അബുദാബി,ഒക്ടോബർ 22,2026: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ പ്രതിസന്ധികൾക്കിടയിലും ആരോഗ്യസേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുമായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) 2026–2031 കാലയളവിലേക്കുള്ള ദേശീയ പദ്ധതി പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും തടയുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതിയെ മാത്രമല്ല, മനുഷ്യരുടെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്ന പ്രശ്നമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ചൂടും ഈർപ്പവും കൂടുന്നത് അമിതമായ ചൂടുമൂലമുള്ള ക്ഷീണം, സൂര്യാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ഹൃദയത്തിനും ശ്വാസകോശത്തിനും കൂടുതൽ സമ്മർദമുണ്ടാക്കുകയും ചെയ്യും. പൊടിക്കാറ്റും മോശം വായുനിലവാരവും ആസ്ത്മയ്ക്ക് കാരണമാകുകയോ നിലവിലുള്ള രോഗാവസ്ഥകൾ വഷളാക്കുകയോ ചെയ്യാം.
കാലാവസ്ഥയിലെ മാറ്റങ്ങൾ ചില പകർച്ചവ്യാധികളുടെ വ്യാപനത്തെയും ബാധിക്കാം. അതേസമയം, അതിതീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾ ആശുപത്രികളുടെ പ്രവർത്തനം, മരുന്നുകളുടെയും മറ്റ് ചികിത്സാ ഉപകരണങ്ങളുടെയും ലഭ്യത, ചികിത്സാസേവനങ്ങളിലേക്കുള്ള പ്രവേശനം എന്നിവയെ തടസ്സപ്പെടുത്താം. ഇത്തരം സംഭവങ്ങൾ മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.രോഗം ബാധിച്ചശേഷം ചികിത്സ നൽകുന്ന രീതിയിൽനിന്ന് മാറി, ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് സമൂഹത്തെ ബാധിക്കുന്നതിനുമുമ്പ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന ആരോഗ്യസംവിധാനം വികസിപ്പിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അബുദാബിയിൽ നടന്ന ഫ്യൂച്ചർ ഹെൽത്ത് ഉച്ചകോടിയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ആരോഗ്യ-പ്രതിരോധ മന്ത്രി അഹമ്മദ് അലി അൽ സായെഗ്, കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയത്തിലെ ഹരിത വികസന-കാലാവസ്ഥാ വ്യതിയാന വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അലനൂദ് അബ്ദുല്ല അൽ ഹാജ്, ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഹുസൈൻ അൽ റന്ദ് എന്നിവരും വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം, ആരോഗ്യ അധികാരികൾ, പ്രത്യേക മേഖലകളിലെ പങ്കാളികൾ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കിയത്. ആരോഗ്യനയങ്ങളും പരിസ്ഥിതി നയങ്ങളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമാണിത്. യു.എ.ഇ ദേശീയ കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ പദ്ധതിയുമായും ഇത് പൊരുത്തപ്പെടുന്നു.
ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് മുൻഗണന
രാജ്യത്തിന്റെ നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് ജനങ്ങളുടെ സംരക്ഷണവും ജീവിതനിലവാരവും ആരോഗ്യസംവിധാനത്തിന്റെ കേന്ദ്രസ്ഥാനത്താണ് യു.എ.ഇ പരിഗണിക്കുന്നതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അഹമ്മദ് അലി അൽ സായെഗ് പറഞ്ഞു.കാലാവസ്ഥ മാറുന്നതിനനുസരിച്ച് ആരോഗ്യത്തിനുള്ള അപകടസാധ്യതകളും മാറുന്നു. ചൂട്, പൊടി, അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ എന്നിവ ജനങ്ങളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നതിനാൽ, ആളുകൾ രോഗബാധിതരാകുന്നതിനുമുമ്പ് ഈ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് സമൂഹത്തെ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥയുമായി ബന്ധപ്പെട്ട സംഭവങ്ങൾ ആരോഗ്യത്തെ ബാധിക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കാനും ആരോഗ്യസേവനങ്ങളെ അതിനായി സജ്ജമാക്കാനും ആവശ്യമായ വിവരങ്ങളും വിദഗ്ധപരിചയവും സ്ഥാപനങ്ങളെയും ഒരുമിപ്പിക്കുന്നതാണ് ഈ പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ ആരോഗ്യ, പരിസ്ഥിതി, ഗവേഷണ മേഖലകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ശാസ്ത്രീയ അറിവുകളെ ജനങ്ങളെ സംരക്ഷിക്കുന്ന പ്രതിരോധ നടപടികളാക്കി മാറ്റുകയും വേണം. യു.എ.ഇയുടെ അന്താരാഷ്ട്ര പ്രതിബദ്ധതകൾ നടപ്പാക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പദ്ധതി സഹായകമാകും. കാലാവസ്ഥയും ആരോഗ്യവും സംബന്ധിച്ച യു.എ.ഇയുടെ COP28 പ്രഖ്യാപനവും ഇതിൽ പ്രധാനമാണെന്ന് അൽ സായെഗ് പറഞ്ഞു.
