അബുദാബി, ഒക്ടോബർ 22, 2026 : അടുത്ത തലമുറ ചികിത്സാരീതികളെ ഗവേഷണത്തിൽനിന്ന് രോഗീപരിചരണത്തിലേക്ക് എത്തിക്കുന്നതിനുള്ള നാല് മുൻഗണനകൾ അവതരിപ്പിച്ച് ‘ഫ്യൂച്ചർ ഹെൽത്ത് – എ ഗ്ലോബൽ ഇനിഷ്യേറ്റീവ് ബൈ അബുദാബി’. പിഡബ്ല്യുസി ശൃംഖലയുടെ ഭാഗമായ സ്ട്രാറ്റജി ആൻഡ് മിഡിൽ ഈസ്റ്റുമായി സഹകരിച്ചാണ് പുതിയ വൈറ്റ് പേപ്പർ പുറത്തിറക്കിയത്.
ജനിതകശാസ്ത്രം, ആരോഗ്യവിവരങ്ങൾ, ക്ലിനിക്കൽ ഗവേഷണം, നിയന്ത്രണ സംവിധാനങ്ങൾ, വിദഗ്ധ ചികിത്സ എന്നിവയിലെ അബുദാബിയുടെ ശേഷികളെ കൂടുതൽ ഏകോപിപ്പിക്കാനുള്ള മാർഗങ്ങളാണ് വൈറ്റ് പേപ്പർ മുന്നോട്ടുവെക്കുന്നത്. ‘ദ ഫ്യൂച്ചർ ഓഫ് തെറപ്പ്യൂട്ടിക്സ്: ഹൗ അബുദാബി കാൻ ഹെൽപ് ട്രാൻസ്ലേറ്റ് ദ നെക്സ്റ്റ് ജനറേഷൻ ഓഫ് സയൻസ് ഇൻടു പേഷ്യന്റ് കെയർ’ എന്നാണ് ഇതിന്റെ പേര്.
ശാസ്ത്രീയ മുന്നേറ്റങ്ങളെ വികസിപ്പിക്കാനും ഫലപ്രാപ്തി പരിശോധിക്കാനും രോഗികൾക്ക് വിശ്വസനീയമായി ലഭ്യമാക്കാനും കഴിയുന്ന ചികിത്സകളാക്കി മാറ്റുന്നതിൽ ആരോഗ്യ–ജീവശാസ്ത്ര മേഖലകൾക്ക് വഹിക്കാനാകുന്ന പങ്കാണ് വൈറ്റ് പേപ്പർ പരിശോധിക്കുന്നത്.
ജനസംഖ്യാതല ജനിതകപഠനം, ജൈവസാമ്പിളുകൾ സൂക്ഷിക്കുന്ന ബയോബാങ്കുകൾ, ദീർഘകാല ആരോഗ്യരേഖകൾ, ക്ലിനിക്കൽ ഗവേഷണം, നിയന്ത്രണ സംവിധാനങ്ങൾ, വിദഗ്ധ പരിചരണം എന്നിവയിലെ അബുദാബിയുടെ വളരുന്ന ശേഷികൾ ഇതിൽ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുത്ത ചികിത്സാ പദ്ധതികൾക്കായി ഈ സംവിധാനങ്ങളെ കൂടുതൽ അടുത്ത് ബന്ധിപ്പിക്കാനുള്ള സാധ്യതകളും വിലയിരുത്തുന്നു.
കോശ–ജീൻ ചികിത്സാ മേഖലയിൽ വലിയ വളർച്ചയ്ക്ക് സാധ്യത
വൈറ്റ് പേപ്പറിനായി സ്ട്രാറ്റജി ആൻഡ് നടത്തിയ വിശകലനപ്രകാരം, ചെറുതന്മാത്രാ മരുന്നുകളും ആന്റിബോഡി അധിഷ്ഠിത മരുന്നുകളും 2033 വരെ ചികിത്സാവിപണിയിലെ ഏറ്റവും വലിയ വിഭാഗങ്ങളായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കോശ–ജീൻ ചികിത്സകളുടെയും ആർഎൻഎ/ഡിഎൻഎ അധിഷ്ഠിത ചികിത്സകളുടെയും വിപണി നിലവിലെ തോതിൽനിന്ന് ഏകദേശം ഏഴ് മുതൽ എട്ട് മടങ്ങ് വരെ വളരുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ, പ്രത്യേക രോഗങ്ങളെ കേന്ദ്രീകരിച്ച് മുൻഗണന നിശ്ചയിച്ചുള്ള ചികിത്സാശേഷി വികസനമാണ് വൈറ്റ് പേപ്പർ നിർദേശിക്കുന്നത്.
