ദുബായ്,ഒക്ടോബർ 24,2026: ദുബായ്- ജലം, ഊർജം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച 28-ാമത് ‘വെറ്റെക്സ്’ (വാട്ടർ, എനർജി, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് എക്സിബിഷൻ) മേളയ്ക്ക് ഉജ്വല സമാപനം. ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുത്ത പ്രദർശനത്തിൽ യുഎഇയുടെ അടിസ്ഥാന സൗകര്യ, ഊർജ വികസന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി മലയാളി സ്ഥാപനമായ ആസാ ഗ്രൂപ്പിന്റെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ 17 വർഷമായി വെറ്റെക്സിൽ സജീവ സാന്നിധ്യമായ കമ്പനി, പശ്ചിമേഷ്യൻ പ്രാദേശിക വെല്ലുവിളികൾക്കും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കുമിടയിലും തങ്ങളുടെ വളർച്ചയും സന്നദ്ധതയും വ്യക്തമാക്കിയാണ് ഇത്തവണയും മേളയിൽ തിളങ്ങിയത്.
ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാലിഹ് ചന്ദനപ്പറമ്പിലിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ നിർമാണം, അടിസ്ഥാന സൗകര്യ വികസനം, ഊർജം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ആസാ ഗ്രൂപ്പ് ബഹുദൂരം മുന്നേറുകയാണ്. പ്രകൃതിവിഭവങ്ങൾ സംരക്ഷിച്ചുള്ള സുസ്ഥിര വികസന മാതൃകകൾക്കാണ് കമ്പനി ഊന്നൽ നൽകുന്നത്. മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ ഗ്രൂപ്പിന്റെ നിർമാണ പ്രവർത്തനങ്ങളെയോ പ്രധാന പദ്ധതികളുടെ നിർവഹണത്തെയോ ബാധിച്ചിട്ടില്ലെന്നും യുഎഇയുടെ ദീർഘകാല വികസന ലക്ഷ്യങ്ങൾക്ക് കരുത്തേകി പ്രവർത്തനങ്ങൾ തുടരുകയാണെന്നും സിഇഒ ഫാരിസ് അബൂബക്കർ പറഞ്ഞു.
ഇത്തിഹാദ് റെയിൽ, ഫുജൈറ തുറമുഖ വികസനത്തിൽ പങ്കാളിത്തം
യുഎഇയുടെ തന്ത്രപ്രധാനമായ പദ്ധതികളിൽ ഒന്നായ ഇത്തിഹാദ് റെയിലുമായി സഹകരിച്ച് ഫുജൈറ തുറമുഖവുമായി ബന്ധപ്പെട്ട റെയിൽവേ വികസനത്തിൽ നിർണായക പങ്കുവഹിക്കാൻ ആസ ഗ്രൂപ്പിന് കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി നിലവിലുള്ള പാതകളുടെ വിപുലീകരണവും അധിക പാതകളുടെ നിർമാണവും കൃത്യമായ ആസൂത്രണത്തോടെയും സാങ്കേതിക വൈദഗ്ധ്യത്തോടെയും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി. ഇതിന് ഇത്തിഹാദ് റെയിലിന്റെയും ബന്ധപ്പെട്ട സർക്കാർ അധികൃതരുടെയും പ്രത്യേക അഭിനന്ദനവും കമ്പനിക്ക് ലഭിച്ചു. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെയുള്ള ചരക്കുനീക്കത്തിനും ലോജിസ്റ്റിക്സ് ശൃംഖലയുടെ വികസനത്തിനും ഫുജൈറ തുറമുഖബന്ധം ശക്തിപ്പെടുത്തുന്നതിനും ഈ റെയിൽവേ പാത ഏറെ സഹായകരമാണ്.
രാജ്യത്തിന്റെ ഊർജ മേഖലയിൽ പങ്കാളിത്തം ശക്തമാക്കിക്കൊണ്ട് ടിഎക്യുഎയുടെ കീഴിൽ വലിയൊരു കേബിൾ സ്ഥാപിക്കൽ പദ്ധതിയും ആസാ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഖസാന ഡാറ്റാ സെന്ററിന്റെ വലിയ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 33 കെവി ശൃംഖലയിൽ 128 കിലോമീറ്റർ ദൈർഘ്യത്തിൽ കേബിളുകൾ വിന്യസിക്കുന്ന പദ്ധതിയാണിത്. ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിനും ഡാറ്റാ സെന്ററുകൾക്കും വലിയ ഊന്നൽ നൽകുന്ന യുഎഇയിൽ, ഇത്തരം പദ്ധതികൾ ഊർജ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നു.
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) ഉൾപ്പെടെയുള്ള വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പദ്ധതികളിൽ സജീവമായ കമ്പനിക്ക് മിഡിൽ ഈസ്റ്റിലും കേരളത്തിലും ശക്തമായ ബിസിനസ് സാന്നിധ്യമുണ്ട്. നിർമാണം, അടിസ്ഥാന സൗകര്യ വികസനം, ഊർജം, സാങ്കേതികവിദ്യ, സ്റ്റീൽ ഫാബ്രിക്കേഷൻ, ഫെസിലിറ്റി മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലായി 7,000-ത്തിലേറെ ജീവനക്കാരാണ് ഗ്രൂപ്പിന് കീഴിൽ സേവനമനുഷ്ഠിക്കുന്നത്. 1,500-ലേറെ വൻകിട പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയ കമ്പനിക്ക് പദ്ധതി നിർവഹണത്തിനായി 500-ലേറെ വാഹനങ്ങളും യന്ത്രോപകരണങ്ങളും 60,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സ്റ്റീൽ ഫാക്ടറി യാർഡ് സൗകര്യങ്ങളുമുണ്ട്. പവർ ഡിവിഷൻ ഡയറക്ടർ റൻജോദ് സിങ്, ബിസിനസ് ഡെവലപ്മെൻ്റ് ഡയറക്ടർ അറഫാത്ത് എന്നിവരും പങ്കടുത്തു.