ആറ് പ്രധാന ആരോഗ്യ മേഖലകൾക്ക് മുൻഗണന
യു.എ.ഇയിലെ ഉയരുന്ന താപനിലയും ഈർപ്പവും, പൊടിക്കാറ്റുകളും മറ്റ് കാലാവസ്ഥാ സംഭവങ്ങളും മനുഷ്യരുടെ ആരോഗ്യത്തിലും ആരോഗ്യസേവനങ്ങളിലും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും വിലയിരുത്തിയ ശേഷമാണ് പദ്ധതി തയ്യാറാക്കിയത്. ആറ് പ്രധാന മേഖലകളിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
* ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ: താപനിലയും ഈർപ്പവും ഉയരുമ്പോൾ ഉണ്ടാകുന്ന അമിതചൂടുമൂലമുള്ള ക്ഷീണം, സൂര്യാഘാതം തുടങ്ങിയവ.
* ഹൃദയസംബന്ധമായ രോഗങ്ങൾ: അതിതീവ്രമായ ചൂട് ഹൃദയത്തിന് അധിക സമ്മർദമുണ്ടാക്കുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ.
* ശ്വാസകോശ രോഗങ്ങൾ: പൊടിയും മോശം വായുനിലവാരവും മൂലമുണ്ടാകുന്ന രോഗങ്ങളും നിലവിലുള്ള രോഗാവസ്ഥകളുടെ വഷളാകലും.
* ജീവികളുടെ വാഹകരിലൂടെ പകരുന്ന രോഗങ്ങൾ: കൊതുകുകൾ പോലുള്ള പ്രാണികളിലൂടെ പകരുന്ന രോഗങ്ങൾ. കാലാവസ്ഥയിലെ മാറ്റങ്ങൾ ഇവയുടെ വ്യാപനരീതിയെ ബാധിക്കാം.
* ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങൾ: ഉയർന്ന താപനില ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷയെ ബാധിക്കുമ്പോൾ വർധിക്കാവുന്ന രോഗങ്ങൾ.
* മാനസികാരോഗ്യം: അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ മൂലമുണ്ടാകുന്ന സമ്മർദവും ജീവിതത്തിലെ തടസ്സങ്ങളും മാനസികാരോഗ്യത്തെ ബാധിക്കുന്നത്.
ഓരോ അപകടസാധ്യതയ്ക്കും അനുയോജ്യമായ പ്രതിരോധ നടപടികൾ വികസിപ്പിക്കുന്നതിനും രോഗവ്യാപനത്തിലെ മാറ്റങ്ങളും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളും നേരത്തേ തിരിച്ചറിയുന്നതിനും ഈ മുൻഗണനാ മേഖലകൾ സഹായിക്കും.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ള ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനും ആരോഗ്യസ്ഥാപനങ്ങളെ മാറിവരുന്ന ആവശ്യങ്ങൾ നേരിടാൻ സജ്ജമാക്കുന്നതിനും പദ്ധതിയിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.
നേരത്തെയുള്ള മുന്നറിയിപ്പുകളും സജ്ജമായ ആരോഗ്യസ്ഥാപനങ്ങളും
ജനങ്ങൾക്ക് സ്വയം സംരക്ഷണം ഉറപ്പാക്കാനും പ്രതിസന്ധികളിലും ചികിത്സാസേവനങ്ങൾ തുടർന്നും ലഭ്യമാക്കാനും സഹായിക്കുന്ന പ്രായോഗിക നടപടികൾക്കാണ് പദ്ധതി ഊന്നൽ നൽകുന്നത്.
* ചൂടിനെയും വായുനിലവാരത്തെയും കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പുകൾ: അപകടകരമായ സാഹചര്യങ്ങളുമായി സമ്പർക്കത്തിലാകുന്നതിനു മുമ്പ് ജനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സഹായിക്കും.