ജനിതകശാസ്ത്രം, ജീനുകൾക്കൊപ്പം പ്രോട്ടീനുകളും മറ്റ് ജൈവഘടകങ്ങളും സംയോജിപ്പിച്ച് പഠിക്കുന്ന മൾട്ടി-ഓമിക്സ്, നിർമിതബുദ്ധി എന്നിവ രോഗങ്ങൾക്ക് പിന്നിലെ പ്രവർത്തനരീതികൾ മനസ്സിലാക്കാൻ ഗവേഷകരെ സഹായിക്കുന്നു. കൂടുതൽ കൃത്യമായി രോഗിവിഭാഗങ്ങളെ തിരിച്ചറിയാനും ഇവ പ്രയോജനപ്പെടുന്നു.
മനുഷ്യരിലെ ജനിതക തെളിവുകളുടെ പിന്തുണയുള്ള ജൈവപ്രവർത്തനരീതികളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാവികസനത്തിന്, അത്തരം പിന്തുണയില്ലാത്തവയെക്കാൾ ക്ലിനിക്കൽ വികസനത്തിൽ വിജയസാധ്യത ഏകദേശം 2.6 മടങ്ങാണെന്ന് വൈറ്റ് പേപ്പറിൽ ഉദ്ധരിക്കുന്ന ഗവേഷണം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യജീവശാസ്ത്രത്തെ അടിസ്ഥാനമാക്കി മരുന്നുകൾ വികസിപ്പിക്കുന്നതിന്റെ സാധ്യതയാണ് ഇത് വ്യക്തമാക്കുന്നത്.
കൃത്യതയേറിയ ചികിത്സകൾക്ക് അനുയോജ്യമായ സംവിധാനങ്ങളും വേണം
രോഗികളുടെ ജൈവസവിശേഷതകൾക്കനുസരിച്ച് ചികിത്സകൾ കൂടുതൽ കൃത്യമാകുമ്പോൾ അവയെ പിന്തുണയ്ക്കുന്ന സംവിധാനങ്ങളിലും മാറ്റം ആവശ്യമാണെന്ന് വൈറ്റ് പേപ്പർ വ്യക്തമാക്കുന്നു.
ചെറിയതും പ്രത്യേക ജൈവസവിശേഷതകളുള്ളതുമായ രോഗിവിഭാഗങ്ങൾക്കായി പുതിയ ക്ലിനിക്കൽ പരീക്ഷണരീതികൾ, പ്രത്യേക ചികിത്സാ അടിസ്ഥാനസൗകര്യങ്ങൾ, ഏകോപിതമായ നിയന്ത്രണ–ചികിത്സാ ലഭ്യതാ സംവിധാനങ്ങൾ എന്നിവ ആവശ്യമായി വരാം. ചികിത്സയ്ക്കുശേഷവും ഫലങ്ങളെക്കുറിച്ചുള്ള തെളിവുകൾ തുടർച്ചയായി ശേഖരിക്കേണ്ടതുണ്ട്.
ശാസ്ത്രീയ മുന്നേറ്റങ്ങൾ രോഗങ്ങളെ മനസ്സിലാക്കാനും കൂടുതൽ കൃത്യതയുള്ള ചികിത്സകൾ വികസിപ്പിക്കാനും പുതിയ വഴികൾ തുറക്കുകയാണെന്ന് അബുദാബി ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. നൂറ ഖമീസ് അൽ ഗൈതി പറഞ്ഞു. ഈ പുരോഗതി രോഗികൾക്ക് വ്യക്തമായ ഗുണഫലങ്ങൾ നൽകുന്ന ചികിത്സകളാക്കി മാറ്റുകയാണ് അടുത്ത ദൗത്യം.
ജനിതകശാസ്ത്രം, ആരോഗ്യവിവരങ്ങൾ, ക്ലിനിക്കൽ ഗവേഷണം, വിദഗ്ധ പരിചരണം എന്നിവയിൽ അബുദാബി ശക്തമായ അടിത്തറ ഒരുക്കിയിട്ടുണ്ട്. ഈ ശേഷികളെ കൂടുതൽ ഏകോപിപ്പിച്ചും ആഗോള പങ്കാളികളുമായി സഹകരിച്ചും ശാസ്ത്രീയ കണ്ടെത്തലുകളിൽനിന്ന് രോഗീപരിചരണത്തിലേക്കുള്ള വഴി കൂടുതൽ സുഗമമാക്കാനാകുമെന്നും അവർ വ്യക്തമാക്കി. പ്രതീക്ഷ നൽകുന്ന ചികിത്സകൾ അർഹരായ രോഗികളിലേക്ക് എത്തിക്കുന്നതിനൊപ്പം ഭാവിയിലെ ചികിത്സാരീതികളെ രൂപപ്പെടുത്തുന്നതിനുള്ള തെളിവുകളും ശേഖരിക്കാനാകും.
