ഷാർജ,ഒക്ടോബർ 17,2026: താഴ്ന്ന വരുമാനമുള്ള പൗരന്മാർക്കും താമസക്കാർക്കുമായി പ്രതിമാസ ധനസഹായ പദ്ധതികളിലൂടെ 2014 മുതൽ 2025 അവസാനം വരെ 177.7 ദശലക്ഷം ദിർഹത്തിലധികം ചെലവഴിച്ചതായി ഷാർജ ചാരിറ്റി ഇന്റർനാഷണൽ (SCI) അറിയിച്ചു. സംഘടനയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് സഖർ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 17-ന് ആചരിക്കുന്ന അന്താരാഷ്ട്ര ദാരിദ്ര്യനിർമാർജന ദിനത്തോടനുബന്ധിച്ച്, അർഹരായവരെ പിന്തുണയ്ക്കുന്നതിനും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനുമുള്ള സംഘടനയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. യുഎഇയിലും മറ്റ് രാജ്യങ്ങളിലും ആവശ്യക്കാരായ കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ചേർന്നാണ് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ഒന്നാമത്തെ ലക്ഷ്യത്തിനാണ് പ്രത്യേക പ്രാധാന്യം നൽകുന്നത്. താൽക്കാലിക സാമ്പത്തിക സഹായം നൽകുന്നതിൽ മാത്രം ഒതുങ്ങാതെ കുടുംബങ്ങളെ സ്വയംപര്യാപ്തരാക്കുകയും കുട്ടികൾക്ക് മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ജോലി ചെയ്യാൻ കഴിയാത്തവർ എന്നിവർക്കാണ് പ്രതിമാസ സഹായ പദ്ധതികളിലൂടെ പ്രധാനമായും പിന്തുണ നൽകുന്നത്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സാമ്പത്തിക സ്ഥിരതയോടെ അന്തസ്സുള്ള ജീവിതം നയിക്കാൻ ഈ പദ്ധതികൾ സഹായിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ ദരിദ്രരും ദുരിതമനുഭവിക്കുന്നവരുമായ ജനവിഭാഗങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം എത്തിക്കുന്നതിനായി 216 ദശലക്ഷം ദിർഹത്തിലധികം ചെലവഴിച്ചതായും ഷെയ്ഖ് സഖർ അറിയിച്ചു. ഏഷ്യയിലെയും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളിലായി 12.3 ദശലക്ഷത്തിലധികം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ ഈ തുക വിനിയോഗിച്ചു.
ആരോഗ്യരംഗത്തും സംഘടനയുടെ സഹായം വ്യാപകമാണ്. ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ ദുരിതം കുറയ്ക്കുന്നതിനായി നടപ്പാക്കിയ മെഡിക്കൽ ക്യാംപെയ്നുകളിലൂടെയും പദ്ധതികളിലൂടെയും ലോകമെമ്പാടുമുള്ള 66,000-ത്തിലധികം രോഗികൾക്ക് പ്രയോജനം ലഭിച്ചു. യുഎഇയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇപ്പോൾ കൂടുതൽ ഏകോപിതമായ സംവിധാനമായി വളർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഉയർത്തിപ്പിടിച്ച ഉദാരതയുടെയും ഐക്യദാർഢ്യത്തിന്റെയും മൂല്യങ്ങൾ രാജ്യത്തിന്റെ നേതൃത്വത്തിലൂടെ തുടർന്നും മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹായം നൽകുന്നതിൽ മാത്രം ഒതുങ്ങാതെ ആളുകളെ ശാക്തീകരിക്കുകയും പ്രതിസന്ധികളിൽ നിന്ന് അന്തസ്സോടെയും സ്വതന്ത്രമായും ജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും ഷെയ്ഖ് സഖർ വ്യക്തമാക്കി.

If you love Jili slots, this is the spot. The jackpot feels reachable and the loading speed is impressive. Check abjilislot