ഷാർജ,ഒക്ടോബർ 21,2026: സർക്കാർ ആശയവിനിമയ രംഗത്തെ ജീവനക്കാരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി ഷാർജ സർക്കാർ മാധ്യമ ബ്യൂറോയും ഷാർജ മാനവവിഭവശേഷി വകുപ്പും ചേർന്ന് പ്രത്യേക പ്രൊഫഷണൽ പരിശീലന പരിപാടിക്ക് തുടക്കമിട്ടു. ഷാർജ സർവകലാശാലയിൽ സംഘടിപ്പിക്കുന്ന ‘മാധ്യമ പ്രതിസന്ധി മാനേജ്മെന്റും തന്ത്രപരമായ വിശകലനവും’ എന്ന പരിപാടിയിലൂടെ പ്രതിസന്ധി ഘട്ടങ്ങളിൽ സംഭവവികാസങ്ങൾ വിശകലനം ചെയ്യാനും മാധ്യമരംഗത്തെ സാഹചര്യങ്ങൾ വിലയിരുത്താനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവുകളാണ് വികസിപ്പിക്കുന്നത്.
ചൊവ്വാഴ്ച ആരംഭിച്ച പരിപാടിയിൽ തന്ത്രപരവും വിശകലനപരവുമായ ചിന്ത, തന്ത്രപരമായ സാഹചര്യ വിലയിരുത്തൽ എന്നിവയ്ക്കാണ് പ്രധാനമായും ഊന്നൽ നൽകിയത്. വിവിധ വിശകലന രീതികൾ, സർക്കാർ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുള്ള ഉപകരണങ്ങൾ, പ്രവണതകളുടെ വിശകലനം, മുൻകാല പ്രതിസന്ധികളിൽ നിന്നുള്ള പാഠങ്ങൾ എന്നിവയിൽ പങ്കാളികൾ പരിശീലനം നേടി.
പ്രഭാഷണങ്ങൾ, വിശകലന ശിൽപശാലകൾ, വിവിധ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ, തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട സംഘചർച്ചകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ഷാർജ മാനവവിഭവശേഷി വകുപ്പ് ചെയർമാനുമായ അബ്ദുല്ല ഇബ്രാഹിം അൽ സാബി പറഞ്ഞു, സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് മെച്ചപ്പെടുത്തുന്നത് ജീവനക്കാരിൽ നിക്ഷേപം നടത്തുന്നതിലൂടെയും അവരുടെ ചുമതലകൾക്ക് അനുയോജ്യമായ പ്രത്യേക അറിവും കഴിവുകളും നൽകുന്നതിലൂടെയുമാണ്.
പൊതുവായ പരിശീലനങ്ങളിൽ മാത്രം ഒതുങ്ങാതെ, യഥാർഥ തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുകയും സർക്കാർ മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് മുന്നേറുകയും ചെയ്യുന്ന പ്രത്യേക പ്രൊഫഷണൽ പരിശീലന പരിപാടികളിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ മേഖലയിലെ പ്രതിഭകളിൽ നടത്തുന്ന നിക്ഷേപം സ്ഥാപനങ്ങളുടെ വികസനത്തിനും വെല്ലുവിളികളോട് പ്രതികരിക്കാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനുമുള്ള ശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക പരിശീലനത്തിലൂടെ ജീവനക്കാർക്ക് നേടിയ അറിവ് ഫലപ്രദമായ സ്ഥാപന പ്രവർത്തനങ്ങളാക്കി മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈദ്ധാന്തിക പഠനത്തോടൊപ്പം പ്രായോഗിക പരിശീലനങ്ങൾ, സാഹചര്യപഠനങ്ങൾ, പ്രതിസന്ധി അനുകരണ പരിശീലനങ്ങൾ എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ആശയവിനിമയം, മാധ്യമപ്രവർത്തനം, പൊതുജനസമ്പർക്കം, സ്ഥാപനങ്ങളുടെ പ്രതിച്ഛായാ പരിപാലനം, പ്രതിസന്ധി പ്രതികരണം, മാധ്യമ നിരീക്ഷണം, പ്രവണതാ വിശകലനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കായാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. 2026 ഡിസംബർ 17 വരെ നീളുന്ന പരിപാടിയിൽ തന്ത്രപരമായ ചിന്തയും സാഹചര്യ വിശകലനവും മുതൽ മാധ്യമ ആസൂത്രണം, നേതൃത്വം, ആശയവിനിമയ സംഘങ്ങളുടെ മാനേജ്മെന്റ്, വിവരവിശകലനം, ഡിജിറ്റൽ ആശയവിനിമയം, പ്രതിച്ഛായാ പരിപാലനം തുടങ്ങിയ വിഷയങ്ങളിലേക്ക് പരിശീലനം പുരോഗമിക്കും.
പങ്കാളികൾ നേടിയ കഴിവുകൾ വിലയിരുത്തുന്നതിനായി സമഗ്രമായ മാധ്യമ പ്രതിസന്ധി അനുകരണ പരിശീലനത്തോടെയായിരിക്കും പരിപാടി സമാപിക്കുക.
