ദുബായ്,ഒക്ടോബർ 21,2026 :വിമാനത്താവളത്തിലെ ഇമിഗ്രേഷൻ- യാത്രാനടപടികൾ നിമിഷങ്ങൾക്കുള്ളിലാക്കി യാത്രക്കാർക്ക് സുഗമമായ അനുഭവമൊരുക്കുന്ന ജിഡിആർഎഫ്എ ദുബായുടെ ‘റെഡ് കാർപെറ്റ്’ പദ്ധതിക്ക് ‘ദുബായ് ഇറ്റ്’ പുരസ്കാരം . സർക്കാർ മേഖലയിലെ മികച്ച പദ്ധതികൾക്കുള്ള അംഗീകാരമാണ് ലഭിച്ചത്. ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നേട്ടം പ്രഖ്യാപിച്ചത്.
അഞ്ചു സെക്കൻഡിൽ താഴെ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പ്രവേശന–പുറപ്പെടൽ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന പരിവർത്തന പദ്ധതിയാണ് ‘റെഡ് കാർപെറ്റ്’ എന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വേഗത്തിലുള്ള അനുഭവമായി ഇതിനെ വിശേഷിപ്പിച്ച അദ്ദേഹം, പദ്ധതിയിലൂടെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി പത്തിരട്ടിയായെന്നും യാത്രക്കാരുടെ സന്തോഷനിരക്ക് 99 ശതമാനത്തിന് മുകളിലെത്തിയെന്നും ചൂണ്ടിക്കാട്ടി.
അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുകയും പ്രതീക്ഷകൾക്കപ്പുറമുള്ള അനുഭവം സമ്മാനിക്കുകയും ചെയ്യുന്ന അസാധാരണ നേട്ടങ്ങളാണ് Dubai-it എന്ന പ്രവർത്തനതത്വത്തിന്റെ സാരമെന്ന് അദ്ദേഹം വിശദീകരിച്ചു. ‘റെഡ് കാർപെറ്റ്’ പദ്ധതിയുടെ പ്രവർത്തകസംഘത്തെ ശൈഖ് ഹംദാൻ അഭിനന്ദിക്കുകയും ചെയ്തു.
ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ നേതൃത്വത്തിൽ യാത്രാനുഭവം മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന പ്രവർത്തനങ്ങളിലെ പ്രധാന പദ്ധതിയാണ് ‘റെഡ് കാർപെറ്റ്’. നിർമിതബുദ്ധിയും ബയോമെട്രിക് സാങ്കേതികവിദ്യയും സംയോജിപ്പിച്ച സംവിധാനത്തിലൂടെ അർഹരായ യാത്രക്കാർക്ക് രേഖകൾ കാണിക്കാനായി നിൽക്കാതെ നിർദിഷ്ട ഇടനാഴിയിലൂടെ നടന്നുകൊണ്ടുതന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം.
നടപടികളുടെ വേഗം കൂട്ടുന്നതിനൊപ്പം യാത്രയുടെ ആദ്യ നിമിഷംമുതൽ ആദരവും സ്വാഗതവും വിശ്വാസവും അനുഭവപ്പെടുന്ന സാഹചര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അൽ മർറി നേരത്തെ വ്യക്തമാക്കിയിരുന്നു. സാങ്കേതിക പരിഷ്കരണത്തിനപ്പുറം യാത്രാനുഭവത്തെ സമഗ്രമായി പുനർരൂപപ്പെടുത്തുന്ന കാഴ്ചപ്പാടാണ് പദ്ധതിയുടേതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
പദ്ധതിക്ക് മുമ്പും രാജ്യാന്തര അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഗ്ലോബൽ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025ലെ സർക്കാർ മേഖലയിലെ മികച്ച നവീകരണത്തിനുള്ള പുരസ്കാരം,‘സ്റ്റീവി മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക 2025’ പുരസ്കാരം എന്നിവയ്ക്കൊപ്പം ‘ഐഡിസി വോയ്സസ് ഓഫ് എഐ ഇന്നൊവേഷൻ’ വേദിയിലും പദ്ധതി ആദരിക്കപ്പെട്ടു. ഈ മൂന്ന് മുൻ അംഗീകാരങ്ങൾക്കു പിന്നാലെയാണ് ദുബായ്-
ഇറ്റ് ഈ പുരസ്കാരം ലഭിക്കുന്നത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവതരിപ്പിച്ച ‘ദുബായ് ഇറ്റ്’ സംരംഭം, വലിയ ആശയങ്ങളെ മികവോടെയും വേഗത്തിലും യാഥാർഥ്യമാക്കുന്ന ദുബായുടെ പ്രവർത്തനസംസ്കാരമാണ് മുന്നോട്ടുവെക്കുന്നത്. ഈ സമീപനം പ്രാവർത്തികമാക്കുന്ന വ്യക്തികളെയും പദ്ധതികളെയും സ്ഥാപനങ്ങളെയും കമ്പനികളെയും ആദരിക്കാൻ ശൈഖ് ഹംദാന്റെ നിർദേശപ്രകാരമാണ് പുരസ്കാരം ആരംഭിച്ചത്. യാത്രക്കാരുടെ സൗകര്യത്തിനായി സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിച്ച ‘റെഡ് കാർപെറ്റ്’ പദ്ധതിയുടെ നേട്ടത്തിനാണ് ഇപ്പോൾ ഈ അംഗീകാരം.

