ഒമാൻ,ഒക്ടോബർ 17,2026 : ഒമാനിൽ നടക്കുന്ന പതിനഞ്ചാമത് മുസന്ന റേസ് വീക്കിൽ അബുദാബിയെ പ്രതിനിധീകരിച്ച് 15 യുവ നാവികതാരങ്ങൾ പങ്കെടുക്കും. ഞായറാഴ്ച ആരംഭിക്കുന്ന മത്സരത്തിൽ ഏഴ് രാജ്യങ്ങളിൽ നിന്നായി നൂറിലധികം താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. അബുദാബി മറൈൻ സ്പോർട്സ് ക്ലബ് അക്കാദമിയുടെ കീഴിലുള്ള ടീം അബുദാബി മോഡേൺ സെയിലിങ് ടീമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഒമാൻ സെയിൽ സംഘടിപ്പിക്കുന്ന റേസ് വീക്ക് ബാർസെലോ മുസന്ന റിസോർട്ടിലാണ് നടക്കുന്നത്. യുഎഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, ഈജിപ്ത്, ടുണീഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മത്സരരംഗത്തുണ്ടാകും. ഒപ്റ്റിമിസ്റ്റ്, ഐഎൽസിഎ വിഭാഗങ്ങളിലായാണ് ടീം അബുദാബി മത്സരിക്കുക. അന്താരാഷ്ട്ര മത്സരങ്ങളിലെ മികച്ച പ്രകടനം തുടരുകയും ടീമിന്റെ മത്സരക്ഷമത ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.
ഒപ്റ്റിമിസ്റ്റ് വിഭാഗത്തിൽ ഹസ്സ ഇബ്രാഹിം സുൽത്താൻ, നൂഹ് നവാബ് നൂഹ് അഹമ്മദ്, അലി ഇബ്രാഹിം സുൽത്താൻ, അലി സഈദ് അൽ റുമൈത്തി, ദിയാബ് ഫഹദ് അൽ മെഹൈരി, റാഷിദ് മുഹമ്മദ് അൽ നെയാദി എന്നിവർ പങ്കെടുക്കും. ഐഎൽസിഎ 4, ഐഎൽസിഎ 6, ഐഎൽസിഎ 7 വിഭാഗങ്ങളിൽ ടോപ്രാക് കാഗ്ലയൻ, ഹംസ ഇസ്മായിൽ അൽ അലി, അബ്ദുൽറഹ്മാൻ അബ്ദല്ല അൽ ബഹ്രി, മുഹമ്മദ് അബ്ദുൽകരീം അൽ ഹമ്മാദി, റാഷിദ് സുൽത്താൻ അൽ ദാഹിരി, സുൽത്താൻ ഇബ്രാഹിം സുൽത്താൻ, ജാസിം മുഹമ്മദ് ജാസിം, സിമിയോൺ ക്രിസ്റ്റോവ്, അബ്ദുല്ല മുഹമ്മദ് അൽ നെയാദി എന്നിവർ മത്സരിക്കും.
ഒക്ടോബർ 18 മുതൽ 21 വരെയാണ് ഔദ്യോഗിക മത്സരങ്ങൾ. ഓരോ ദിവസവും പരമാവധി നാല് മത്സരങ്ങൾ വീതം നടത്തും. എല്ലാ മത്സരങ്ങളിലെയും ആകെ പോയിന്റുകൾ കണക്കാക്കിയാണ് അന്തിമ റാങ്കിങ് നിശ്ചയിക്കുക. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങും നടക്കും. 2011-ൽ ആദ്യമായി സംഘടിപ്പിച്ച മുസന്ന റേസ് വീക്ക് ഈ വർഷം പതിനഞ്ചാം വാർഷികം ആഘോഷിക്കുകയാണ്.
