്രമേയത്തിലാണ് SIF 2026 നടക്കുന്നത്. ഷാർജ എഫ്ഡിഐ ഓഫീസ് (ഇൻവെസ്റ്റ് ഇൻ ഷാർജ), യുഎഇ നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് ഫോറം സംഘടിപ്പിക്കുന്നത്. നിക്ഷേപ അവസരങ്ങൾ, സാമ്പത്തിക പ്രതിരോധശേഷി, സുസ്ഥിര വളർച്ച എന്നിവയാണ് ഫോറത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
