അബുദാബി,ഒക്ടോബർ 20,2026 : ആന്റിബയോട്ടിക്കുകളോടുള്ള ബാക്ടീരിയകളുടെ പ്രതിരോധശേഷി വർധിക്കുന്നത് തടയുന്നതിനും മനുഷ്യചികിത്സയ്ക്കുള്ള മരുന്നുകളുടെ ഫലപ്രാപ്തി സംരക്ഷിക്കുന്നതിനുമായി മൃഗചികിത്സാ മേഖലയിൽ സിപ്രോഫ്ലോക്സാസിൻ എന്ന ആന്റിബയോട്ടിക്കിന്റെ ഉപയോഗം നവംബർ 1 മുതൽ നിരോധിക്കുമെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു. ഫ്ലൂറോക്വിനോലോൺ വിഭാഗത്തിൽപ്പെട്ട ഈ മരുന്ന് മനുഷ്യരിലെ ചില ബാക്ടീരിയൽ അണുബാധകൾ ചികിത്സിക്കുന്നതിന് ഏറെ പ്രധാനപ്പെട്ടതാണ്. മൃഗങ്ങളിൽ ഈ മരുന്ന് അനുചിതമായി ഉപയോഗിക്കുന്നത് ബാക്ടീരിയകളിൽ മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി വളരാൻ കാരണമാകുകയും നിലവിലുള്ള ചികിത്സകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നടപടി
മരുന്നുകളോടുള്ള ബാക്ടീരിയകളുടെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട വിവരങ്ങളും പഠനങ്ങളും വിലയിരുത്തിയ ശേഷമാണ് നിരോധനം ഏർപ്പെടുത്തുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് സർവകലാശാല സമർപ്പിച്ച പഠനങ്ങളും തീരുമാനത്തിന് അടിസ്ഥാനമായിട്ടുണ്ട്. ഓരോ മരുന്നിന്റെയും അപകടസാധ്യതകളും വിവിധ ചികിത്സാമേഖലകളിലെ പ്രാധാന്യവും വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിലെ മെഡിക്കൽ ഉൽപ്പന്ന നിയന്ത്രണ വിഭാഗത്തിന്റെ ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റുഖയ്യ അഖീൽ അൽ ബസ്തക്കി പറഞ്ഞു. ഏറ്റവും പുതിയ ശാസ്ത്രീയ കണ്ടെത്തലുകൾക്കനുസരിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുകയും മരുന്നുകളുടെ ഫലപ്രാപ്തി സംരക്ഷിക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന അപകടസാധ്യതകൾ മുൻകൂട്ടി തടയുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
ഒൻപത് മൃഗചികിത്സാ ഉൽപ്പന്നങ്ങൾക്ക് നിരോധനം
സിപ്രോഫ്ലോക്സാസിൻ അടങ്ങിയ മൃഗചികിത്സാ മരുന്നുകൾക്കും അവയുടെ അസംസ്കൃത വസ്തുക്കൾക്കും നിരോധനം ബാധകമാണ്. ആകെ ഒൻപത് ഉൽപ്പന്നങ്ങളാണ് ഇതിന്റെ പരിധിയിൽ വരുന്നത്. ഇതിൽ എട്ടെണ്ണം ഇറക്കുമതി ചെയ്യുന്നവയും ഒരെണ്ണം പ്രാദേശികമായി രജിസ്റ്റർ ചെയ്തതുമാണ്.
നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങളുടെ നിർമാണം, ഇറക്കുമതി, വിതരണം എന്നിവ നിർത്തണം. നിലവിൽ വിപണിയിലുള്ള ശേഖരങ്ങൾ നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് പിൻവലിക്കുകയും ശേഷിക്കുന്നവ അംഗീകൃത നടപടിക്രമങ്ങൾ അനുസരിച്ച് വീണ്ടും കയറ്റുമതി ചെയ്യുകയോ നശിപ്പിക്കുകയോ വേണം.
നിർദേശിച്ച നടപടികൾ പൂർത്തിയാക്കിയതായി തെളിയിക്കുന്ന രേഖകളും സ്ഥാപനങ്ങൾ സമർപ്പിക്കണം.
നിയമപാലനം ഉറപ്പാക്കാൻ നിരീക്ഷണം
നിരോധനം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും നിശ്ചിത സമയത്തിനുള്ളിൽ ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുമായി നിരീക്ഷണ പദ്ധതിയും എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് തയ്യാറാക്കുന്നുണ്ട്. മൃഗചികിത്സാ മരുന്നുകളുടെ നിയന്ത്രണം ശക്തിപ്പെടുത്തുക, ആന്റിബയോട്ടിക്കുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക, മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുക എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
