ദുബായ്, ഒക്ടോബർ 19, 2026: പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്നവരെ ആദരിക്കുന്ന ‘അറബ് ഹോപ് മേക്കേഴ്സ്’ സംരംഭത്തിന്റെ ഏഴാം പതിപ്പിന് തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ പതിപ്പ് പ്രഖ്യാപിച്ചത്. വിജയിക്ക് 10 ലക്ഷം ദിർഹം സമ്മാനമായി ലഭിക്കും.
മനുഷ്യസമൂഹത്തിന്റെ വർത്തമാനത്തിലും ഭാവിയിലും നടത്താവുന്ന ഏറ്റവും മഹത്തായ നിക്ഷേപമാണ് പ്രത്യാശ വളർത്തുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. നന്മയിലൂടെയും ശുഭാപ്തിവിശ്വാസത്തിലൂടെയും മേഖലയിലും ലോകത്തും നല്ല മാറ്റങ്ങൾക്ക് പ്രചോദനമാകുന്ന രാജ്യമായി യുഎഇ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സന്നദ്ധസംഘങ്ങൾക്കും ലാഭേച്ഛയില്ലാത്ത സംഘടനകൾക്കും അപേക്ഷിക്കാം. സ്വയം അപേക്ഷിക്കുന്നതിനൊപ്പം അർഹരായ മറ്റുള്ളവരെ നാമനിർദേശം ചെയ്യാനും അവസരമുണ്ട്. അപേക്ഷകൾ arabhopemakers.com എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ദുരിതങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളെയാണ് സംരംഭം പരിഗണിക്കുന്നത്. സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്ന പദ്ധതികളും പരിപാടികളും സന്നദ്ധപ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടും. പ്രവർത്തനങ്ങൾ സ്വമേധയാ നടത്തുന്നതും ലാഭലക്ഷ്യമില്ലാത്തതുമായിരിക്കണം.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിന് കീഴിലുള്ള ‘അറബ് ഹോപ് മേക്കേഴ്സ്’ 2017ലാണ് ആരംഭിച്ചത്. ആദ്യ പതിപ്പിൽത്തന്നെ 65,000ത്തിലധികം അപേക്ഷകൾ ലഭിച്ചു. കഴിഞ്ഞ ആറു പതിപ്പുകളിലായി പങ്കെടുത്തവരുടെ എണ്ണം 3.35 ലക്ഷം കടന്നു.
2025ലെ വിജയിയായ മൊറോക്കോയിൽ നിന്നുള്ള ഫൗസിയ ജബാറ മഹ്മൂദി, ചുണ്ടിനും അണ്ണാക്കിനും പിളർപ്പോടെ ജനിക്കുന്ന കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കുന്ന ‘ഓപ്പറേഷൻ സ്മൈൽ’ പ്രവർത്തനങ്ങളിലൂടെയാണ് അംഗീകാരം നേടിയത്. ഈ സംരംഭത്തിലൂടെ 19,000ത്തിലധികം ശസ്ത്രക്രിയകൾ നടത്തി. മറ്റ് രണ്ട് ഫൈനലിസ്റ്റുകൾക്കും 10 ലക്ഷം ദിർഹം വീതം നൽകിയതോടെ കഴിഞ്ഞ പതിപ്പിലെ ആകെ സമ്മാനത്തുക 30 ലക്ഷം ദിർഹമായി.
നിശ്ശബ്ദമായി നന്മ ചെയ്യുന്നവരുടെ പ്രവർത്തനങ്ങൾ കൂടുതൽ പേരിലെത്തിക്കുകയും അവരുടെ പദ്ധതികൾ വിപുലീകരിക്കാൻ സാമ്പത്തിക പിന്തുണ നൽകുകയും ചെയ്യുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ഇത്തരം മാതൃകകളിലൂടെ യുവാക്കളടക്കമുള്ളവരെ സന്നദ്ധസേവനത്തിലേക്കും സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങളിലേക്കും പ്രചോദിപ്പിക്കാനും ‘അറബ് ഹോപ് മേക്കേഴ്സ്’ ലക്ഷ്യമിടുന്നു.
