ഷാർജ, ഒക്ടോബർ 21, 2026 : മത്സ്യത്തൊഴിലാളികൾക്കുള്ള സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ‘മർസ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കാൻ ഷാർജ ഫിഷ് റിസോഴ്സസ് അതോറിറ്റി കരാറിൽ ഒപ്പുവെച്ചു. സ്മാർട്ട് ഗാലക്സി സോഫ്റ്റ്വെയർ സൊല്യൂഷൻസുമായാണ് കരാർ. സമഗ്ര ഡിജിറ്റൽ പ്ലാറ്റ്ഫോം, ഇലക്ട്രോണിക് സംവിധാനം, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.
അതോറിറ്റി ചെയർമാൻ അലി അഹമ്മദ് അബു ഗാസിയും സ്മാർട്ട് ഗാലക്സി സോഫ്റ്റ്വെയർ സൊല്യൂഷൻസ് ജനറൽ മാനേജർ ഡോ. ഒസാമ മഹ്മൂദ് ഒത്മാനും കരാറിൽ ഒപ്പുവെച്ചു. സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സേവനങ്ങൾ ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കാനുമുള്ള ഷാർജയുടെ നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഷാർജയിലെ മത്സ്യത്തൊഴിലാളികൾക്കായി ഒരുക്കുന്ന ആദ്യ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ‘മർസ’. അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത 1,300ലധികം മത്സ്യത്തൊഴിലാളികൾക്ക് 17 ഡിജിറ്റൽ സേവനങ്ങൾ ഇതിലൂടെ ലഭ്യമാക്കും.
മത്സ്യബന്ധന ലൈസൻസുകൾ അനുവദിക്കലും പുതുക്കലും, മത്സ്യബന്ധന ബോട്ടുകളുടെ ഉടമസ്ഥാവകാശ കൈമാറ്റം, മത്സ്യങ്ങളെ ആകർഷിക്കുന്ന കൃത്രിമ പാരുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി, മത്സ്യത്തൊഴിലാളികളുടെ ഫയൽ കൈമാറ്റം തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടും.
അപേക്ഷകൾ സ്വീകരിക്കുന്നതുമുതൽ അംഗീകാരം നൽകുന്ന വിവിധ ഘട്ടങ്ങൾ, സ്ഥലപരിശോധന, രേഖകളുടെ ഡിജിറ്റൽ സൂക്ഷിപ്പ് എന്നിവ വരെയുള്ള അതോറിറ്റിയുടെ ആഭ്യന്തര നടപടികളും പ്ലാറ്റ്ഫോം വഴി ഓട്ടോമേറ്റ് ചെയ്യും.
അതോറിറ്റിയുടെ ഡിജിറ്റൽ പരിവർത്തനത്തിലെ പ്രധാന ചുവടുവെപ്പാണ് ‘മർസ’ പദ്ധതിയെന്ന് അലി അഹമ്മദ് അബു ഗാസി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും നടപടികൾ പൂർത്തിയാക്കുന്നതിനുള്ള സമയവും പരിശ്രമവും കുറയ്ക്കാനും പദ്ധതി സഹായിക്കും. സേവനാനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികൾക്കുള്ള സേവനങ്ങളെ ഒരൊറ്റ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നതിലൂടെ നടപടികൾ ഓട്ടോമേറ്റ് ചെയ്യാനും പ്രവർത്തനരീതികൾ മെച്ചപ്പെടുത്താനും സാധിക്കും. മത്സ്യബന്ധന മേഖലയുടെ നടത്തിപ്പും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും പദ്ധതി പിന്തുണ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘മർസ’യിലെ സേവനങ്ങൾ ഷാർജ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് ലഭ്യമാക്കുക. ഒരൊറ്റ അക്കൗണ്ട് ഉപയോഗിച്ച് മത്സ്യത്തൊഴിലാളികൾക്ക് വിവിധ അപേക്ഷകളും ഇടപാടുകളും കൈകാര്യം ചെയ്യാനാകും. ഒരേ രേഖകൾ ആവർത്തിച്ച് സമർപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള സമയം കുറയ്ക്കുക, ഓഫീസുകളിൽ നേരിട്ട് എത്തേണ്ടതിന്റെ ആവശ്യകത പരിമിതപ്പെടുത്തുക, മുഴുവൻ സമയവും സേവനങ്ങൾ ലഭ്യമാക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. മത്സ്യബന്ധന മേഖലയിലെ ആസൂത്രണത്തിനും വികസനത്തിനും തീരുമാനങ്ങൾ എടുക്കുന്നതിനും ആവശ്യമായ കൃത്യവും പുതുക്കിയതുമായ വിവരങ്ങളും സംവിധാനം നൽകും.
സാങ്കേതിക പിന്തുണ, പരിപാലനം, സംവിധാനം ഉപയോഗിക്കുന്നതിന് അതോറിറ്റി ജീവനക്കാർക്കുള്ള പരിശീലനം എന്നിവയും കരാറിൽ ഉൾപ്പെടുന്നു. പ്ലാറ്റ്ഫോമിന്റെ കാര്യക്ഷമമായ പ്രവർത്തനവും ഡിജിറ്റൽ സേവനങ്ങളുടെ തുടർച്ചയും ഉറപ്പാക്കുന്നതിനൊപ്പം ഭാവിയിലെ വികസനത്തിനും ഇവ സഹായിക്കും.
