ദുബായ്,ഒക്ടോബർ 21,2026: ഹത്ത സുസ്ഥിര വെള്ളച്ചാട്ട പദ്ധതിയുടെ നടത്തിപ്പും പരിപാലനവും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ദേവ) ദുബായ് മുനിസിപ്പാലിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. പദ്ധതിയുടെ സൗകര്യങ്ങൾ സംയുക്തമായി വികസിപ്പിക്കുന്നതിനും ആസ്തികളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ഹത്തയിലെ താമസക്കാർക്കും സന്ദർശകർക്കും അവയുടെ പ്രയോജനം പരമാവധി ലഭ്യമാക്കുന്നതിനും ധാരണാപത്രം സഹായിക്കും.
ദേവയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സഈദ് മുഹമ്മദ് അൽ തായറും ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ ബിൻ ഗലീറ്റയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. ദേവയുടെ നേതൃത്വത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒക്ടോബർ 20 മുതൽ 22 വരെ സംഘടിപ്പിക്കുന്ന 28-ാമത് ജല, ഊർജ, സാങ്കേതിക, പരിസ്ഥിതി പ്രദർശനമായ വെറ്റക്സ് 2026ന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്.
ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനത്തിനും നിർദേശങ്ങൾക്കും അനുസൃതമായി ഹത്തയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അൽ തായർ പറഞ്ഞു. പ്രകൃതിസൗന്ദര്യവും തനതായ സാംസ്കാരിക പൈതൃകവും സംരക്ഷിച്ചുകൊണ്ട് ഹത്തയെ പ്രധാന വിനോദസഞ്ചാര-നിക്ഷേപ കേന്ദ്രമായി വളർത്തുന്നതിനും ഈ സഹകരണം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹത്ത സുസ്ഥിര വെള്ളച്ചാട്ട പദ്ധതി വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിനും ഹത്ത നിവാസികൾക്ക് സുസ്ഥിരമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാരണാപത്രപ്രകാരം വെള്ളച്ചാട്ട പദ്ധതിയിലെ നിലവിലുള്ള കെട്ടിടങ്ങൾ, സൗകര്യങ്ങൾ, മറ്റ് ആസ്തികൾ എന്നിവയുടെ നടത്തിപ്പ്, പ്രവർത്തനം, പരിപാലനം, വികസനം എന്നിവയുടെ ചുമതല ദുബായ് മുനിസിപ്പാലിറ്റിക്ക് കൈമാറും. പദ്ധതിയിലെ സൗകര്യങ്ങളും കടകളും വാടകയ്ക്ക് നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. വാടകയ്ക്ക് നൽകിയിട്ടുള്ള കെട്ടിടങ്ങളുടെയും അവ ഉപയോഗിക്കുന്നവരുടെയും മേൽനോട്ടം ഉൾപ്പെടെ ബന്ധപ്പെട്ട കക്ഷികളുടെ ഉത്തരവാദിത്തങ്ങളും ധാരണാപത്രം നിർവചിക്കുന്നു. നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായി പൊതുതാൽപര്യം സംരക്ഷിച്ചുകൊണ്ടായിരിക്കും നടപടികൾ നടപ്പാക്കുക.
