ഷാർജ,ഒക്ടോബർ 20,2026: നഗരാസൂത്രണ വകുപ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നിയമത്തിന്റെ കരടിനും അപകടപ്രതിരോധ പരിശീലന പ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന തീരുമാനത്തിനും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി.
ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ഭരണാധികാരിയുടെ ഓഫീസിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഉപാധ്യക്ഷനുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും യോഗത്തിൽ പങ്കെടുത്തു.
എമിറേറ്റിലെ പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നയങ്ങളും പ്രവർത്തനങ്ങളും കൗൺസിൽ യോഗം വിലയിരുത്തി.
നഗരാസൂത്രണ നിയമത്തിന്റെ കരട്
ഷാർജ നഗരാസൂത്രണ-സർവേ വകുപ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നിയമത്തിന്റെ കരടിനാണ് കൗൺസിൽ അംഗീകാരം നൽകിയത്. എമിറേറ്റിന്റെ വളർച്ചയ്ക്കും വികസനത്തിനും അനുസൃതമായി നിയമങ്ങൾ പരിഷ്കരിക്കുകയും നിയമപരമായ ചട്ടക്കൂട് ശക്തിപ്പെടുത്തുകയും സർക്കാർ സേവനങ്ങൾ വിപുലീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. നിയമനിർമാണ നടപടികൾ പൂർത്തിയാക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി കരട് ഷാർജ കൺസൾട്ടേറ്റീവ് കൗൺസിലിന് കൈമാറാനും നിർദേശിച്ചിട്ടുണ്ട്.
അപകടപ്രതിരോധ പരിശീലനത്തിന് പുതിയ ചട്ടങ്ങൾ
ഷാർജയിൽ അപകടപ്രതിരോധ പരിശീലന പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനുള്ള തീരുമാനവും കൗൺസിൽ പുറപ്പെടുവിച്ചു. പ്രതിരോധ-സുരക്ഷാ മേഖലകളിൽ സാങ്കേതികവും മാനവവിഭവശേഷിയുമായി ബന്ധപ്പെട്ടതുമായ പരിശീലനം വികസിപ്പിക്കുക, അപകടങ്ങൾ കുറയ്ക്കുക, ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. സർക്കാർ ജീവനക്കാർ, തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർക്കിടയിൽ അപകടങ്ങൾ തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനുള്ള മാർഗങ്ങളെക്കുറിച്ചും ബോധവൽക്കരണം വർധിപ്പിക്കാനും തീരുമാനം ലക്ഷ്യമിടുന്നു.
ഷാർജ പൊലീസിന് പ്രധാന ചുമതലകൾ
അപകടപ്രതിരോധ പരിശീലന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള ചുമതലകൾ ഷാർജ പൊലീസിന് നൽകിയിട്ടുണ്ട്. പരിശീലന പ്രവർത്തനങ്ങൾക്കായുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും വ്യവസ്ഥകളും തയ്യാറാക്കി അംഗീകരിക്കുക, അവ ശരിയായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുക, ഇത്തരം പരിശീലനം നൽകാൻ ആഗ്രഹിക്കുന്ന പരിശീലന സ്ഥാപനങ്ങൾക്ക് അനുമതി നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സാമ്പത്തിക സ്ഥാപനങ്ങളിലെയും പരിശീലന കേന്ദ്രങ്ങളിലെയും പരിശീലകരുടെ യോഗ്യതയും കഴിവും വിലയിരുത്തി അംഗീകാരം നൽകുകയും സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി സുരക്ഷാ-പ്രതിരോധ പരിശീലന പരിപാടികൾ വികസിപ്പിക്കുകയും ചെയ്യും. ഈ മേഖലയിൽ സർക്കാർ സ്ഥാപനങ്ങളുമായും പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുമായും തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കാനും തൊഴിൽ സുരക്ഷാ-ആരോഗ്യ സംവിധാനത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ തയ്യാറാക്കാനും പൊലീസിന് ചുമതലയുണ്ട്. എമിറേറ്റിലെ പരിശീലന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും പരിശീലനത്തിന്റെ നിലവാരവും ഫലപ്രാപ്തിയും നിരീക്ഷിക്കുന്നതും പൊലീസിന്റെ ചുമതലകളിൽ ഉൾപ്പെടുന്നു. പരിശീലന പ്രവർത്തനങ്ങളുടെ നിയമപരമായ ചട്ടങ്ങൾ, സ്ഥാപനങ്ങളുടെ വർഗീകരണം, പരിശീലന അനുപാതങ്ങൾ, അനുമതികൾ, പരിശീലന സ്ഥാപനങ്ങളുടെയും സ്ഥാപന ഉടമകളുടെയും ഉത്തരവാദിത്തങ്ങൾ എന്നിവയും പുതിയ തീരുമാനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