* പ്രതിസന്ധികളെ നേരിടാൻ സജ്ജമായ ആരോഗ്യസ്ഥാപനങ്ങൾ: ആരോഗ്യസേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ശക്തമായ മരുന്ന്-ചികിത്സാ വിതരണ ശൃംഖലകളും ഏകോപിത അടിയന്തര പദ്ധതികളും ഉറപ്പാക്കും.
കാലാവസ്ഥയെ ആശ്രയിച്ച് വ്യാപനത്തിൽ മാറ്റമുണ്ടാകാവുന്ന രോഗങ്ങളെ നിരീക്ഷിക്കുന്ന സംവിധാനങ്ങൾ വികസിപ്പിക്കുക, ആരോഗ്യവിവരങ്ങളും പരിസ്ഥിതി വിവരങ്ങളും കൂടുതൽ ഫലപ്രദമായി സംയോജിപ്പിക്കുക എന്നിവയും നടപ്പാക്കലിന്റെ പ്രധാന ഭാഗങ്ങളാണ്. ഇതിലൂടെ അപകടസാധ്യതയുടെ ആദ്യ സൂചനകൾ തിരിച്ചറിയാനും രോഗവ്യാപനത്തിലും ചികിത്സാ ആവശ്യങ്ങളിലും ഉണ്ടാകാവുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ട് ആരോഗ്യസേവനങ്ങളെ തയ്യാറാക്കാനും കഴിയും. ആദ്യഘട്ടത്തിൽ അതിതീവ്ര ചൂട്, വായുനിലവാരം, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, അവശ്യ ആരോഗ്യസേവനങ്ങളുടെ തുടർച്ച എന്നിവയ്ക്കാണ് മുൻഗണന. കാലാവസ്ഥാ പ്രതിസന്ധികൾ നേരിടാൻ തയ്യാറെടുപ്പില്ലാത്തത് സാമ്പത്തികവും മറ്റ് വിഭവങ്ങളുമായി ബന്ധപ്പെട്ടതുമായ നഷ്ടങ്ങൾക്കു പുറമേ തടയാനാകുന്ന രോഗങ്ങൾക്കും ചികിത്സാസേവനങ്ങളുടെ തടസ്സങ്ങൾക്കും കാരണമാകുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. അതിനാൽ, പ്രതിസന്ധി ഉണ്ടായശേഷം ആരോഗ്യസംവിധാനം എത്രത്തോളം ഫലപ്രദമായി പ്രതികരിക്കുന്നു എന്നതിലുപരി, പ്രതിസന്ധി ഉണ്ടാകുന്നതിനുമുമ്പ് എത്രത്തോളം ആരോഗ്യപ്രശ്നങ്ങൾ തടയാൻ കഴിയുന്നു എന്നതും പദ്ധതിയുടെ വിജയത്തിന്റെ മാനദണ്ഡമായിരിക്കും.
ആരോഗ്യപ്രവർത്തകരുടെ ശേഷി വർധിപ്പിക്കും
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അപകടസാധ്യതാ വിലയിരുത്തലുകളെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന പ്രായോഗിക നടപടികളാക്കി മാറ്റാൻ പദ്ധതി സഹായിക്കുമെന്ന് പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഹുസൈൻ അൽ റന്ദ് പറഞ്ഞു. ആരോഗ്യപ്രവർത്തകരുടെ കഴിവുകൾ വികസിപ്പിക്കുക, പ്രത്യേക മേഖലകളിലെ ഗവേഷണം വിപുലീകരിക്കുക, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ് മെച്ചപ്പെടുത്തുക, ആരോഗ്യസ്ഥാപനങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. അടുത്ത ഘട്ടത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനത്തിനും കൃത്യമായ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണനാ നടപടികൾ നടപ്പാക്കുന്നതിനുമാകും ശ്രദ്ധ നൽകുക. ഇതിലൂടെ ആരോഗ്യസേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാനും കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള ജനവിഭാഗങ്ങളെ സംരക്ഷിക്കാനും രാജ്യത്തുടനീളമുള്ള ആരോഗ്യപ്രതികരണത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘വി ദി യു.എ.ഇ 2031’ ദേശീയ കാഴ്ചപ്പാടിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും മാറുന്ന കാലാവസ്ഥയുടെ ആരോഗ്യപ്രത്യാഘാതങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന ആരോഗ്യസംവിധാനം ഉറപ്പാക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നത്.
