ഷാർജ, ഒക്ടോബർ 19, 2026 : ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പിന്തുണയുമായി ഷാർജയിലെ സംരംഭക സഹായ സ്ഥാപനമായ ‘റുവാദ്’. 2026ലെ മൂന്നാം പാദത്തിൽ 10 സംരംഭങ്ങൾക്ക് ആകെ 37.27 ലക്ഷം ദിർഹം ധനസഹായം അനുവദിച്ചതായി സ്ഥാപനത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഷാർജ സാമ്പത്തിക വികസന വകുപ്പിന് കീഴിലാണ് റുവാദ് പ്രവർത്തിക്കുന്നത്.
ഒൻപത് പദ്ധതികൾക്ക് റുവാദ് നേരിട്ട് 27.27 ലക്ഷം ദിർഹം അനുവദിച്ചു. ഒരു പദ്ധതിക്ക് ബാങ്ക് വഴിയുള്ള പരോക്ഷ ധനസഹായ പദ്ധതിയിലൂടെ 10 ലക്ഷം ദിർഹവും ലഭിച്ചു. ഇതോടെ ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെ 14 പദ്ധതികൾക്കായി അനുവദിച്ച ആകെ ധനസഹായം 53.61 ലക്ഷം ദിർഹമായി.
മൂന്നാം പാദത്തിൽ 168 പുതിയ സംരംഭങ്ങൾ റുവാദിൽ അംഗത്വമെടുത്തു. ഇതിൽ 109 എണ്ണം വാണിജ്യ മേഖലയിലും 59 എണ്ണം പ്രൊഫഷണൽ മേഖലയിലുമാണ്. ഈ വർഷം പുതുതായി അംഗത്വമെടുത്ത സംരംഭങ്ങളുടെ എണ്ണം ഇതോടെ 459 ആയി. നിലവിലുള്ള 198 സംരംഭങ്ങളുടെ അംഗത്വവും പുതുക്കി.
സർക്കാർ കരാറുകൾ നേടുന്നതിലും അംഗസംരംഭങ്ങൾ നേട്ടമുണ്ടാക്കി. ഷാർജയിലെ 33 സർക്കാർ സ്ഥാപനങ്ങളിൽ നിന്നായി 19.71 ലക്ഷം ദിർഹം മൂല്യമുള്ള 198 കരാറുകളാണ് മൂന്നാം പാദത്തിൽ ലഭിച്ചത്. ഇതോടെ ഈ വർഷം അംഗസംരംഭങ്ങൾ നേടിയ സർക്കാർ കരാറുകളുടെ ആകെ മൂല്യം 53.09 ലക്ഷം ദിർഹമായി.
മൈക്രോ സംരംഭങ്ങൾക്കുള്ള ‘ഇത്തിമാദ്’ ലൈസൻസുകളിൽ 138 എണ്ണം പുതുതായി അനുവദിക്കുകയും 352 എണ്ണം പുതുക്കുകയും ചെയ്തു. ഇ-കൊമേഴ്സ് മേഖലയിൽ 137 പുതിയ ലൈസൻസുകൾ അനുവദിച്ചു; 170 എണ്ണം പുതുക്കി. വിവിധ ബിസിനസ് സെന്ററുകൾ, വാണിജ്യ കേന്ദ്രങ്ങൾ, റുവാദ് വെർച്വൽ ഇൻക്യുബേറ്റർ എന്നിവയിലായി 12 സംരംഭങ്ങൾക്ക് പ്രവർത്തന ഇടവും അനുവദിച്ചു.
സംരംഭകരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി 20 പരിശീലന പരിപാടികളും വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. ആകെ 130 മണിക്കൂർ നീണ്ട പരിശീലനങ്ങളിൽ 351 പേർ പങ്കെടുത്തു. ഇവരിൽ 234 പേർ സ്ത്രീകളാണ്. കൂടാതെ, 51 സംരംഭങ്ങൾക്ക് പ്രത്യേക ബിസിനസ് കൺസൾട്ടേഷനുകളും നൽകി.
ധനസഹായത്തിനൊപ്പം പരിശീലനം, മാർഗനിർദേശം, സർക്കാർ കരാറുകളിലേക്കുള്ള അവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നത് സംരംഭങ്ങളുടെ വളർച്ചയ്ക്കും തുടർച്ചയ്ക്കും സഹായിക്കുന്നതായി ഷാർജ സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ ഹമദ് അലി അബ്ദുല്ല അൽ മഹ്മൂദ് പറഞ്ഞു. സംരംഭകരുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ വികസിപ്പിക്കാനും സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം വിപുലീകരിക്കാനും ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