ജനിതകവിവരങ്ങളെ ചികിത്സാ തീരുമാനങ്ങളുമായി ബന്ധിപ്പിക്കാം
ജനിതകപഠന പരിപാടിയുടെ വലിപ്പം മാത്രമല്ല അബുദാബിയുടെ പ്രത്യേകതയെന്ന് വൈറ്റ് പേപ്പർ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യയിലെ പ്രത്യേക ജനിതക വ്യത്യാസങ്ങളെ ചികിത്സയ്ക്ക് പ്രയോജനപ്പെടുന്ന വിവരങ്ങളാക്കി മാറ്റാനുള്ള ശേഷിയും പ്രധാനമാണ്.
ജനിതക–ബയോബാങ്ക് വിവരങ്ങളെ ദീർഘകാല ആരോഗ്യരേഖകൾ, ക്ലിനിക്കൽ പരീക്ഷണ സൗകര്യങ്ങൾ, വിദഗ്ധ ചികിത്സ എന്നിവയുമായി ബന്ധിപ്പിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുക. ചികിത്സ ലക്ഷ്യമിടേണ്ട ജൈവഘടകങ്ങൾ കണ്ടെത്തുന്നതിലും അനുയോജ്യരായ രോഗികളെ കൃത്യമായി തിരിച്ചറിയുന്നതിലും ചികിത്സാഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലും കൈവരിക്കുന്ന നേട്ടങ്ങളായിരിക്കും പുരോഗതിയുടെ അളവുകോൽ.
ക്ലിനിക്കൽ ഗവേഷണത്തിൽ ഈ മേഖലയ്ക്ക് ചരിത്രപരമായി കുറഞ്ഞ പ്രാതിനിധ്യമാണുണ്ടായിരുന്നതെന്നതും ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വർധിപ്പിക്കുന്നു.
രോഗങ്ങളെ മനസ്സിലാക്കുന്നതുമുതൽ രോഗികളെ തിരിച്ചറിയുക, ചികിത്സ നൽകുക, തുടർനിരീക്ഷണം നടത്തുക എന്നിവവരെ കൂടുതൽ കൃത്യതയിലേക്ക് മാറുകയാണെന്ന് സ്ട്രാറ്റജി ആൻഡ് മിഡിൽ ഈസ്റ്റ് പാർട്ണർ ഇർഫാൻ മെറാലി പറഞ്ഞു. ആരോഗ്യവിവരങ്ങൾ, ഗവേഷണം, വിദഗ്ധ പരിചരണം എന്നിവയിലെ കരുത്ത് ഉപയോഗിച്ച് ജനിതകശാസ്ത്രത്തിലും നൂതന ചികിത്സകളിലും പ്രവർത്തിക്കുന്ന കമ്പനികളെ ആകർഷിക്കാനും പിന്തുണയ്ക്കാനും അബുദാബിക്ക് അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറ്റ് പേപ്പറിലെ നാല് മുൻഗണനകൾ
ജനിതകവിവരങ്ങളും ദീർഘകാല ആരോഗ്യരേഖകളും ഉപയോഗിച്ച് കൃത്യതാധിഷ്ഠിത ക്ലിനിക്കൽ പരീക്ഷണങ്ങൾ വിപുലപ്പെടുത്തുകയാണ് ആദ്യ മുൻഗണന.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം അനുയോജ്യരായ രോഗികൾക്ക് നിയന്ത്രിത സംവിധാനങ്ങളിലൂടെ നൂതന ചികിത്സകൾ ലഭ്യമാക്കാനുള്ള വ്യക്തമായ നടപടിക്രമങ്ങൾ രൂപപ്പെടുത്തുന്നതാണ് രണ്ടാമത്തേത്.
അബുദാബിക്ക് ശാസ്ത്രീയമായോ ചികിത്സാപരമായോ കരുത്തുള്ള മേഖലകളിൽ ചികിത്സാശേഷി കൂടുതൽ വികസിപ്പിക്കുകയാണ് മൂന്നാമത്തെ മുൻഗണന.
രോഗികളുടെ ദീർഘകാല ചികിത്സാഫലങ്ങൾ ഭാവിയിലെ ചികിത്സാ മാർഗനിർദേശങ്ങൾക്കും ചികിത്സാച്ചെലവ് തിരിച്ചുനൽകുന്നതിനുള്ള തീരുമാനങ്ങൾക്കും ഗവേഷണത്തിനും പ്രയോജനപ്പെടുത്തുന്നതാണ് നാലാമത്തേത്.
ആരോഗ്യമേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങളും പ്രായോഗിക സമീപനങ്ങളും പങ്കുവെക്കുന്ന ഫ്യൂച്ചർ ഹെൽത്തിന്റെ ‘അബുദാബി ബ്ലൂപ്രിന്റ്സ്’ പരമ്പരയുടെ ഭാഗമായാണ് വൈറ്റ് പേപ്പർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
